ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എം പിയെ കുറ്റവിമുക്തനാക്കിയതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹ‌ർജി നൽകി ഡൽഹി പൊലീസ്. ഫെബ്രുവരി ഏഴിന് ഹ‌ർജിയിൽ വിശദമായ വാദം കേൾക്കും.

2014 ജനുവരി 17നാണ് ഡൽഹിയിലെ ലീലാ പാലസ് ഹോട്ടലിൽ സുനന്ദ പുഷ്‌കറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസിൽ ഭർത്താവ് ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ആത്മഹത്യാ പ്രേരണ, ഗാർഹികപീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തമെന്ന് ഡൽഹി പൊലീസ് വിചാരണ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാലിതിന് ആവശ്യമായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി റോസ് അവന്യൂ കോടതിയിലെ പ്രത്യേക സിബിഐ ജഡ്‌ജി ഗീതാജ്ഞലി ഗോയൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കി. ഇതിനെതിരെയാണ് ഡൽഹി പൊലീസ് ഹൈക്കോടതിയിൽ ഹർ‌ജി നൽകിയത്.

ഡൽഹി പൊലീസിന്റെ ഹ‌ർജിയ്ക്ക് പിന്നാലെ ജഡ്‌ജി ദിനേശ് കുമാർ ശർമ്മ നോട്ടീസ് അയച്ചു. അതേസമയം, കേസുമായി ബന്ധമില്ലാത്ത മറ്റാർക്കും ഹ‌‌ർജിയ‌ുടെ പകർ‌പ്പ് കൈമാറരുതെന്ന ശശി തരൂരിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു. തരൂരിന് വേണ്ടി സീനിയർ അഭിഭാഷകൻ വിനോദ് പഹ്‌വയാണ് ഹാജരായത്. ഹ‌ർ‌ജിയുടെ പക‌ർപ്പ് തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നും തരൂരിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here