നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തില്‍ അന്തരിച്ചു. 52 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. രാവിലെ ഉണരാത്തതിനെത്തുടര്‍ന്ന് മക്കള്‍ വന്നു വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. സംസ്‌കാരം പിന്നീട്.

ഇതിനു മുന്‍പ് നിരവധി തവണ മരണത്തില്‍ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് തടത്തില്‍. രക്താര്‍ബുധം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നു.

27 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ പതിനൊന്നര വര്‍ഷത്തെ സജീവ പത്രപ്രവര്‍ത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. അമേരിക്കയില്‍ എത്തിയതിനു ശേഷം നിരവധി പത്രങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ് നിലവില്‍ കേരളാ ടൈംസിന്റെ ചീഫ് എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.

ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവര്‍ സ്വദേശിയായ ഫ്രാന്‍സിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളില്‍ പത്താമനാണ്. ഭാര്യ: നെസ്സി തടത്തില്‍ (അക്യൂട്ട് കെയര്‍ നേഴ്സ് പ്രാക്ടീഷണര്‍). മക്കള്‍: ഐറീന്‍ എലിസബത്ത് തടത്തില്‍, ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍.

സഹോദരങ്ങള്‍: വിക്ടോറിയ തടത്തില്‍ (എറണാകുളം), ലീന തടത്തില്‍ (കോഴിക്കോട്), വില്യം തടത്തില്‍ (യുകെ), ഹാരിസ് തടത്തില്‍ (ബെംഗളുരു), മരിയ തടത്തില്‍ (തൊടുപുഴ), സിസ്റ്റര്‍ കൊച്ചുറാണി (ടെസി- ജാര്‍ക്കണ്ഡ്), അഡ്വ. ജോബി തടത്തില്‍ (കോഴിക്കോട്), റോമി തടത്തില്‍ (കോടഞ്ചേരി), റെമ്മി തടത്തില്‍ (ഏറ്റുമാന്നൂര്‍), മഞ്ജു ആഗ്നസ് തടത്തില്‍ (യുഎസ്).

വിട പറഞ്ഞ പ്രീയപ്പെട്ട ചീഫ് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തിലിന് കേരളാടൈംസ് കുടുംബത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന ആദരാജ്ഞലികള്‍…

LEAVE A REPLY

Please enter your comment!
Please enter your name here