ന്യൂഡൽഹി: ബ്രഹ്മപുരം തീപിടുത്തം സംബന്ധിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതക്കും അഴിമതിക്കും കിട്ടിയ ശിക്ഷയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വീഴ്ചവരുത്തിയ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കയ്യിൽ തുക പിരിച്ചെടുക്കണം. ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കരുതെന്നും ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും നുണപ്രചാരണവും അർധസത്യം പറയലും തുടരുകയാണെന്നും വി.മുരളീധരൻ വിമർശിച്ചു.

 

2022 ഡിസംബറിൽ മാലിന്യസംസ്കരണ വീഴ്ചകളിൽ കേരളത്തിന് പിഴയിട്ടിരുന്നു. കേന്ദ്രപദ്ധതികൾ നടപ്പാക്കാമെന്ന് സത്യവാങ്മൂലം നൽകി അന്ന് അതിൽ നിന്ന് തലയൂരി. എന്നാൽ പിന്നീട് വിവിധ കേന്ദ്രഫണ്ടുകൾ വാങ്ങിയെടുത്തതല്ലാതെ തുടർനടപടികളുണ്ടായില്ല. NGT ഉന്നയിക്കുന്ന ”ദുരന്തത്തിൻ്റെ ഉത്തരവാദികൾ ആര് ” എന്ന ചോദ്യത്തിൽ നിന്ന് തദ്ദേശമന്ത്രി ഒളിച്ചോടുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടരെയുള്ള വീഴ്ചകളിൽ കോടികളുടെ പിഴ ലഭിച്ചിട്ടും “കേരളം നമ്പർ വണ്ണെ”ന്ന് മാധ്യമങ്ങളുടെ മുന്നിൽ പറയാനുള്ള എംബി രാജേഷിന്‍റെ തൊലിക്കട്ടി അപാരമെന്നും വി.മുരളീധരൻ പ്രതികരിച്ചു.

 

സോണ്ട കമ്പനിയുടെ രാജ്യത്തെ എല്ലാ പദ്ധതികളും എണ്ണിപ്പറഞ്ഞ് കമ്പനിയുടെ വക്താവായ തദ്ദേശമന്ത്രി, കർണാടകയിൽ അവർക്കെതിരെ നടക്കുന്ന അന്വേഷണം മറച്ചുവച്ചു. ഇനിയെങ്കിലും അർധസത്യങ്ങൾ പറയുന്ന രീതി എംബി രാജേഷ് അവസാനിപ്പിക്കണം. തീപ്പിടുത്ത ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ആർക്കാണ് എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും ഇനിയെങ്കിലും മറുപടി പറയണമെന്നും വി.മുരളീധരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here