തിരുവനന്തപുരം: ലിഞ്ചിംഗ് എന്ന വാക്ക് നമുക്ക് പരിചിതമല്ലായിരുന്നു. അമേരിക്കയിൽ കറുത്ത വർഗക്കാരെ പീഡിപ്പിക്കുവാൻ ഭീകര സംഘടനകു ക്ലക്സ് ക്ലാൻ ആണ് ലിഞ്ചിംഗ് ഉപയോഗിച്ചത്. അതിപ്പോൾ ഇന്ത്യയിലും ഉണ്ടായിരിക്കുന്നു-ഫൊക്കാന കേരള കൺ വൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സ്പീക്കർ എം.എൻ. ഷംസീർ പറഞ്ഞു.

ഹയത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അധ്യക്ഷനു വഹിച്ചു. സെക്രട്ടറി ഡോ. കല ഷാഹി സ്വാഗതം പറഞ്ഞു. കേരളീയം ചെയർമാൻ പി.വി.അബ്ദുൾ വഹാബ് എം.പി, ഡബ്ലിയു.എച്ച്.ഒയുടെ മുൻ കൺസൾട്ടന്റ് ഡോ.എസ്.എസ്. ലാൽ, മോൻസ് ജോസഫ് എം.എൽ.എ, ട്രസ്റ്റി ബോർഡ് അംഗം പോൾ കറുകപ്പള്ളിൽ, കേരള കൺവെൻഷൻ ചെയർമാൻ മാമൻ സി.ജേക്കബ് എന്നിവർ സാരിച്ചു

പല കാര്യങ്ങളിലും മുന്നേറുമ്പോഴും ലോകത്തിന്റെ മുന്നിൽ ഇന്ത്യ തലകുനിച്ചു നിൽക്കേണ്ട സ്ഥിതികളും വന്നിരിക്കുന്നുവെന്നു സ്പീക്കർ ചൂണ്ടിക്കാട്ടി. അതിലൊന്നാണ് ഗ്ലോബൽ ഡെമോക്രസി ഇന്ഡകസിൽ നാം 97 മത് സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഇന്നിപ്പോൾ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുന്നു. എതിഭിപ്രായങ്ങളെ അടിച്ചമർത്തുന്നു എന്നതാണ്. സ്ഥിതി .

അതെ സമയം എന്തെല്ലാം ന്യൂനത ഉണ്ടെങ്കിലും ഇന്ത്യൻ ജനാധിപത്യത്തെ ജനങ്ങൾ തന്നെ നേരെയാക്കിയ ചരിതം ഇന്ത്യൻ ജനതക്കുണ്ട്. അത് ഇനിയും സംഭവിക്കുമെന്ന് തന്നെ നാം വിശ്വസിക്കുന്നു.

പാൻഡെമിക്ക് എന്ന വാക്ക് ഇന്ത്യയിൽ ജനകീയമാകുന്നത് 2020 -ൽ ആണ്. ഇപ്പോൾ മറ്റൊരു പാൻഡെമിക്ക് രാജ്യത്തുണ്ട്. പേര് മാറുക എന്നതാണത്. അതിൽ ഏറ്റവും പുതിയത് മുഗൾ ഗാര്ഡന്സിന്റെ പേര് അമൃതോദ്യാനമാക്കുന്നതാണ്. മുഗൾ രാജാക്കന്മാർ ഉണ്ടാക്കിയതല്ല മുഗൾ ഗാർഡൻസ്. എന്നാൽ പൂന്തോട്ടവുമായി അവർക്കുള്ള താല്പര്യത്തെ അനുസ്മരിച്ചാണ് ആ പേര് ലഭിച്ചത്. അത് പോലെ ഗുഡ് ഗാവ് ഗുരുഗ്രാമമായി. ഫൈസാബാദ്, അലഹാബാദ് ഒക്കെ പേര് മാറി. ഒരു മതവിഭാഗത്തിന്റെ പേരുകളാണ് ഉപയോഗിക്കുന്നത്. പഴയ പല പേരുകളും മുസ്ലിം പേരുകളല്ല. അറബി നാമങ്ങൾ ആയിരുന്നു അവ.
ഒരിക്കൽ തിരുത്തൽ ശക്തിയായി ജനത രംഗത്തു വന്നത് നാം മറക്കുന്നില്ല. അത് വീണ്ടും ഉണ്ടാകുമെന്നു തന്നെ നാം കരുതുന്നു.

