തിരുവനന്തപുരം∙ ലോക്സഭയിലേക്കാണോ നിയമസഭയിലേക്കാണോ ഇനി മത്സരിക്കുകയെന്ന് സമയമാകുമ്പോള്‍ പറയാമെന്ന് ശശി തരൂര്‍ എംപി. നാടിനെക്കുറിച്ചു ചില ചിന്തകള്‍ എനിക്കുണ്ട്. പാര്‍ട്ടി ചോദിച്ചാല്‍ അപ്പോള്‍ പറയും. പാര്‍ട്ടി ചോദിച്ചില്ലെങ്കില്‍ അവ ജനങ്ങളിലെത്തിക്കാന്‍ അറിയാമെന്നും തിരുവനന്തപുരത്ത് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് വിമാനത്തില്‍ വച്ച് സംസാരിക്കാനായില്ലെന്നും തരൂര്‍ പറഞ്ഞു. ‘‘സീറ്റുകള്‍ അടുത്തായിരുന്നില്ല. വി.ഡി.സതീശനെ കണ്ടപ്പോള്‍ ‘ഹലോ’ എന്നു പറഞ്ഞു. എന്‍എസ്എസ് മന്നം ജയന്തി പരിപാടിയിലേക്കു ക്ഷണിച്ചത് അഭിമാനകരമാണ്. എന്‍എസ്എസുമായി നല്ലബന്ധം ആര്‍ക്കാണ് ഗുണം ചെയ്യുക?. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഞാൻ ബഹുമാനിക്കുന്ന സമുദായ നേതാവാണ്’’– അദ്ദേഹം പറഞ്ഞു.

എല്ലാവരെയും ഒരുമിച്ചു നിർത്തി രാജ്യ പുരോഗതിക്കും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കുക എന്നതാണ് തന്റെ രാഷ്ട്രീയ ദൗത്യമെന്നു കോഴിക്കോട് കുന്നമംഗലത്ത് മർകസിൽ വിദ്യാർഥികളുമായി സംവദിക്കവെ അദ്ദേഹം പറഞ്ഞു. ‘‘കാന്തപുരം ഉസ്താദിന്റെ മനസും മനോഭാവവും അറിയാൻ കഴിഞ്ഞ ഒരാളാണ് ഞാൻ. കശ്മീർ മുതൽ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന മർകസ് സ്ഥാപനങ്ങളും വിദ്യാർഥികളും രാജ്യത്തിനും സമൂഹത്തിനും വേണ്ടി സേവനം ചെയ്യുമെന്നാണ് എന്റെ വിശ്വാസം’’– അദ്ദേഹം പറഞ്ഞു.

‘‘ഭരണഘടനയിലൂടെ, ഡോ. അംബേദ്‌കർ ആഗ്രഹിച്ചതുപോലെ എല്ലാവിഭാഗം ജനങ്ങൾക്കും സന്തോഷത്തോടെ വസിക്കാൻ സാധിക്കുന്ന ഇന്ത്യക്കു വേണ്ടിയാവണം നമ്മുടെ പ്രവർത്തനം. എല്ലാ ജാതിമത വിഭാഗങ്ങളെയും ഒന്നായിക്കാണുന്ന സമീപനം ഉണ്ടാകുമ്പോഴേ സമുദായങ്ങൾക്കിടയിൽ സാഹോദര്യം ഉണ്ടാവൂ. എങ്കിലേ രാജ്യത്തിന് ഒന്നാമതെത്താൻ കഴിയൂ’’– അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here