കോട്ടയം: മുൻ ധനമന്ത്രി കെ.എം. മാണിയുടെ കൈവശം പണമായി നാൽപ്പതിനായിരം രൂപ മാത്രം.
ഇന്നലെ സമർപ്പിച്ച നാമനിർദേശ പത്രികയിലെ സത്യവാംഗ് മൂലത്തിലാണ് സ്വത്തു വിവരമുള്ളത്. വിവിധ ബാങ്കുകളിലും മറ്റും നിക്ഷേപങ്ങളിലായി 2.48 ലക്ഷം രൂപയുണ്ട്. 12.20 ലക്ഷം രൂപയുടെ ഇന്നോവാ കാറും സ്വന്തമായുണ്ട്. എന്നാൽ ഒരു രൂപയുടെ പോലും സ്വർണ്ണമോ മറ്റ് ആഭരണങ്ങളോ കൈവശമില്ലെന്നും പത്രികയിൽ പറയുന്നു. പാലാ എസ്.ബി. ഐ, തിരുവനന്തപുരം സൗത്ത് ഇന്ത്യൻ ബാങ്ക്, മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക്, ഗവ. ട്രഷറി എന്നിവിടങ്ങിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. പാലാഴി റബ്ബർ ടയേഴ്സിലിടക്കം ഷെയറുമുണ്ട്. അതേസമയം ഭാര്യ അന്നമ്മ മാണിയുടെ കൈവശം 35,000 രൂപയാണ് പണമായുള്ളത്. വിവിധ ബാങ്കുകളിലും മറ്റും നിക്ഷേപമായി 1.46ലക്ഷം രൂപയുണ്ട്. 6.67 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളുമുണ്ട്.
അഞ്ച് സർവേ നമ്പരുകളിലായി കെ.എം. മാണിക്ക് 6.86 ഏക്കർ ഭൂമിയാണുള്ളത്. ഇവയ്ക്ക് 17.41 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ളാലത്ത് 68.80 ലക്ഷം രൂപ വിലയുള്ള 4,232 സ്ക്വയർഫീറ്റ് വീടും സ്വന്തമായുണ്ട്. ഭാര്യയ്ക്ക് കോഴിക്കോടും കോട്ടയത്തുമായി 10.30 കോടി രൂപയുടെ ഭൂമിയുണ്ട്.
1.25 കോടി രൂപയുടെ സ്വത്തുക്കളാണ് കേരള കോൺഗ്രസിനുള്ളത്. തിരുനക്കരയിൽ പാർട്ടി ഓഫീസ് ഇരിക്കുന്ന 76 ലക്ഷം രൂപയുടെ 28 സെന്റ് ഭൂമിയും അവിടെ 49 ലക്ഷം രൂപയുടെ കെട്ടിടവും പാർട്ടിക്കു വേണ്ടി ചെയർമാൻ കെ.എം. മാണിയുടെ പേരിലുണ്ടെന്നും സത്യവാംഗ് മൂലത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here