തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും സംഘാംഗങ്ങളുടേയും വിദേശയാത്രയിൽ കുടുംബാംഗങ്ങൾ ഒപ്പം വന്നതിൽ അനൗചിത്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാത്രയുടെ നേട്ടങ്ങൾ വിശദീകരിച്ചിട്ടും കുടുംബാംഗങ്ങൾ ഒപ്പം വന്നതിനെ സംബന്ധിച്ച ചോദ്യമുണ്ടായത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശയാത്രയെ വെറും ഉല്ലാസ യാത്രമാത്രമായി ഒതുക്കാനാണ് മാധ്യമങ്ങളുടെ ശ്രമം.

എന്നാൽ മാധ്യമങ്ങളുടെ പ്രചാരണം ഏശിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശയാത്ര സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ വിമർശനം ചൂണ്ടിക്കാട്ടിയപ്പോൾ ആ നിലവാരത്തിലേക്ക് മാധ്യമങ്ങൾ താഴരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

 

ലക്ഷ്യമിട്ടതിനേക്കാൾ നേട്ടം വിദേശ യാത്രകൊണ്ട് സംസ്ഥാനത്ത് ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ മുന്നോട്ടുപോക്ക് ലക്ഷ്യംവെച്ചാണ് യാത്ര പ്ലാൻ ചെയ്തതെന്നും ഇവയെല്ലാം പൂർത്തിയാക്കാൻ സാധിച്ചെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിദേശ യാത്ര കഴിഞ്ഞെത്തിയ ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ലോക കേരളസഭ മേഖല സമ്മേളനത്തിൽ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തെന്നും, സമ്മേളനത്തിൽ ഉരുതിരിഞ്ഞ നിര്‍ദേശങ്ങൾ ലോകകേരള സഭയിൽ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് കുടിയേറ്റം സാധ്യമാകാൻ നോര്‍‍ക്ക വഴി അവസരമൊരുക്കും. ഇതിനായി ധാരണാപത്രം ഒപ്പു വച്ചു. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്‍റെ അംഗീകാരം ഇതിനുണ്ട്. 3000 ഒഴിവുകളിലേക്ക് അടുത്ത മാസം മലയാളികൾക്ക് ഇതിലൂടെ അവസരം ഒരുങ്ങും. ആരോഗ്യ പ്രവർത്തകർക്ക് യു.കെയിലേക്കുള്ള കുടിയേറ്റം എളുപ്പമാക്കാൻ ചർച്ചകളുണ്ടായി. ആരോഗ്യയിതര മേഖലകളിൽ ഉള്ളവർക്കും യു.കെ. കുടിയേറ്റം സാധ്യമാകും. നവംബറിൽ യു.കെ. എംപ്ലോയിമെന്‍റ് ഫെസ്റ്റ് സംഘടിപ്പിക്കും -മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here