സ്റ്റീല്‍ കേബ്‌ളുകള്‍ ഉപയോഗിച്ച് മുറുക്കിയ മുളനിര്‍മിത വാസ്തുശില്‍പ്പം മട്ടാഞ്ചേരിയിലെ സീഡ്‌സ്‌കേപ് പ്രദര്‍ശനത്തില്‍


കൊച്ചി: മട്ടാഞ്ചേരി ജ്യൂ ടൗണ്‍ റോഡിലെ ഇസ്മയില്‍ വെയര്‍ഹൗസില്‍ നടക്കുന്ന സീഡ് എപിജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ഡിസൈനിലെ 200-ലേറെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളുടെ വാസ്തുശില്‍പ്പകലാസൃഷ്ടികളുടെ പ്രദര്‍ശനത്തിലെ ബാംബൂ പവലിയന്‍ വാസ്തുശില്‍പ്പികളുടേയും കലാസ്‌നേഹികളുടേയും ശ്രദ്ധ പിടിച്ചു പറ്റുന്നു. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് ക്യൂറേറ്റ് ചെയ്യുന്ന പ്രദര്‍ശനത്തിനു മുന്നോടിയായി ആറു ദിവസത്തെ ശില്‍പ്പശാലയിലൂടെയാണ് 500 ച അടി വലിപ്പമുള്ള വമ്പന്‍ മുളവാസ്തുശില്‍പ്പം നിര്‍മിച്ചത്. പരിസ്ഥിതിസൗഹാര്‍ദവും നിലനില്‍ക്കത്തക്കതുമായ ബില്‍ഡിംഗ് മെറ്റീരിയല്‍ എന്ന നിലയില്‍ കേരളത്തില്‍ വന്‍സാധ്യതകളാണ് മുളയ്ക്കുള്ളതെന്ന് സ്‌കൂളിലെ അക്കാദമിക് ചെയര്‍ രാജശേഖരന്‍ സി മേനോന്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് മുളശില്‍പ്പം ഒരുക്കിയിരിക്കുന്നത്. പ്രാകൃതരീതിയില്‍ കയറട്ട് ബന്ധിപ്പിക്കുന്നതിനു പകരം സ്റ്റീല്‍ കേബ്‌ളുകള്‍ ഉപയോഗിച്ചാണ് ഇവ തമ്മില്‍ ഘടിപ്പിച്ചിരിക്കുന്നത്. കാന്‍ഡിലിയറായി ഉറപ്പിച്ചിരിക്കുന്നതിനാല്‍ അഗ്രഭാഗത്ത് തൂണുകളുമില്ല.

ഇതൊരു കലാസൃഷ്ടി മാത്രമല്ലെന്നും മുളയുടെ ഉപയോഗ്യ സാധ്യതകളാണ് ശില്‍പ്പത്തിലൂടെ ആവിഷ്‌കരിക്കുന്നതെന്നും രാജശേഖരന്‍ സി. മേനോന്‍ പറഞ്ഞു. അഹമ്മദാബാദിലെ തംബ് ഇംപ്രഷന്‍സ് കൊളാബൊറേറ്റീവാണ് ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കിയത്. സുസ്ഥിര ബില്‍ഡിംഗ് മെറ്റീരിയലുകളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായമയില്‍ നിന്ന് ആര്‍ക്കിടെക്റ്റുമാരായ സങ്കല്‍പ്പ, അഹമ്മദാബാദ്, മനു നരേന്ദ്രന്‍, ഹൈദ്രാബാദ്, മിലിന്ദ്, സൂറത്ത് എ്ന്നിവരാണ് വിദ്യാര്‍ത്ഥികളെ പരിശീലിപ്പച്ചത്. ഇവയ്‌ക്കൊപ്പം ഇരുന്നൂറോളം വാസ്തുശില്‍പ്പകലാസൃഷ്ടികള്‍, 750 ച അടിയുള്ള ആധുനികശൈലിയിലുള്ള ചുവര്‍ച്ചിത്രം എന്നിവയുള്‍പ്പെട്ട പ്രദര്‍ശനം ഏപ്രില്‍ 12ന് സമാപിക്കും. പ്രദര്‍ശന സമയം രാവിലെ 10 മുതല്‍ 7 വരെ.

LEAVE A REPLY

Please enter your comment!
Please enter your name here