ഫൊക്കാന നാടിനു വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങളെയും അദ്ദേഹം അനുസ്മരിച്ചു. അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്ക് മലയാളികളെ എത്തിക്കാനുള്ള ഫൊക്കാനയുടെ പദ്ധതി മാതൃകാപരമാണെന്ന് സ്പീക്കർ എ.എൻ.ഷംസീർ. അമേരിക്കയിലെ രാഷ്ട്രീയം പരോക്ഷമായി ഇന്ത്യയേയും ബാധിക്കുന്നതാണ്. അവിടുത്തെ രാഷ്ട്രീയത്തിൽ മലയാളികൾ കൂടുതലായി ഇടപെടുന്നത് നമുക്കെല്ലാവർക്കും നല്ലതാണ്.

സംസ്ഥാനത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സാമ്പത്തിക പുരോഗതിയിലും സംഘടാനാപരമായ പങ്ക് ഫൊക്കാന വഹിക്കുന്നുണ്ടെന്ന് സ്പീക്കർ പറഞ്ഞു.

സംസ്ഥാനത്തോടെ കടപ്പാടുള്ള സംഘടനായണ് ഫൊക്കാന. രാഷ്ട്രീയം നോക്കാതെയാണ് പ്രവർത്തനം. കേരളത്തിന്റെ വികസനത്തിൽ അമേരിക്കൻ മലയാളികളുടെ പങ്കാളിത്തം കൂടുതലായി ഉണ്ടാകൻ ഫൊക്കാനയുടെ സഹായം ആവശ്യമാണ്. കേരളത്തിലെ വ്യവസായ അന്തരീക്ഷം ഇപ്പോൾ പ്രവാസികൾക്ക് അനുകൂലമാണ്, സ്പീക്കർ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയുടെ പ്രസംഗത്തിൽ ഫൊക്കാന കേരളത്തിൽ നടത്തുന്ന ഇടപെടലുകളിൽ സംതൃപ്തി പ്രകടിപ്പിച്ചു. ഓഖി ദുരന്തം വന്നപ്പോഴും പ്രളയകാലത്തും ഒക്കെ അത് കണ്ടതാണ്.

വിദ്യാഭ്യാസ മേഖലയിൽ എന്തൊക്കെ മാറ്റം വരുത്താൻ കഴിയുമെന്ന് നിങ്ങളുടെ അഭിപ്രായത്തിനു സ്വാഗതം. ഒരു കാലത്ത് സർക്കാർ സ്കൂളുകളിൽ മാതാപിതാക്കൾ കുട്ടികളെ അയക്കാൻ വിസമ്മതിച്ചിരുന്നു. ഇന്ന് ആ സ്ഥിതി മാറി. ഇപ്പോൾ വിദ്യാലയങ്ങളിൽ 47 ലക്ഷം കുട്ടികളും 192,000 അധ്യാപകരുമുണ്ട്. സ്കൂളുകളൊക്കെ അംബരചുംബികളും ഹൈടെക്കുമായി. കഴിഞ്ഞ ഏഴു വര്ഷം കൊണ്ട് 3000 കോടി രൂപ വിദ്യാഭ്യാസ രംഗത്തിനു വേണ്ടി ചെലവിട്ടു. പത്തര ലക്ഷം കുട്ടികൾ പുതുതായി സർക്കാർ സ്കൂളികളിലേക്കു വന്നു.
ജോലിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിപ്പിക്കുന്ന നിലയിലേക്ക് വിദ്യാഭ്യാസ രംഗം മാറി. ഫൊക്കാന വിദ്യാഭ്യാസ രംഗത്ത് സഹായമെത്തിക്കുമ്പോൾ പട്ടികവർഗക്കാർ, മൽസ്യത്തൊഴിലാളികൾ എന്നിവരുടെ മക്കളെ കൂടുതലായി പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു മന്ത്രി നിർദേശിച്ചു.

