
രാജേഷ് തില്ലങ്കേരി
പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പള്ളി വലിയൊരു പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കയാണ്. ഒരു യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയാണ് കുന്നപ്പള്ളിയെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. യുവതിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും , കാറിൽവച്ച് മർദ്ദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. ഗുരുതരമായ ആരോപണങ്ങളാണ് എൽദോസ് കുന്നപ്പള്ളി എം എൽ എയെ കുരുക്കിലാക്കിയിരിക്കുന്നത്. ബലാൽസംഗ കേസ്
ഉയർന്നപ്പോൾ പൊലീസ് അന്വേഷിക്കട്ടെ എന്നു പറഞ്ഞ് രക്ഷപ്പെട്ട കുന്നപ്പള്ളി, പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ മുങ്ങിയിരിക്കയാണ്. കുന്നപ്പള്ളി എവിടെയെന്ന് കെ പി സി സി ക്കോ, ഡി സി സിക്കോ, എന്തിനേറെ പെരുമ്പാവൂരിലെ കോൺഗ്രസുകാർക്കോ അറിയില്ല. കോൺഗ്രസിനെ വലിയ പ്രതിസന്ധിയിൽ തള്ളിവിട്ടിരിക്കയാണ് എൽദോസ് കുന്നപ്പള്ളിയെന്ന യുവ നേതാവ്.
കെ പി സി സി അധ്യക്ഷൻ കെ സുധാകരനും , പ്രതിപക്ഷനേതാവ് വി ഡി സതീശനും എൽദോസിനെ തള്ളിയിരിക്കയാണ്. ഒളിവിൽ പാർക്കുന്ന എം എൽ എ ഈ മാസം 20 നുള്ളിൽ വിശദീകരണം നൽകണമെന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ അറിയിപ്പ്. സമയപരിധിക്കുള്ളിൽ മറുപടി ഇല്ലെങ്കിൽ കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് കത്തിലെ മുന്നറിയിപ്പ്. ഒളിവിൽ പോയ എം എൽ എയെ കൈവിട്ട് മുഖം രക്ഷിക്കാനാണ് കോൺഗ്രസിന്റെ നീക്കം.
പെരുമ്പാവൂർ എംഎൽഎക്കെതിരായ ബലാത്സഗംക്കേസിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം കടുത്ത സമ്മർദ്ദത്തിലാണ്. എൽദോയുടെ കേസിൽ എന്താണ് സംഭവിച്ചതെന്ന് മുതിർന്ന നേതാക്കൾക്ക് ഒരറിവുമില്ല. പീഡനപരാതി ഉയർന്ന ശേഷം എൽദോസ് നേതാക്കളോട് സംസാരിച്ചിട്ടേയില്ല. വിശദീകരണം തേടിയ നടപടി എന്നതാണ് പാർട്ടി രീതി. പക്ഷേ സാങ്കേതികത്വം പറഞ്ഞ് നടപടി നീളുന്നതിൽ പാർട്ടി സംശയ നിഴലിലായതോടെയാണ് മറുപടിക്ക് സമയപരിധി നിശ്ചയിച്ചത്.
പാർട്ടിയിൽ നിന്നും സസ്‌പെൻഷൻ അല്ലെങ്കിൽ കെപിസിസി അംഗത്വത്തിൽ നിന്നും പുറത്താക്കൽ ആണ് ആലോചനയിലുള്ള ശിക്ഷാ നടപടി. എൽദോയെ പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ എംഎൽഎ സ്ഥാനം നഷ്ടമാകുമെന്നതിനാൽ അത് നിലവിൽ പരിഗണിക്കുന്നില്ല.
നേരത്തെ മറ്റൊരു പീഡനപരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ എം വിൻസെൻറ് എംഎൽഎയെ കെപിസിസി സെക്രട്ടറി സ്ഥാനത്തു നിന്നും നേതൃത്വം മാറ്റിയിരുന്നു. എന്നാൽ വിൻസെൻറ് എല്ലാകാര്യങ്ങളും പാർട്ടിയോട് വിശദീകരിച്ചും പാർട്ടി നേതൃത്വത്തിന്റെ അറിവോടെയുമാണ് കാര്യങ്ങൾ നീക്കിയത്. എന്നാൽ എൽദോസിനെ ഫോണിൽ പോലും കിട്ടാത്തതാണ് നേതാക്കളെ കുഴക്കുന്നത്. കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാതെ എൽദോസ് ഒളിവിൽ പോയതും നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
നേരത്തെ എൽദോസ് ഒരു ചടങ്ങിൽ നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത് വന്നപ്പോൾ ഇത്തരം പെരുമാറ്റങ്ങൾ പാടില്ലെന്ന് കെ പി സി സി നേതൃത്വം എൽദോസിനെ കർശനമായി താക്കീത് ചെയ്തിരുന്നുവെന്നാണ് സൂചന.
അതിനിടെ എൽദോസ് കുന്നപ്പിള്ളിലിൻറെ രാജി പരസ്യമായി ആവശ്യപ്പെടാതെ സി പി എം തന്ത്രപൂർവ്വമായ നീക്കമാണ് നടത്തുന്നത്. വൈകാതെ എംഎൽഎയുടെ രാജി കോൺഗ്രസ് തന്നെ ചോദിച്ചുവാങ്ങുമെന്നാണ് സി പി എമ്മിന്റെ നിഗമനം. എം എൽ എ യുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ തീരുമാനം ഉണ്ടാവും, കോടതിയുടെ തീരുമാനം അനുകൂലമല്ലെങ്കിൽ എൽദോസിന് പൊലീസിൽ കീഴടങ്ങേണ്ടിവരും. ഇതോടെ രാജിയും അനിവാര്യമായിത്തീരും. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് നഷ്ടമാവാനുള്ള സാധ്യതയും നേതൃത്വം ഭയത്തോടെയാണ് വീക്ഷിക്കുന്നത്. എൽ ഡി എഫിന്റെ 100 എന്ന സ്വപ്‌നം തൃക്കാക്കരയിൽ പൊലിഞ്ഞതാണ്. അത് പെരുമ്പാവൂരിൽ പൂർത്തീകരിക്കാനാവുമെന്ന നിഗമനത്തിലാണ് സി പി എം നേതൃത്വം. എൽദോസ് കുന്നപ്പള്ളി രാജിവെക്കേണ്ടി വരുമെന്നതിനാൽ ഇപ്പോൾ തന്ത്രപരമായ നിലപാടെടുക്കാനാണ് സിപിഎം തീരുമാനം.