
കണ്ണൂർ: തലശ്ശേരി ഇരട്ട കൊലപാതകത്തിലേയ്ക്ക് നയിച്ചത് ലഹരി വിൽപ്പന ചോദ്യം ചെയ്തതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമാണെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാംപ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് നേരത്തേ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷാബിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത് എന്ന് കരുതിയായിരുന്നു ആക്രമണമെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കൊലപാതകത്തിലെ ഏഴ് പ്രതികളെയും തലശ്ശേരി സെഷൻസ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. പ്രതികളുമായി കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ഷമീറിനെയും ഖാലിദിനെയും കുത്തിക്കൊല്ലാനുപയോഗിച്ച കത്തിയാണ് പ്രധാന തെളിവ്. മൂന്നാം പ്രതി സന്ദീപിന്റെ ഷോപ്പിനടുത്തുള്ള വീടിന് സമീപത്ത് നിന്നാണ് കത്തി കണ്ടെത്തിയത്. വീടിനടുത്തെ കുറ്റിക്കാട്ടിൽ പേപ്പറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. വീടിനടുത്ത് നിന്ന് അൽപം മാറി ആളൊഴിഞ്ഞയിടത്ത് നിർത്തിയിട്ട നിലയിലായിരുന്നു ഓട്ടോറിക്ഷ. ആയുധവും ഓട്ടോറിക്ഷയും ഉപേക്ഷിച്ച് കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് സാഹസികമായി പാറായി ബാബുവിനെ കീഴ്പ്പെടുത്തിയത്. വളരെ ആസൂത്രിതമായ കൊലപാതകമാണ് തലശ്ശേരിയിലേതെന്നാണ് പൊലീസിന്റെ നിഗമനം.