അമേരിക്കയിലെ മലയാളികൾ മലയാളിത്തം നിലനിറുത്തി മുന്നോട്ടു പോകുന്നതിൽ ഫൊക്കാനയുടെ പ്രവർത്തനം അഭിനന്ദനീയമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രവാസി മലയാളികളിൽ മലയാളിത്തം നിലനിർത്താൻ ഫൊക്കാന കൈക്കൊള്ളുന്ന നടപടികൾ അഭിനന്ദനീയമാണ്.

ജീവിതത്തിൽ ദുരിതം അനുഭവിക്കുന്ന നിരവധി പേർക്ക് കൈത്താങ്ങ് ആകാനുള്ള പദ്ധതികൾ ഫൊക്കാന ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ശ്രദ്ധിക്കാനും അവർക്ക് സേവനം എത്തിക്കാനും ഫൊക്കാനയ്ക്ക് ഇനിയും കഴിയണം. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ എന്തൊക്കെ ഇടപെടലുകൾ പ്രവാസികൾക്ക് നടത്താനാകും എന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.

വികസിത രാജ്യങ്ങളിൽ എന്നതുപോലെ സംസ്ഥാനത്തെ മൊത്തം സ്കൂളുകളിലെ കുട്ടികളെ അടിയന്തിര സാമ്പത്തിക പരിരക്ഷയുടെ പരിധിയിൽ കൊണ്ടു വരാൻ എന്തു ചെയ്യാൻ കഴിയുമെന്ന് നമുക്ക് യോജിച്ച് ആലോചിക്കാം. അത്തരം ഒരു പരിരക്ഷ ഓരോ കുട്ടിക്കും വേണ്ടി സാദ്ധ്യമാകും എങ്കിൽ അത് ഒരു ചരിത്ര നേട്ടമാണ്. ഫൊക്കാനയുടെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ പട്ടികവർഗ, മത്സ്യത്തൊഴിലാളി മേഖലകളിൽ കൂടി വ്യാപിപ്പിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഗതാഗത മന്ത്രി ആന്റണി രാജു കാൽനൂറ്റാണ്ട് മുൻപ് റോച്ചസ്റ്റർ ഫൊക്കാന കൺവൻഷനിൽ പങ്കെടുത്തത് അനുസ്മരിച്ചു. ഉമ്മൻ ചാണ്ടി, മോൻസ് ജോസഫ് എന്നിവരടക്കം ഏഴു പേരിൽ ഒരാൾ. അന്നത്തെ ജനറൽ സെക്രട്ടറി ആയിരുന്നു ഡോ. മാമ്മൻ ജേക്കബ്. പിന്നീട് ഫൊക്കാന പിളർന്നു, അതായത് ഫൊക്കാന വളരെ വളർന്നു എന്നാണ് ആ പിളർപ്പ് തെളിയിച്ചത്.-കേരള കോൺഗ്രസ് ഗ്രൂപ്പുകാരനായ മന്ത്രിയുടെ പരാമർശം കൂട്ടച്ചിരി പടത്തി.

ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ ഇംഗ്ലീഷിൽ പ്രസംഗിച്ചതും മന്ത്രി പരാമർശിച്ചു. കേരളത്തിൽ ഇപ്പോൾ മലയാളം നന്നായി അറിയാവുന്നവരാണ് ഇംഗ്ലീഷ് കൂടുതൽ സംസാരിക്കുന്നത്.

ഓഖിയുടെയും പ്രളയത്തിന്റെയും കാലത്ത് ഫൊക്കാന നൽകിയ സഹായങ്ങളും മന്ത്രി അനുസ്മരിച്ചു. ബാബു സ്റ്റീഫൻ തന്നെ വാലൊരു തുക നൽകി. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു അദ്ദേഹം നൽകി.

