തിരുവനന്തപുരം: ഗവര്‍ണര്‍ പദവി റബര്‍ സ്റ്റാമ്പല്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. ലോകായുക്ത നടത്തിയ ലോകായുക്താ ദിനാചരണത്തില്‍ സംസ്ഥാന നിയമമന്ത്രി പി. രാജീവിനെ വേദിയിലിരുത്തിയാണ് തമിഴ്‌നാട് ഗവര്‍ണറുടെ പരാമര്‍ശം. ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാന്‍ ഗവര്‍ണര്‍ ഇടപെടുമെന്നും ആര്‍.എന്‍. രവി പറഞ്ഞു.

സംസ്ഥാനത്ത് ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് രൂക്ഷമായിരിക്കെയാണ് തമിഴ്‌നാട് ഗവര്‍ണറെ പങ്കെടുപ്പിച്ച് ലോകായുക്ത ദിനാചരണം നടത്തിയത്. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ക്കെതിരേ ചൊവ്വാഴ്ച രാജ്ഭവന്‍ മാര്‍ച്ച് നടത്തിയിരുന്നു. അതേദിവസം തന്നെയാണ് സി.പി.എമ്മും മുന്നണിയും കേരളാ ഗവര്‍ണര്‍ക്കെതിരേ ഉന്നയിക്കുന്നതിന് സമാന ആരോപണങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരും ഉന്നയിക്കുന്ന ആര്‍.എന്‍. രവിയുമായി പി. രാജീവ് വേദി പങ്കിടുന്നത്. രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഡി.എം.കെ. പ്രതിനിധി തിരുച്ചി ശിവ എം.പി. കടുത്ത വിമര്‍ശനമായിരുന്നു ഇരുസംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്കുമെതിരേ ഉന്നയിച്ചത്.

നിയമസഭ പാസാക്കിയ ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന ബില്ലില്‍ ഇതുവരേയും ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ കൂടിയാണ് ആര്‍.എന്‍. രവിയുടെ പരാമര്‍ശം. ഒരു ബില്‍ ഒപ്പിടാതിരിക്കണമെങ്കില്‍ അതിന് ചില കാരണങ്ങളുണ്ട്. സുപ്രീംകോടതി അത് വ്യക്തമാക്കിയതാണ്. ലോകായുക്ത പോലെയുള്ള സംവിധാനങ്ങള്‍ തകരാതെ നോക്കേണ്ടത് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്നും തമിഴ്‌നാട് ഗവര്‍ണര്‍ വേദിയില്‍ പറഞ്ഞു.

അതേസമയം, ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും യോഗ്യനാണ് എന്ന് തോന്നിയതുകൊണ്ടാണ് ആര്‍.എന്‍. രവിയെ പരിപാടിയുടെ ഉദ്ഘാടകനായി ക്ഷണിച്ചതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിശദീകരണം നല്‍കി. മന്ത്രി പി. രാജീവിന് പുറമേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here