
ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ 5-ാമത് പതിപ്പിന് തുടക്കമായി, പ്രദര്‍ശനം നാളെ (ജനു 29 സമാപിക്കും)
കൊച്ചി: രാജ്യത്തെ ബോട്ട്, മറൈന്‍ വ്യവസായരംഗത്തെ പ്രമുഖ വ്യാവസായിക പ്രദര്‍ശനമായ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) അഞ്ചാമത് എഡിഷന്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവ് ഗ്രൗണ്ട്‌സില്‍ സംസ്ഥാന ഗതാഗത, മോട്ടോര്‍ വാഹന, ജലഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡ് അഡ്മിറല്‍ സൂപ്രണ്ട് റെയര്‍ അഡ്മിറല്‍ സുബിര്‍ മുഖര്‍ജി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കേരളാ മേഖലാ ഡിഐജി എന്‍ രവി, കേരളാ ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഫിക്കി കേരളാ ടാസ്‌ക് ഫോഴ്‌സ് എക്‌സ്‌പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ അലക്‌സ് കെ നൈനാന്‍, അഡ്വ. വി ജെ മാത്യു, നന്ദിത ജോസഫ്, സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ തരം ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍, എന്‍ജിനുകള്‍, കള നീക്കം ചെയ്യുന്നതിനും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനുമുള്ള ആളാവശ്യമില്ലാത്ത റിമോട്ട് കണ്‍ട്രോള്‍ഡ് ജലയാനങ്ങള്‍, വെള്ളത്തിനടിയില്‍ ആളില്ലാതെ പരിശോധന നടത്താവുന്ന ഉപകരണങ്ങള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, അനുബന്ധ സേവനദാതാക്കള്‍, വാട്ടര്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, തുടങ്ങി ഈ രംഗത്തെ വിവിധ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന 65ലേറെ സ്ഥാപനങ്ങളുടെ 115 സ്റ്റാളുകളാണ് മേളയിലുള്ളത്. രാവിലെ 11 മുതല്‍ 8 മണി വരെയാണ് പ്രദര്‍ശനസമയം. രാജ്യത്തെ ഏക ബോട്ട് ഷോ ആയ ഐബിഎംസിന് ഇക്കുറി 5000-ത്തിലേറെ ബിസിനസ് സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി ജോസഫ് കുര്യാക്കോസ് പറഞ്ഞു.
സംസ്ഥാന വ്യവസായ വകുപ്പ്, കെഎംആര്‍എല്‍, ഐഡബ്ല്യുഎഐ, കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി, കേരളാ ടൂറിസം, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഡിടിപിസി, മറൈനേഴ്‌സ് സൊസൈറ്റി – കേരള, ഐഎംയു, കുഫോസ്, സിഫ്റ്റ്,, കെ-ബിപ് എന്നിവയുടെ പിന്തുണയോടെയാണ് പ്രദര്‍ശനം നടക്കുന്നത്. ഈ മേഖലകളില്‍ കേരളത്തിലുള്ള, വിശേഷിച്ചും ബോട്ട് യാഡുകള്‍, ഉപകരണ നിര്‍മാതാക്കാള്‍ തുടങ്ങിയ, ചെറുകിട-ഇടത്തരം യൂണിറ്റുകളെ (എസ്എംഇ) പങ്കെടുപ്പിച്ച് കെ-ബിപ് സംഘടിപ്പിക്കുന്ന 20 സ്റ്റാളുകളുടെ ഇന്‍ഡസ്ട്രി പവലയിയനും ഈ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളെ അണിനിരത്തുന്ന കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കുസും) പവലിയനും മേളയിലുണ്ട്.
