തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ ജോലി സമയത്ത് പുറത്തേയ്ക്ക് പോകുന്നത് നിയന്ത്രിക്കാനായി പുതിയ സംവിധാനം നടപ്പിലാക്കും. നിലവിലെ പഞ്ചിംഗ് സംവിധാനത്തിന്റെ പോരായ്മകൾ മറികടക്കുന്ന തരത്തിൽ ആക്സസ് കൺട്രോൾ സംവിധാനമാണ് നടപ്പിലാക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ രണ്ട് മാസത്തേയ്ക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സംവിധാനം നടപ്പിലാക്കുക. ഇത് സംബന്ധിച്ച ഉത്തരവ് പൊതുഭരണ സെക്രട്ടറി ജ്യോതി ലാൽ പുറത്തിറക്കി.

 

നിലവിൽ രാവിലെയും വൈകിട്ടും പഞ്ചിംഗ് ചെയ്യുന്ന രീതിയാണ് സെക്രട്ടറിയേറ്റ് ജീവനക്കാർ തുടർന്നു വരുന്നത്. രാവിലെ പഞ്ച് ചെയ്ത ശേഷം പുറത്തേയ്ക്ക് പോകുന്നതിനും തടസമില്ല. എന്നാൽ പുതിയ ആക്സസ് കൺട്രോൾ സംവിധാനം നിലവിൽ വരുന്നതോടെ രാവിലെ ജോലിയ്ക്ക് പ്രവേശിച്ച് കഴിഞ്ഞാൽ ഉച്ചയൂണിനും വൈകുന്നേരം ജോലി കഴിഞ്ഞ് തിരികെ മടങ്ങാനും മാത്രമായിരിക്കും പുറത്തിറങ്ങാനാകുക. നിലവിലെ പഞ്ചിംഗ് കാർഡുകൾക്ക് പകരമായി ഓരോ ഉദ്യോഗസ്ഥർക്കും പുതിയ കാർഡ് നൽകുന്നതായിരിക്കും. ഈ ആക്സിസ് കാർഡ് ഉപയോഗിച്ചായിരിക്കും പിന്നീട് ഓഫീസിന് അകത്തേയ്ക്കും പുറത്തേയ്ക്കും കടക്കാനാവുക. വ്യക്തമായ കാരണമില്ലാതെ പുറത്തിറങ്ങിയാൽ അത് ഡിജിറ്റൽ സംവിധാനം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും. രണ്ട് മാസത്തിന് ശേഷം ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിംഗുമായി ആക്സസ് കൺട്രോൾ ബന്ധിപ്പിക്കുന്നതായിരിക്കും.


സെക്രട്ടറിയേറ്റിലെ എല്ലാ ഓഫീസുകളിലും ആക്സസ് കൺട്രോൾ സംവിധാനം പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ സന്ദർശകരെയും അത് ബാധിക്കും. ആക്സസ് കൺട്രോൾ സംവിധാനം ശമ്പള സോഫ്റ്റുവെയറുമായും ബന്ധിപ്പിക്കുന്നതിനാൽ സർവീസ് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ എതിർപ്പുകളെ അവഗണിച്ച് പൊതുഭരണ സംവിധാനത്തിന് കീഴിൽ പദ്ധതി നടപ്പിലാക്കാനാണ് ഉത്തതതല തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here