നെയ്തല്‍ ഫോട്ടോ പ്രദര്‍ശനത്തിന്റെ ഭാഗമായ വീഡിയോ പെരുമാള്‍ മുരുഗന്‍ കൊച്ചയില്‍ പ്രകാശിപ്പിച്ചു

ഫോട്ടോ പ്രദര്‍ശനം ഫെബ്രു 20 വരെ

കൊച്ചി: പ്രാചീന തമിഴ് സംഘകാല കൃതികളില്‍ കുറിഞ്ചി, മുല്ലൈ, പാലൈ, മരുതം, നെയ്തല്‍ എന്നിങ്ങനെ അഞ്ചു തിണകളുണ്ടെന്നും ഇക്കൂട്ടത്തില്‍ അതിനര്‍ഹിക്കുന്ന പ്രാധാന്യം തീരദേശജീവിതത്തെ പ്രതിനീധീകരിക്കുന്ന നെയ്തലിന് ലഭിക്കുന്നില്ലെന്നും വിഖ്യാത തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മരുഗന്‍ പറഞ്ഞു. മട്ടാഞ്ചേരിയിലെ ഹാലെഗ്വ ഹാളില്‍ നടക്കുന്ന, ചെന്നൈയില്‍ നിന്നുള്ള യുവഫോട്ടോഗ്രാഫര്‍ വെട്രിവേലിന്റെ ഫോട്ടോഗ്രാഫി പ്രദര്‍ശനമായ നെയ്തലിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോ, ‘നെയ്തല്‍’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാടിന്റെ രണ്ടു ഭാഗം കടലാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. പൗരാണിക കാലത്ത് മൂന്നു ഭാഗവും കടലായിരുന്നു. എന്നാല്‍ സംഘകാലത്തിനു ശേഷം തീരദേശജീവിതം സാഹിത്യത്തിലും കലാരൂപങ്ങളിലും വേണ്ടതുപോലെ വന്നിട്ടില്ല. ഈ വിടവ് നികത്തിക്കൊണ്ട് മീന്‍പിടുത്തക്കാരുടെ ജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയായാണ് ഈ ഫോട്ടോഗ്രോഫുകളും വിഡിയോയും അനുഭവപ്പെട്ടതെന്നും പെരുമാള്‍ മുരുഗന്‍ പറഞ്ഞു. ഈ ഫോട്ടോകളിലെ മുഖങ്ങളിലേയ്ക്ക് ദീര്‍ഘനേരം ഉറ്റുനോക്കുമ്പോള്‍ അവരുടെ കയ്പു നിറഞ്ഞ ജീവിതം തെളിഞ്ഞു വരുന്നതുപോലെ തോന്നുന്നുവെന്നും പെരുമാള്‍ മുരുഗന്‍ പറഞ്ഞു.

പ്രകാശനത്തിന് ശേഷം വീഡിയോ, ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചു. വെട്രിവേല്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ച ഈ വീഡിയോ, കാലാവസ്ഥാ വ്യതിയാനങ്ങള്‍, കുടിയൊഴിപ്പിക്കല്‍, ആഗോളതാപനം തുടങ്ങിയ ജീവിതപ്രശ്‌നങ്ങള്‍ നേരിടുകയും അതിന്റെ ആഘാതങ്ങള്‍ #നിശബ്ദമായി സഹിക്കുകയും ചെയ്യുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്. ഈ സമൂഹത്തിനിടയില്‍ താന്‍ നടത്തിയ പതിവ് സന്ദര്‍ശനങ്ങളും അവരുമായുള്ള ഇടപഴകലും അവരുടെ ജീവിതം വളരെ അടുത്തുനിന്നു മനസ്സിലാക്കാന്‍ സഹായിച്ചതിന്റെ പ്രതിഫലനമാണ് തന്റെ ഫോട്ടോഗ്രാഫുകള്‍ എ്ന്ന പോലെത്തന്നെ ഈ വിഡിയോയുമെന്ന് 18കാരനായ വെട്രിവേല്‍ പറഞ്ഞു.

താന്‍ നടത്തിയ ഈ സന്ദര്‍ശനങ്ങള്‍ കേവലം ചിത്രങ്ങള്‍ എടുക്കുന്നതിന് വേണ്ടി മാത്രമായിരുന്നില്ല, മറിച്ച് ഒരു ഡോക്യുമെന്റേറിയന്‍ ശൈലിയില്‍ അവരുമായി ആശയവിനിമയം നടത്തുന്നതിന് കൂടിയായിരുന്നു എന്നും ഇതാണ് ഈ വീഡിയോ, ഫോട്ടോഗ്രാഫി പ്രോജക്റ്റ് രൂപപ്പെട്ടുവരാന്‍ ഇടയാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. നിരവധി മത്സ്യത്തൊഴിലാളികളുമായുള്ള നടത്തിയ നീണ്ടഅഭിമുഖങ്ങളുടെ ഫലമാണ് ഈ ഡോക്യുമെന്ററി. താന്‍ ജീവിച്ച വളരെ സുരക്ഷിതമായ അന്തരീക്ഷം തനിക്ക് ചുറ്റും തീര്‍ത്ത വലയത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ഇത്തരം യാത്രകള്‍ തന്നെ സഹായിച്ചുവെന്ന് വെട്രിവേല്‍ ഓര്‍മ്മിക്കുന്നു. സമൂഹത്തിന്റെ ഓരത്ത് നില്‍ക്കുന്ന ഈ മനുഷ്യരുമായുള്ള ഇടപഴകലില്‍ നിന്നാണ് ഓരോ മുഖവും ഒരു കഥയാണെന്ന് താന്‍ മനസ്സിലാക്കിയതും, അവരില്‍ ആരും കാണാതെ എരിയുന്ന അഗ്‌നി താന്‍ കണ്ടതും എന്ന് തന്റെ ഫോട്ടോഗ്രാഫി പ്രോജക്റ്റിന്റെ ഭാഗമായി ഈ വീഡിയോ ചിത്രീകരിച്ച വെട്രി കൂട്ടിച്ചേര്‍ക്കുന്നു. വെട്രി തന്നെയാണ് ഈ വിഡിയോയുടെ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

മട്ടാഞ്ചേരിയിലുള്ള ഹല്ലേഗ്വ ഹാളില്‍ നടക്കുന്ന വെട്രിയുടെ ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനമായ ‘നെയ്തല്‍’ ഫെബ്രുവരി 20 വരെ നീണ്ടുനില്‍ക്കും.

ഫോട്ടോ ക്യാപ്ഷന്‍: മട്ടാഞ്ചേരിയിലെ ഹല്ലേഗ്വ ഹാളില്‍ നടന്ന ചടങ്ങില്‍ തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന്‍ കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്തിനു നല്‍കി നെയ്തല്‍ വിഡിയോ പ്രകാശിപ്പിക്കുന്നു. പാലെറ്റ് ആര്‍ട് ഗാലറി ഉടമ സിറിള്‍ പി ജേക്കബ്, ഫോട്ടോഗ്രാഫര്‍ വെട്രിവേല്‍, ചിത്രാവതി സെന്റര്‍ ഫോര്‍ ക്രിയേറ്റിവിറ്റി ബിവീഷ് എന്നിവര്‍ സമീപം

LEAVE A REPLY

Please enter your comment!
Please enter your name here