പായല്‍ നിര്‍മാര്‍ജനം, എണ്ണ, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യല്‍, 200 കിലോവരെയുള്ള ചരക്കു ഗതാഗതം എന്നിവയ്ക്ക് ഉപയോഗിക്കാവുന്നതും ആളില്ലാതെ പ്രവര്‍ത്തിക്കുന്നതുമായ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ക്ലിയര്‍ബോട് ബ്രാന്‍ഡിലുള്ള ഇലക്ട്രിക് ബോട്ടാണ് മേളയിലെ ആകര്‍ഷണങ്ങളിലൊന്ന്. ബംഗളൂരുവിലെ ജിഗാനി ഇന്‍ഡസ്ട്രിയല്‍ ഏരിയില്‍ നിര്‍മിക്കുന്ന ക്ലിയര്‍ബോട്ടുകള്‍ക്ക് കേരളത്തില്‍ വന്‍സാധ്യതകളാണ് കാണുന്നതെന്ന് സ്റ്റാര്‍ട്ടപ്പ് സ്ഥാപകനും സിഇഒയുമായ സിദ്ധാന്ത് ഗുപ്ത പറഞ്ഞു. വില്‍പ്പനയേക്കാളുപരി മെയിന്റനന്‍സ്, പ്രവര്‍ത്തനം ഉള്‍പ്പെടെ പ്രതിമാസം ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വാടക ഈടാക്കുന്ന പാക്കേജാണ് കമ്പനി മുന്നോട്ടുവെയ്ക്കുന്നത്. കളമശ്ശേരിയിലെ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐറോവിന്റെ റിമോട്‌ലി ഓപ്പറേറ്റഡ് വെഹ്ക്കിളുകള്‍ക്കും ഏറെ അന്വേഷണങ്ങളുണ്ട്. ജോണ്‍സ് ടി മത്തായി, കണ്ണപ്പ പളനിയപ്പന്‍ എന്നിവര്‍ സ്ഥാപകരമായ കമ്പനിയുടെ ആറ് വര്‍ഷത്തിനിടെ 50ലേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ആളില്ലാതെ വെള്ളത്തിനിടിയില്‍ വിവിധ തരം പരിശോനകള്‍ക്ക് ഉപയോഗിക്കാവുന്ന ട്യൂണ എന്നു പേരിട്ടിട്ടുള്ള ആര്‍ഒവിക്ക് 2 നോട്ട വരെ ആഴത്തില്‍ എത്താനാകും. പാലങ്ങള്‍, അണക്കെട്ടുകള്‍, വലിയ കപ്പലുകള്‍, പ്രതിരോധം തുടങ്ങിയ വിവിധ മേഖലകളിലാണ് ട്യൂണയുടെ ഉപയോഗം. 25 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെയാണ് വില നിലവാരം. വിശാഖപട്ടണത്തു നിന്നുള്ള സെയ്ഫ് സീസ് എന്ന സ്ഥാപനത്തിന്റെ ലൈഫ് എന്ന ജീവന്‍രക്ഷാ ഉപകരണത്തിനും കേരളത്തില്‍ വന്‍സാധ്യതകളാണുള്ളത്. വെള്ളത്തില്‍ അപകടത്തില്‍പ്പെടുന്നവരെ മനുഷ്യസഹായമില്ലാതെ റിമോട്ട് കണ്‍ട്രോളായി പ്രവര്‍ത്തിപ്പക്കാവുന്ന ലൈഫ് ഉപയോഗിച്ച് രക്ഷിക്കാമെന്ന് കമ്പനി വക്താവ് മൊയിസ് കല്‍ക്കത്താവാല പറഞ്ഞു.
കോട്ടയം ചിങ്ങവനം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേളചന്ദ്ര പ്രെസിഷന്‍ എന്‍ജിനിയേഴ്‌സിന്റെ അലുമിനിയം ബോട്ടുകള്‍, വഞ്ചികള്‍, കാനോകള്‍ എന്നിവയും സിനര്‍ജി 58 എന്ന ഇലക്ട്രിക് ബോട്ടും മേളയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. 25,000 രൂപ വിലയുള്ളതും മനോഹരമായി രൂപകല്‍പ്പന ചെയ്തതുമായ കേളചന്ദ്രയുടെ അലൂമിനിയം വഞ്ചി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മേളയിലെ താരമാണ്. കൊച്ചി ആസ്ഥാനമായുള്ള യെസെന്‍ സസ്റ്റെയ്‌ന്റെ ഐആര്‍എസ് അംഗീകൃത ലിക്വിഡ് കൂള്‍ഡ് ബാറ്ററികളും ഇലക്ട്രിക് മോട്ടോറുകളും നിലവില്‍ പരമ്പരാഗത ഇന്ധനങ്ങളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ടുകളേയും ജലയാനങ്ങളേയും ഇലക്ട്രിക്കാമെന്നതിലൂടെ ശ്രദ്ധ നേടുന്നുണ്ട്. 2 മുതല്‍ 2000 എച്ച്പി വരെ ശേഷിയില്‍ ലഭ്യമാണ്.
മേളയുടെ ഭാഗമായി നടന്ന ടെക്‌നിക്കല്‍ സെഷനുകളില്‍ ഈ രംഗത്തെ അടിസ്ഥാന സൗകര്യ വികസനം, പ്ലഷര്‍ ക്രാഫ്റ്റുകള്‍, സ്മാള്‍ ക്രാഫ്ര്റ്റുകള്‍ എന്നിവയുള്‍പ്പെടുന്ന മറൈന്‍ ക്രാഫ്റ്റ് ഉപകരണങ്ങള്‍, മറീനകള്‍, സീപ്ലെയിനുകള്‍, പരിശീലനം ലഭിച്ച മനുഷ്യവിഭവശേഷി എന്നിവയുടെ ആവശ്യകത തുടങ്ങിയിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടന്നു. മേള നാളെ നാളെ (ജനുവരി 29) സമാപിക്കും.
