പാര്‍ലമെന്റില്‍ പിന്‍വാതിലില്‍ കൂടി എത്തുന്നതുപോലെ നിയമസഭയിലും എത്താന്‍ സംവിധാനമുണ്ടാകണം. ജനങ്ങളുടെ മനസ്സില്‍ ഇടമില്ലാത്തവര്‍, തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നവര്‍ക്ക് നിയമസഭയില്‍ എത്തണമെങ്കില്‍ ഇതല്ലാതെ മാര്‍ഗമില്ല. മറ്റ് ചില സംസ്ഥാനങ്ങളില്‍ എംഎല്‍സികള്‍ ഉള്ളതുപോലെ കേരളത്തിലും ഒരു എംഎല്‍സി വേണമെന്ന് ഭരണഘടന ഭേദഗതി ആവശ്യപ്പെടും

പാലാ: പാലാ നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച് സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ പാര്‍ട്ടി പാര്‍ലമെന്ററി നേതാവ് എന്ന നിലയില്‍ നടത്തിയ പ്രസംഗത്തിലാണ് ജോസ് കെ.മാണിയെ കടന്നാക്രമിച്ച് ബിനു രംഗത്തെത്തിയത്. ഇന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചതിയുടെ ദിനമാണ്. അണികളെ ബോധ്യപ്പെടുത്താനെങ്കിലും തന്റെ പാര്‍ട്ടിക്ക് ആ ചതിക്ക് കൂട്ടുനില്‍ക്കാതിരിക്കാമായിരുന്നു. ജോസ് കെ.മാണി പതിനായിരക്കണക്കിന് വോട്ടിന് പാലായില്‍ പരാജയപ്പെട്ട ആളാണ്. തോറ്റ ജോസ് ഇനി പാലായില്‍ മത്സരിക്കേണ്ട എന്ന് സിപിഎം പറഞ്ഞാല്‍ എന്തുചെയ്യും. ജോസ് .കെ മാണിക്ക് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ്.

പാര്‍ലമെന്റില്‍ പിന്‍വാതിലില്‍ കൂടി എത്തുന്നതുപോലെ നിയമസഭയിലും എത്താന്‍ സംവിധാനമുണ്ടാകണം. ജനങ്ങളുടെ മനസ്സില്‍ ഇടമില്ലാത്തവര്‍, തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നവര്‍ക്ക് നിയമസഭയില്‍ എത്തണമെങ്കില്‍ ഇതല്ലാതെ മാര്‍ഗമില്ല. മറ്റ് ചില സംസ്ഥാനങ്ങളില്‍ എംഎല്‍സികള്‍ ഉള്ളതുപോലെ കേരളത്തിലും ഒരു എംഎല്‍സി വേണമെന്ന് ഭരണഘടന ഭേദഗതി ആവശ്യപ്പെടാന്‍ താന്‍ നഗരസഭയില്‍ പ്രമേയം കൊണ്ടുവരുമെന്നും ബിനു നഗരസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

 

തന്റെ ചെയര്‍മാന്‍ സ്ഥാനം തെറിപ്പിച്ചതില്‍ ജോസ് കെ.മാണിയുടെ ഇടപെടല്‍ പകല്‍ പോലെ വ്യക്തമാണെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അത് പ്രത്യേകിച്ച് പരിശോധിക്കേണ്ടതില്ല.
പാലായിലേയും കോട്ടയത്തേയും പാര്‍ട്ടി നേതൃത്വം ആലോചിച്ചാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഏക അംഗവും ജനറല്‍ കൗണ്‍സിലില്‍ ഏക പുരുഷ അംഗവും 20 വര്‍ഷത്തിലേറെ കൗണ്‍സില്‍ അംഗമായുള്ള പാരമ്പര്യവും പരിഗണിച്ചാണ് തീരുമാനം.

