ഏഷ്യാനെറ്റ് ന്യൂസ് ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് ട്രൈസ്റ്റേറ്റ് എഡിഷന്റെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഏപ്രില്‍ 29ന് ന്യൂജേഴ്‌സിയിലെ എഡിസണില്‍ എ.പി.എ ഹോട്ടലിലാണ് വര്‍ണാഭമായ പുരസ്‌കാര നിശ നടന്നത്. അഞ്ച് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. വേള്‍ഡ് മലയാളി കൗണ്‍സിലുമായി സഹകരിച്ചാണ് അവാര്‍ഡ് നിശ ഒരുക്കിയത്. കേരളാ ടൈംസ് എംഡി പോള്‍ കറുകപ്പിള്ളിലാണ് ഇവന്റ് പാര്‍ട്‌നര്‍. ഡോ. സുനില്‍കുമാര്‍ നേതൃത്വം നല്‍കിയ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ഡോ. തോമസ് മാത്യു, ഡോ. തങ്കം അരവിന്ദ്, ഷൈനി തൈപ്പറമ്പില്‍, ഡോ. സുള്‍ഫി നൂഹു എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍.

പതിറ്റാണ്ടുകളായി നിസ്വാര്‍ത്ഥ സേവനത്തിലൂടെ അമേരിക്കയില്‍ പ്രശസ്തനായ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്‌റ് പ്രൊഫസറായ ടി.എസ് പിച്ചുമണിക്ക് സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അവാര്‍ഡ് അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ സമ്മാനിച്ചു. കേരളാ ടൈംസ് എംഡി പോള്‍ കറുകപ്പള്ളില്‍ സര്‍ട്ടിഫിക്കറ്റും തോമസ് മൊട്ടക്കല്‍ മെഡലും നല്‍കി. ബി.കെ. ഉണ്ണികൃഷ്ണന്‍ പൊന്നാട അണിയിച്ചു.

50 വര്‍ഷമായി ന്യൂജേഴ്‌സിയില്‍ നഴ്‌സായി സേവനമനുഷ്ഠിക്കുന്ന ലീലാമ്മ വടക്കേടമാണ് ബെസ്റ്റ് നഴ്‌സ്. ലീലാമ്മ വടക്കേടത്തിനുള്ള പുരസ്‌കാരം മോന്‍സ് ജോസഫ് എം.എല്‍.എ. സമ്മാനിച്ചു. നോവ ജോര്‍ജ് സര്‍ട്ടിഫിക്കറ്റും തോമസ് മൊട്ടക്കല്‍ മെഡലും നല്‍കി. ബി.കെ ഉണ്ണികൃഷ്ണന്‍ പൊന്നാട അണിയിച്ചു. എന്‍വൈസി ഹോസ്പിറ്റല്‍ സിസ്റ്റത്തിലെ സീനിയര്‍ ഡിറക്ടറും നഴ്‌സിംഗ് എക്‌സലന്‍സായി സേവനമനുഷ്ഠിക്കുന്ന ഡോ. ആനി ജോര്‍ജിനെ ബെസ്റ്റ് നഴ്‌സിംഗ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി തിരഞ്ഞെടുത്തു. എ.കെ.എം.ജി മുന്‍ പ്രസിഡന്റ് ഡോ. തോമസ് മാത്യു പുരസ്‌കാരം സമ്മാനിച്ചു. ദിലീപ് വര്‍ഗീസ് സര്‍ട്ടിഫിക്കറ്റും ജോണി കുരുവിള മെഡലും നല്‍കി. വിന്‍സന്റ് ഇമ്മാനുവല്‍ പൊന്നാട അണിയിച്ചു.

ആല്‍ബനി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി സഞ്ജിത് മേനോനു യൂത്ത് ഐക്കണിനുള്ള ട്രോഫി ഡി.ജി.പി. ടോമിന്‍ തച്ചങ്കരി നല്‍കി. മാധവന്‍ നായര്‍ സര്‍ട്ടിഫിക്കറ്റും പോല്‍ കറുകപ്പള്ളില്‍ മെഡലും സമ്മാനിച്ചു. അനില്‍ അടൂര്‍ പൊന്നാട അണിയിച്ചു. ഡോ. സിസ്റ്റര്‍ റോസ്ലിന്‍ എടത്തടലിന് ബെസ്‌റ് ഡോക്ടര്‍ വിഭാഗത്തിലുള്ള സ്‌പെഷ്യല്‍ ജ്യുറി പുരസ്‌കാരം. മാണി സി. കാപ്പന്‍ എം.എല്‍.എ ട്രോഫി സമ്മാനിച്ചു. ഡോ. അജു ഉമ്മന്‍ സര്‍ട്ടിഫിക്കറ്റും ലതാ പോല്‍ മെഡലും നല്‍കി. നിക്‌സണ്‍ ജോര്‍ജ് പൊന്നാട അണിയിച്ചു.