നീളമേറിയ കടല്‍ത്തീരമുള്ളതിനാല്‍ ദക്ഷിണേന്ത്യയുടെ മാരിടൈം കവാടമായ കേരളത്തിലെ ഏത് കാലാവസ്ഥയിലും ഉപയോഗ്യമായ തുറമുഖമായ കൊച്ചിയാണ് പ്രദര്‍ശനത്തിന് വേദിയാണെന്നത് ഏറെ പ്രസക്തമാണെന്ന് സംഘാടകരായ ക്രൂസ് എക്‌സോപസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. ആഗോള മാരിടൈം കപ്പല്‍പ്പാതയോടുള്ള സാമീപ്യവും പാശ്ചാത്യ-പൗരസ്ത്യരാജ്യങ്ങള്‍ക്കിടയിലെ കച്ചവടമാര്‍ഗത്തിലെ തന്ത്രപരമായ കിടപ്പും കൊച്ചിയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇവയ്ക്കു പുറമെ ജലവിനോദങ്ങള്‍ക്കും ഉല്ലാസത്തിനും ആതിഥ്യമരുളാനും കൊച്ചി എന്നും സന്നദ്ധമാണ്. ഇക്കാരണത്താല്‍ സ്പീഡ് ബോട്ടുകള്‍, എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ഉപകരണങ്ങള്‍, മറ്റ് സേവനദാതാക്കള്‍ എന്നിവയ്ക്ക് കൊച്ചി ആസ്ഥാനമായി വന്‍ഡിമാന്‍ഡാണുള്ളത്. ഈ പശ്ചാത്തലത്തില്‍ ബോട്ടുകള്‍ക്കും മറൈന്‍ ഉപകരണങ്ങള്‍ക്കുമെന്നതിനു പുറമെ എല്ലായിനം വാട്ടര്‍ സ്‌പോര്‍ട്‌സിനും ഐബിഎംഎസ് പ്രാമുഖ്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന്‍ വിനോദസഞ്ചാരികള്‍ക്കു പുറമെ കേരളീയര്‍ക്കും ജലവിനോദങ്ങളില്‍ താല്‍പ്പര്യമേറി വരികയാണെന്ന് ജോസഫ് കുര്യാക്കോസ് പറഞ്ഞു. കെഎംആര്‍എല്‍ നടപ്പാക്കുന്ന വാട്ടര്‍ മെട്രോ ഈ മാസാവസാനത്തോടെ കമ്മീഷന്‍ ചെയ്യുകയാണ്. ജില്ലയുടെ ഉള്‍നാടന്‍ ജലഗതാഗതത്തേയും മറീനാ സൗകര്യങ്ങളേയും ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിനാകും അടുത്ത ഊന്നല്‍. ആത്മനിര്‍ഭര്‍ ഭാരത് ലക്ഷ്യമിട്ട് സിഎസ്എല്‍, കെഎംആര്‍എല്‍, ഐആര്‍എസ് നടത്തുന്ന കൂട്ടായശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതികള്‍.
മികച്ച സൗകര്യങ്ങളുള്ള മറീനകളുടേയും ജലവിനോദങ്ങളുടേയും വികസനത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രോത്സാഹനം ഒരുപോലെ ആവശ്യമാണെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കിയാല്‍ ആഗോള, ആഭ്യന്തര വിനോദസഞ്ചാരികള്‍ ആദ്യം തെരഞ്ഞെടുക്കുന്ന ക്രൂയ്‌സിംഗ്, ഉള്‍നാടന്‍ ജലവിനോദ ടൂറിസകേന്ദ്രമാകാന്‍ ഇന്ത്യയ്ക്ക് പൊതുവിലും കേരളത്തിന് വിശേഷിച്ചും സാധിക്കും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൊച്ചി ആസ്ഥാനായി ബോട്ട് ഷോകള്‍ സംഘടിപ്പിച്ചു വരുന്ന ക്രൂസ് എക്‌സ്‌പോസാണ് ഐബിഎംഎസിന്റെ സംഘാടകര്‍. കഴിഞ്ഞ 12 വര്‍ഷമായി നടക്കുന്ന ഫുഡ്‌ടെക് കേരള, ഹോട്ടല്‍ടെക് കേരളാ എന്നീ ബി2ബി വ്യവസായപ്രദര്‍ശനങ്ങളുടേയും സംഘാടകരാണ് ക്രൂസ് എക്‌സ്‌പോസ്. ഇക്കാലത്തിനിടെ ദക്ഷിണേന്ത്യയിലെ മുന്‍നിര ബി2ബി പ്രദര്‍ശനസംഘടാകരായും കമ്പനി വളര്‍ന്നിട്ടുണ്ട്.
ഫോട്ടോ ക്യാപ്ഷന്‍: ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ 5-ാമത് പതിപ്പ് കൊച്ചി മറൈന്‍ ഡ്രൈവ് ഗ്രൗണ്ട്‌സില്‍ സംസ്ഥാന ഗതാഗത, മോട്ടോര്‍ വാഹന, ജലഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു. ദുബായ് എംപയര്‍ ഇന്റര്‍നാഷനല്‍ സിഇഒ അജ്മല്‍ ഹുസൈന്‍, ഷോയുടെ സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, എബിഎസ് മറൈന്‍ എന്‍ജിനീയറിംഗ് എല്‍എല്‍എപി എംഡി അബ്ദുള്‍ അസീസ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കേരളാ മേഖലാ ഡിഐജി എന്‍ രവി എന്നിവര്‍ സമീപം.