ജോസ് കെ.മാണിക്ക് വൈരാഗ്യത്തിന് കാരണം അദ്ദേഹത്തോട് ചോദിക്കണം. അദ്ദേഹം മത്സരിച്ചപ്പോഴേല്ലാം അഹോരാത്രം പണിയെടുത്ത ആളാണ് താന്‍. സ്വന്തം വാര്‍ഡില്‍ പോലും അദ്ദേഹം പിന്നില്‍ പോയപ്പോള്‍ താന്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡില്‍ മുന്നില്‍ വന്നു. തന്നോട് മാത്രമല്ല, പിതാവിനോട്് ഒപ്പം പ്രവര്‍ത്തിച്ചവരോടും ഇതാണ് ജോസ് കെ.മാണിയുടെ സമീപനം.
കലഹിക്കുന്ന രാഷ്ട്രീയ ശൈലിയാണ് അദ്ദേഹത്തിന്റെത്. അതിന്റെ ഫലമായിരിക്കാം തന്നോട് കാണിച്ചത്. ഓരോ തവണയും ഭൂരിപക്ഷം കൂട്ടികൊണ്ടുവരുന്ന തന്നോട് ഇത്തരമൊരു സമീപനം സ്വീകരിച്ചത് രാഷ്ട്രീയ അസഹിഷ്ണുതയുടെ, വൈരാഗ്യത്തിന്റെ ഭാഗമാണ്.

താന്‍ ഒരു കേരള കോണ്‍ഗ്രസ് അംഗത്തെ മര്‍ദ്ദിച്ചതാണ് വിരോധത്തിന് കാരണമെന്ന വാദം തെറ്റാണ്. തന്റെ സീറ്റിന്റെ അടുത്തുവന്ന് ഒരു കൗണ്‍സിലര്‍ പ്രകോപനത്തോടെ സംസാരിക്കുകയും കൈവീശിയടിക്കുകയും ചെയ്തു. സ്വഭാവികമായും ഒരു പാലാക്കാരനെന്ന നിലയില്‍ താനും തിരിച്ചുപ്രതികരിച്ചു.

അതിനു ശേഷം പല വേദികളിലും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. അപ്പോഴൊന്നും ഈ വിരോധം പ്രകടിപ്പിച്ചിട്ടില്ല. ജോസ് കെ.മാണി ഇരട്ട വ്യക്തിത്വമുള്ള ആളായി പലപ്പോഴും തോന്നിയിട്ടുണ്ട്. സമീപകാല രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്ത സിപിഎം നേതൃത്വം ജോസ് കെ.മാണിയുടെ സഭാവ വൈകല്യം മനസ്സിലാക്കി കാണും. അതുകൊണ്ടായിരിക്കാം പാര്‍ട്ടി നേതൃത്വം നിലപാട് മാറ്റിയത്.

പ്രതിഷേധത്തിന്റെ ഭാഗമായല്ല കറുപ്പ് ധരിച്ചത്. വ്യക്തിപരമായി നേരിട്ട തിരിച്ചടിയുടെ ചതിയുടെ ഓര്‍മ്മയ്ക്ക് ആണ് കറുപ്പ് അണിഞ്ഞത്. കറുപ്പ് പ്രതിഷേധത്തിന്റെ നിറം അല്ല. കറുപ്പിന് പല അര്‍ത്ഥങ്ങളുണ്ട്. പാര്‍ട്ടി തീരുമാനത്തെ നൂറുശതമാനം അനുസരിക്കുമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.

നിയമസഭയിലൊന്നും ഓട് പൊളിച്ച് കയറാന്‍ പറ്റില്ല. ജോസ്‌കെ.മാണിക്ക് മാത്രമല്ല, തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നവര്‍ക്കൊക്കെ നിയമസഭയില്‍ ഇരിക്കാന്‍ എംഎല്‍സി പോലെയുള്ള സംവിധാനം കൊണ്ടുവരണമെന്നാണ് താന്‍ പറയുന്നത്. -അദ്ദേഹം പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here