കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളില്‍ സംസ്ഥാന വ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ റെയ്ഡ്. ഇന്നു പുലര്‍ച്ചെ മുതലാണ് 56 കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കളെ ലക്ഷ്യമിട്ടാണ് പരിശോധന. നേതാക്കളുടെ വീടുകളിലും ബന്ധുവീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

ഡല്‍ഹിയില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥരും കേരളത്തിലെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കൊച്ചിയിലും മൂവാറ്റുപുഴയിലും കോട്ടയത്തും ഈരാറ്റുപേട്ടയിലും പത്തനംതിട്ട കുലശേഖരപെട്ടയില്‍ പരിശോധന നടക്കുന്നുണ്ട്. മൊബൈല്‍ ഫോണുകളും പ്രസിദ്ധീകരണങ്ങളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. പത്തനംതിട്ടയില്‍ മുഹമ്മദ് റാഷിദിന്റെ വീട്ടിലാണ് പരിശോധന. മുന്‍ സംസ്ഥാന കമ്മിറ്റിയംഗം നിസാറിന്റെ വീട്ടിലും പരിശോധന നടക്കുന്നു.

 

തിരുവനന്തപുരത്ത് തോന്നയ്ക്കലും നെടുമങ്ങാടുമാണ് റെയ്ഡ്. തൃശൂരില്‍ കേച്ചേരിയിലും ചാവക്കാടും പരിശോധന നടക്കുന്നുണ്ട്. മൂവാറ്റുപുഴയില്‍ മുന്‍ സംസ്ഥാന നേതാക്കളുടെ വീടുകളിലാണ് റെയ്ഡ്. ആലപ്പുഴയില്‍ അരൂര്‍, പുന്നപ്ര, എടത്വ, കായംകുളം എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നു.

കൊല്ലത്ത് കരുനാഗപ്പള്ളിയലും ചക്കുവള്ളിയിലും പരിശോധന നടക്കുന്നുണ്ട്. കോട്ടയത്ത് ഈരാറ്റുപേട്ടയിലും കാഞ്ഞിരപ്പള്ളിയിലുമാണ് പ്രധാനമായും പരിശോധന.

വടക്കന്‍ ജില്ലയിലും വ്യാപകമായ പരിശോധനയാണ്. കോഴിക്കോട് മാവൂര്‍, നാദാപുരം എന്നിവിടങ്ങളിലും മലപ്പുറത്ത് നാലിടത്തും പരിശോന നടക്കുന്നു. മഞ്ചേരി, വളാഞ്ചേരി, കോട്ടയ്ക്കലുമാണ് പരിശോധന. മണ്ണാര്‍ക്കാട് ജില്ലാ നേതാവ് നാസര്‍ മൗലവിയുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നുണ്ട്. കണ്ണൂരില്‍ മുന്‍ ജില്ലാ നേതാവ് മുസാഫിര്‍ പൂവളപ്പിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നുണ്ട്. വയനാട്ടില്‍ മാനന്തവാടിയില്‍ മാത്രം അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here