ഇരിങ്ങാലക്കുട: ഓണ്‍ലൈനിലൂടെ വ്യാപകമായി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയെ ജാര്‍ഖണ്ഡില്‍നിന്ന് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ധന്‍ബാദ് സ്വദേശി അജിത്കുമാര്‍ മണ്ഡലി(22)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം.

 

എസ്.ബി.ഐ. അക്കൗണ്ട് ബ്ലോക്കായതിനാല്‍ കെ.വൈ.സി. വിവരങ്ങള്‍ ഒരു ലിങ്കിലൂടെ അപ്ഡേറ്റ് ചെയ്യണമെന്ന എസ്.എം.എസ്. സന്ദേശമായിരുന്നു തുടക്കം. വ്യാജസന്ദേശമാണെന്ന് അറിയാതെ ലിങ്കില്‍ ക്ലിക്ക് ചെയ്തു. എസ്.ബി.ഐ.യുടേതെന്ന് തോന്നിപ്പിക്കുന്ന വെബ് സൈറ്റില്‍ വിവരങ്ങളും ഒ.ടി.പി.കളും അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് ഇടപാടുകളിലൂടെ 40,000 രൂപ നഷ്ടപ്പെട്ടപ്പോഴാണ് പരാതിക്കാരി റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേക്ക് പരാതി നല്‍കിയത്.

 

തട്ടിപ്പുകള്‍ക്കായി അമ്പതില്‍പ്പരം സിംകാര്‍ഡുകളും ഇരുപത്തിയഞ്ചോളം മൊബൈല്‍ ഫോണുകളും ഉപയോഗിച്ചിരുന്നു. ഒരിക്കല്‍ ഉപയോഗിച്ച ഫോണും സിം നമ്പറും പിന്നീട് ഉപയോഗിക്കാറില്ല. പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, മണി വാലറ്റുകള്‍, ഇ- കോമേഴ്സ് അക്കൗണ്ടുകള്‍ തുടങ്ങിയവ ഏറെക്കാലമായി നിരീക്ഷിക്കുകയായിരുന്നു. ലിങ്കിന്റെ വിവരങ്ങളും ശേഖരിച്ച് ഒരു വര്‍ഷത്തോളം നിരീക്ഷിച്ചശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

 

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു തോമസ്, ജില്ല ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പി. പി.സി. ഹരിദാസ്, ഇരിങ്ങാലക്കുട സൈബര്‍ ക്രൈം ഇന്‍സ്പക്ടര്‍ ബി.കെ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സൈബര്‍ ക്രൈം സബ് ഇന്‍സ്പക്ടര്‍ വി. ഗോപികുമാര്‍, ജില്ലാ ക്രൈം ബ്രാഞ്ച് അസി. സബ് ഇന്‍സ്പക്ടര്‍ പി.പി. ജയകൃഷ്ണന്‍, സി.പി.ഒ.മാരായ നെഷ്റു എച്ച്.ബി., അജിത്ത്കുമാര്‍ കെ.ജി. എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിലെ പ്രധാനിയാണ് അറസ്റ്റിലായ അജിത്കുമാറെന്ന് ഡി.വൈ.എസ്.പി. പറഞ്ഞു. പ്രതി തട്ടിപ്പിനായി ഉപയോഗിച്ചുവന്നിരുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളുടെ വിവരം പോലീസ് ശേഖരിക്കാനൊരുങ്ങുകയാണ്. ഈ കേസില്‍ കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്.


13 ആഡംബരവീടുകള്‍, ഏക്കറുകണക്കിന് കല്‍ക്കരി ഖനി

ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ അജിത്കുമാര്‍ മണ്ഡലിന് ബെംഗളൂരുവിലും ഡല്‍ഹിയിലുമായി സ്വന്തമായി 13 ആഡംബരവീടുകള്‍. ധന്‍ബാദിലെ തുണ്ടി എന്ന സ്ഥലത്ത് നാലേക്കറോളം സ്ഥലവും ജാര്‍ഖണ്ഡില്‍ ഏക്കറുകളോളം കല്‍ക്കരി ഖനികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് രണ്ട് പേഴ്സണല്‍ അക്കൗണ്ടുകളും വെസ്റ്റ് ബംഗാള്‍ വിലാസത്തില്‍ 12 ബാങ്ക് അക്കൗണ്ടും ഉണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ട സ്ഥലങ്ങളാണ് ജാര്‍ഖണ്ഡ്. സംസ്ഥാനത്തെ ജാംതര, ഗിരിഡി, രകാസ്‌കുട്ടോ, തുണ്ടി എന്നീ സ്ഥലങ്ങളില്‍ ഭൂരിഭാഗവും ഗ്രാമീണരാണെങ്കിലും തട്ടിപ്പ് നടത്തുന്നവര്‍ പ്ലസ്ടു വരെ പഠിച്ചിട്ടുള്ളവരാണ്. ചിലര്‍ ബി.ടെക് തുടങ്ങിയ സാങ്കേതിക കോഴ്സുകളും പഠിച്ചിട്ടുണ്ട്. സൈബര്‍ വാലകള്‍ എന്നറിയപ്പെടുന്ന, ആഡംബര സൗകര്യങ്ങളില്‍ ജീവിക്കുന്ന ഇവരെക്കുറിച്ച് ഗ്രാമവാസികള്‍ക്ക് വ്യക്തമായി അറിയാമെങ്കിലും പേടിമൂലം പുറത്തുപറയാറില്ലെന്ന് പോലീസ് പറയുന്നു.

പ്രതിയെ പിടികൂടാന്‍ സഹായിച്ചത് കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയും ജാര്‍ഖണ്ഡിലെ ജില്ലാ പോലീസ് മേധാവിയുമായ രേഷ്മ രമേഷിന്റെ ഇടപെടലാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി റൂറല്‍ സൈബര്‍ ക്രൈം പോലീസ് സംഘം പുറപ്പെട്ട സമയത്ത് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്രേ രേഷ്മാ രമേഷിനെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചിരുന്നു.

പ്രശ്നബാധിത പ്രദേശമായതിനാല്‍ കേരള പോലീസിനെ സഹായിക്കാന്‍ ജാര്‍ഖണ്ഡിലെ സൈബര്‍ പോലീസ് അടക്കമുള്ള സംഘങ്ങള്‍ സ്ഥലത്തുണ്ടായിരുന്നു. രണ്ട് സംസ്ഥാനങ്ങളിലേയും പോലീസിന്റെ സംയുക്തനീക്കം പ്രതിയെ പിടികൂടാന്‍ സഹായിച്ചതായി ഡിവൈ.എസ്.പി. പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here