കൊച്ചി: ചേരാ‌നെല്ലൂരില്‍ അഞ്ചുതരം ലഹരിമരുന്നുമായി ഗര്‍ഭിണിയടക്കം മൂന്നുപേര്‍ പിടിയില്‍. ആലുവ സ്വദേശികളായ സനൂപ്, നൗഫല്‍, അപര്‍ണ എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളികകള്‍ എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ചികിത്സയ്ക്കെന്ന വ്യാജേന ഇടപ്പള്ളിയിലെ ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ലഹരി വില്‍പ്പന നടത്തിയിരുന്നത്.

രണ്ടാഴ്ചയോളമായി ഇവർ മുറിയെടുത്തിട്ട്. ഇതിനിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. 7.45 ഗ്രാം എംഡിഎംഎ, 2.37 ഗ്രാം ഹാഷിഷ് ഓയിൽ, ആറ് എൽഎസ്ഡി സ്റ്റാമ്പുകൾ ,നൈട്രോ സ്പാം ഗുളികകൾ, 48 ഗ്രാം കഞ്ചാവ്‌ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. പ്രതികളുടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്ക് ലഹരി വസ്തുക്കൾ എത്തിച്ച് നൽകിയത്, ഇവർ വില്പന നടത്തിയത് ആർക്കൊക്കെ എന്നും സൂചന ലഭിച്ചിട്ടുണ്ട്. മൂവരെയും പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. ചേരാനെല്ലൂർ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

 

ഡിസിപിയുടെ നിര്‍ദേശമനുസരിച്ച് കൊച്ചിയിലെ ഹോട്ടലുകളിലും ഓയോ റൂമുകളിലും നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. ലഹരിമാഫിയ സംഘങ്ങള്‍ വര്‍ധിച്ചുവരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലിലും പരിശോധന നടത്തിയത്. അപര്‍ണക്കെതിരെ ഇതിന് മുന്‍പും സമാന കേസുകളില്‍ പ്രതിയായിരുന്നുവെന്നും സനൂപ് മോഷണ, വധശ്രമ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here