തിരുവനന്തപുരം: കത്തിക്കാളുന്ന വേനലിൽ സംസ്ഥാനത്ത് രണ്ടായിരം ഹെക്‌‌ടറിലെ കൃഷിവിളകൾ കരിഞ്ഞുണങ്ങി. നൂറുകോടി രൂപയുടെ കൃഷിനാശമാണുണ്ടായത്. 1100 ഹെക്ടർ നെൽക്കൃഷിയും 900 ഹെക്ടർ തെങ്ങു കൃഷിയും നശിച്ചു. കമുക്, കുരുമുളക്, കാപ്പി, വാഴ, ഏലം എന്നിവയും കരിഞ്ഞുണങ്ങി. കൃഷിനാശവും കൊടുംവേനലും നേരിടാനുള്ള നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി ഇന്ന് കളക്ടർമാരുടെയും വകുപ്പു മേധാവികളുടെയും ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.
എട്ട് ജില്ലകളിൽ അതിരൂക്ഷമായ കൃഷിനാശമുണ്ടായെന്ന് കൃഷിവകുപ്പ് ഡയറക്ടർ അശോക്‌കുമാർ തെക്കൻ കേരളകൗമുദിയോട് പറഞ്ഞു. 60 കോടിയുടെ കൃഷിനാശത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ജില്ലകളിൽ കണക്കെടുപ്പ് തുടരുകയാണ്. കുഴൽക്കിണറുകൾ പോലും വറ്റിവരണ്ട പാലക്കാട്ടാണ് ഏറ്റവുമധികം കൃഷിനാശം. 550 ഹെക്ടറിൽ മൂന്നാംവിളയായി കൃഷിചെയ്തിരുന്ന നെല്ല് മുഴുവനും കരിഞ്ഞുണങ്ങി.
ആലപ്പുഴയിൽ 270 ഹെക്ടർ, പത്തനംതിട്ടയിൽ 120 ഹെക്ടർ വീതം നെൽക്കൃഷി നശിച്ചു. പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിൽ 500 ഹെക്ടറിലെ വാഴക്കൃഷി നശിച്ചു. ഇടുക്കിയിലും വയനാട്ടിലും പത്തനംതിട്ടയിലും കുരുമുളക്, കാപ്പി, ഏലം തുടങ്ങിയ നാണ്യവിളകളാണ് നശിച്ചത്. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ തെങ്ങുകളാണ് ഏറെയും നശിച്ചത്.
കാർഷികോത്പാദന കമ്മിഷണർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. വിള ഇൻഷ്വറൻസുള്ള കർഷകർക്ക് അവ വേഗത്തിൽ ലഭ്യമാക്കാനും സർക്കാരിൽ നിന്ന് അടിയന്തര നഷ്ടപരിഹാരം നൽകാനും നടപടി തുടങ്ങി.
അണക്കെട്ടുകൾ അതിവേഗം വറ്റിക്കൊണ്ടിരിക്കുകയാണ്. ഇടുക്കിയിൽ 40 ദിവസത്തേക്ക് ആവശ്യമായ വെള്ളമുണ്ടെങ്കിലും കുളമാവ്, പൊൻമുടി, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ ഡാമുകളിലെല്ലാം ജലനിരപ്പ് കുത്തനെ താഴുകയാണ്. പീച്ചിഡാമിലും ജലനിരപ്പ് താണു. പാലക്കാട്ടെ വാളയാർ, പോത്തുണ്ടി, മംഗലം, മീങ്കര ഡാമുകളും വറ്റുകയാണ്. എന്നാൽ മലമ്പുഴ ഒഴികെയുള്ള ജലസ്രോതസുകളിൽ ആശങ്കയ്ക്ക് വകയില്ലെന്ന് ജലസേചനവകുപ്പ് വ്യക്തമാക്കി. 500 വില്ലേജുകളിൽ കുടിവെള്ള വിതരണം നടക്കുന്നു. താത്കാലിക പൈപ്പ്‌ ലൈനുകൾ സജ്ജമാക്കാൻ ജലഅതോറിട്ടിക്ക് 25 കോടി അനുവദിച്ചു.
കാലാവസ്ഥാ വകുപ്പിന്റെ പ്രതീക്ഷ  മേയ് അഞ്ചോടെ വേനൽമഴ വരും
 ജൂൺ ആദ്യ വാരത്തിൽ മൺസൂണെത്തും
 ഇത്തവണ 110 ശതമാനം അധികം മഴ ലഭിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here