തിരുവനന്തപുരം: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എം എൽ എയുടെ വിശദീകരണം വളരെ പ്രധാനപ്പെട്ടതാണെന്നും അതിനായി കോൺഗ്രസ് നേതൃത്വം കാത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽദോസിനെ ഇന്നലെയും ഇന്നുമായി പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും വി ഡി സതീശൻ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

എൽദോസുമായി സംബന്ധിച്ച എല്ലാ സ്ഥലങ്ങളിലും അദ്ദേഹം കെ പി സി സിയെ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. സ്ത്രീപക്ഷ നിലപാടായിരിക്കും പാർട്ടി സ്വീകരിക്കുകയെന്നത് ചിന്തൻ ശിബിരത്തിൽ എടുത്ത തീരുമാനമാണ്. എൽദോസ് കുന്നപ്പിള്ളിലുമായി ബന്ധപ്പെട്ട ആക്ഷേപം ഉയരുമ്പോഴും പാർട്ടി ഈ നിലപാടിൽതന്നെ ഉറച്ചുനിൽക്കുകയാണ്.കേസിനെ പ്രതിരോധിക്കുന്നതിനായി ഒരു മാർഗങ്ങളും തേടിയിട്ടില്ല. എൽദോസിൽ നിന്ന് വിശദീകരണം വേണമെന്ന് മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും, ഗൗരവത്തോടെയാണ് വിഷയത്തെ നോക്കിക്കാണുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, എൽദോസ് കുന്നപ്പിള്ളിക്കെതിരെ കെ പി സി സി കടുത്ത നടപടിക്കൊരുങ്ങുകയാണെന്നാണ് വിവരം. സസ്‌പെൻഷൻ അടക്കം പരിഗണനയിലുണ്ടെന്നാണ് സൂചന. എന്നാൽ എം എൽ എയുടെ വിശദീകരണം ലഭിച്ചതിന് ശേഷം മാത്രം നടപടിയെടുക്കാനാണ് കെ പി സി സിയുടെ തീരുമാനം. അദ്ധ്യാപികയുടെ പരാതിയിൽ എം എൽ എയ്ക്കെതിരെ ബലാത്സംഗക്കുറ്റം കൂടി ചുമത്തിയതോടെയാണ് കെ പി സി സി നിലപാട് കടുപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here