കേരളം ഇന്ന് പഴയ കേരളമല്ല, റോഡുകൾ മാറി. വൈദ്യുതി നിലക്കുന്നില്ല. വ്യവസായ രംഗത്തു സമാധാനമുണ്ട്, ബന്ത് ഫ്രീ കേരളമാണ് ഇപ്പോൾ. ബന്ത് നടന്ന കാലം മറന്നു പോയി,

കോവിഡ് കാലത്ത് ഓക്സിജൻ ഇല്ലാതെയും മറ്റും പാശ്ചാത്യ ലോകം വിഷമിച്ചപ്പോൾ കേരളം

ഇത്തരം പ്രതിസന്ധികളെ എളുപ്പത്തിൽ അതിജീവിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി .

സ്നേഹം പങ്കു വച്ചില്ലെങ്കിൽ അതിനര്ഥമില്ലെന്ന പഴമൊഴി ചൂണ്ടിക്കാട്ടി പണം മറ്റുള്ളവർക്ക് നല്കുന്നില്ലെങ്കിൽ അതിനും അര്ഥമില്ലാതാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. (അമേരിക്കൻ മലയാളികളെല്ലാം പണക്കാരാണെന്നു മന്ത്രി ധരിച്ചു വച്ചിട്ടുണ്ടെന്നു ചുരുക്കം!)

റോച്ചസ്റ്റർ കൺവൻഷനിൽ പങ്കെടുത്ത കാര്യം മോൻസ് ജോസഫ് എം.എൽ.എ. യും അനുസ്മരിച്ചു. കുമാരകത്ത് ഇപ്പോൾ ജി -20 സമ്മേളനം നടക്കുകയാണ്. റോഡുകളും സൗകര്യങ്ങളുമെല്ലാം അതിനു പറ്റിയ രീതിയിൽ വികാസം പ്രാപിച്ചിരിക്കുന്നു.

ബന്ത് ഇല്ലാതിരിക്കുന്നതിനു കാരണം ഇപ്പോഴത്തെ ഭരണകക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. അവർ പ്രതിപക്ഷത്തായിരുന്നെങ്കിൽ ഇങ്ങനെ ആകുമായിരുന്നില്ല. എങ്കിൽ പിന്നെ യു.ഡി.എഫ്. എന്നും പ്രതിപക്ഷത്തു തന്നെ തുടരട്ടെ എന്ന പരാമർശത്തിന് ജനം ഏതായാലും അത് അനുവദിക്കാൻ പോകുന്നില്ലെന്നദ്ദേഹം ചിരികൾക്കിടയിൽ പറഞ്ഞു.

ഫൊക്കാന സ്ഥാപിതമായ 1983 മുതൽ താൻ അതിൽ പ്രവർത്തിക്കുന്ന കാര്യം പോൾ കറുകപ്പള്ളി ചൂണ്ടിക്കാട്ടി. ആരെയെങ്കിലും സഹായിക്കുന്ന ചാരിറ്റി സംഘന ആയിട്ടല്ല ഫൊക്കാന ഉണ്ടായത്. പിളർപ്പ് ഉണ്ടായപ്പോൾ സംഘടനയെ രക്ഷിക്കാനുള്ള തന്റെ ശ്രമങ്ങളും അദ്ദേഹം അനുസ്മരിച്ചു. അന്ന് കേരളത്തിലെ ബാങ്കുകളും ബിൽഡർമാരുമാണ് 120,000 ഡോളർ തന്ന സഹായിച്ചത്.

ഇപ്പോൾ പ്രസിഡന്റ് തന്നെയാണ് എല്ലാ ചെലവുകൾക്കും തുക മുടക്കുന്നതെന്നു കാണുന്നു. സ്പോൺസർമാരെ കണ്ടെത്തി വേണം സംഘടന മുന്നോട്ടു പോകാൻ. എല്ലാവരും ഇതിനായി ഒരുമിച്ചു പ്രവർത്തിക്കണം. ഭാവിയിൽ പ്രസിഡന്റുമാരൊക്കെ പണക്കാരായിരിക്കുമെന്ന് ഉറപ്പില്ലല്ലോ അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here