കൊച്ചി: കഴിഞ്ഞ മൂന്നു ദശകത്തിനിടെ പതിനൊന്ന് വിഭാഗങ്ങളില്‍പ്പെട്ട ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്വന്തമാക്കിയ കൊച്ചി തോപ്പുംപടി സ്വദേശി രാധാമണിയമ്മ (72) എന്ന ഡ്രൈവറമ്മ ദേശീയശ്രദ്ധയിലേയ്ക്ക്. ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യയുടെ ഒമ്പതാം സീസണില്‍ ഈ വരുന്ന വ്യാഴാഴ്ച (ജനുവരി 26) രാത്രി 8-ന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് രാധമാണിയമ്മയുടെ അവിശ്വസനീയമായ നേട്ടങ്ങള്‍ ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ പോകുന്നത്. അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരുടെ അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാര്‍ത്ഥ കഥകള്‍ അവതരിപ്പിക്കുന്ന പരമ്പരയാണ് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യ.

11 വിഭാഗങ്ങളിലും പെട്ട ഡ്രൈവിംഗ് ലൈസന്‍സുകളുള്ള ഇന്ത്യയിലെ ഏകവനിത എന്ന നേട്ടമാണ് ജെ. രാധാമണിയെ വ്യത്യസ്തയാക്കുന്നത്. എക്‌സ്‌കവേറ്ററുകള്‍, ബുള്‍ഡോസറുകള്‍, ക്രെയിനുകള്‍, റോഡ് റോളറുകള്‍ എന്നിവയുള്‍പ്പെടുന്ന മിക്കവാറും എല്ലാത്തരം വാഹനങ്ങളും ഓടിക്കുന്നതിനുള്ള ലൈസന്‍സാണ് ഈ പ്രായത്തിനിടെ രാധാമണിയമ്മ സ്വന്തമാക്കിയിരിക്കുന്നത്. 1988ലായിരുന്നു ഭര്‍ത്താവിന്റെ പിന്തുണയോടെ തന്റെ ഈ താല്‍പ്പര്യത്തിനു പിന്നാലെയുള്ള രാധാമണിയമ്മയുടെ യാത്ര ആരംഭിക്കുന്നത്. ഇന്ന് അപകടരമായ വസ്തുക്കള്‍ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് വരെ എത്തിനില്‍ക്കുന്നു ആ ദിഗ്വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here