കോവിഡ് പ്രതിരോധിക്കാന്‍ മികച്ച സേവനം നല്‍കിയ ഡോ.ശ്രീതി സരസ്വതിക്ക് പ്രത്യേക പുരസ്‌കാരം അംബാസഡര്‍ ശ്രീനിവാസന്‍ നല്‍കി. ഹരി നമ്പുതിരി സര്‍ട്ടിഫിക്കറ്റും അജയ് ആനന്ദ് മെഡലും നല്‍കി. ബി.കെ. ഉണ്ണികൃഷ്ണന്‍ പൊന്നാട അണിയിച്ചു. ലോകത്തെ നടുക്കിയ കോവിഡ് മഹാമാരി അലയടിച്ചു രാജ്യം നിശ്ചലമായപ്പോള്‍ രോഗത്തെ ചെറുക്കാനും പ്രധിരോധിക്കാനും മുന്നിട്ടിറങ്ങിയവരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകയാണ് കോവിഡ് പോരാളിക്കുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരം ലഭിച്ച ഡോക്ടര്‍ ശ്രീതി സരസ്വതി. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ഇന്‍ഫക്ഷ്യസ് ഡിസീസ് ഡോക്ടറായി പെന്‍സില്‍വനിയയില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങളുടെ പ്രശംസ നേടിയ മുന്‍നിരക്കാരിയായിരുന്നു.

നഴ്‌സിംഗ് സംഘടനയായ നൈനയുടെ പ്രസിഡന്റ് സുജ തോമസിനു നഴ്‌സിംഗ് ലീഡര്‍ഷിപ്പ് സ്‌പെഷ്യല്‍ പുരസ്‌കാരം നല്‍കി. അലക്സ് എബ്രഹാം പുരസ്‌കാരം സമ്മാനിച്ചു. വിദ്യ കിഷോര്‍ സര്‍ട്ടിഫിക്കറ്റും തങ്കം അരവിന്ദ് മെഡലും നല്‍കി. അനില്‍ അടൂര്‍ പൊന്നാട അണിയിച്ചു. സുജ തോമസ് കഴിഞ്ഞ 30 വര്‍ഷമായി നേഴ്സായും നഴ്സിംഗ് അഡ്മിനിസ്ട്രേറ്ററായും പ്രതിഭ തെളിയിച്ച വ്യക്തിയാണ്. ആയുര്‍വേദ വിദഗ്ദയായ ഡോ. അംബികാ നായര്‍ക്ക് സ്പെഷ്യല്‍ ജ്യുറി അവാര്‍ഡ് ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് സമ്മാനിച്ചു. ബ്രിജിറ്റ് വിന്‍സന്റ് സര്‍ട്ടിഫിക്കറ്റും സിദ്ധിക്ക് ഹസ്സന്‍ മെഡലും നല്‍കി. കൃഷ്ണ കിഷോര്‍ പൊന്നാട അണിയിച്ചു.

ലോകം മുഴുവന്‍ ഉള്ള മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന നമ്മുടെ ആതുര ശുശ്രൂഷാരംഗത്ത് വിലപ്പെട്ട സേവനങ്ങള്‍ നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിക്കുന്നതിന് ഏഷ്യാനെറ്റ് ഒരുക്കിയ ഈ ചടങ്ങിന് ആശംസകള്‍ അര്‍പ്പിക്കുന്നതായി മോന്‍സ് ജോസഫ് പറഞ്ഞു. കേരളനിയമസഭയില്‍ നിന്ന് താനും സുഹൃത്ത് മാണി സി.കാപ്പന്‍ എംഎല്‍.എ.യും ഇവിടെ പങ്കെടുക്കുമ്പോള്‍ ലോകം മുഴുവനുള്ള മലയാളികളുടെ മുമ്പില്‍ കേരളനിയമസഭയുടെ ആദരവ് തങ്ങള്‍ സമര്‍പ്പിക്കുന്നു. ഇത്രയും ശ്രദ്ധേയമായ ഒരു കൂടിചേരലിന് അവസരമുണ്ടാക്കിയ ഏഷ്യാനെറ്റിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

ഏഷ്യാനെറ്റിന്റെ യു.എസ്. ഗ്രൂപ്പിന്റെ നായകരായിട്ടുള്ള എല്ലാവരെയും ഏഷ്യാനെറ്റ് കുടുംബത്തെ മൊത്തത്തിലും അഭിനന്ദിക്കുന്നു. ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ആദ്യത്തെ പങ്കുവെക്കല്‍ നമ്മുടെ നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനങ്ങളാണ്. ഇവിടെ അമേരിക്കയില്‍ നമ്മുടെ കുടുംബങ്ങളെല്ലാം നഴ്‌സുമാരിലൂടെ ശക്തിപ്രാപിച്ചു കടന്നുവന്നു. കോവിഡ് കാലത്ത് ചെയ്ത വലിയ സേവനങ്ങള്‍ നേഴ്‌സ്മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം എത്ര വിലപ്പെട്ടതാനിന്നു വ്യക്തമാക്കി എന്നും മോന്‍സ് ജോസഫ് പറഞ്ഞു

ഏഷ്യാനെറ്റ് ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് അവാര്‍ഡിന് തന്റെ സല്യൂട്ട് എന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ പറഞ്ഞു. ‘നഴ്‌സുമാരെ എനിക്ക് ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. എനിക്ക് ചെറുപ്പത്തില്‍ പോളിയോ വന്നതാണ്. ഒരുപറ്റം നഴ്‌സുമാരുടെ സ്‌നേഹവും പരിചരണവും കാരണമാണ് രണ്ട് കാലില്‍ ഇങ്ങനെ നടക്കാനും ഒരു അന്താരാഷ്ട്ര വോളിബോള്‍ കളിക്കാരനായി മാറാനും സാധിച്ചത്. കോവിഡ് കഴിഞ്ഞശേഷം പാലായിലെ ജനറല്‍ ഹോസ്പിറ്റലില്‍ നഴ്‌സുമാര്‍ക്കെല്ലാമായി ഒരു എക്‌സലന്‍സ് അവാര്‍ഡ് നല്‍കിയിരുന്നു. അതു വാങ്ങിച്ചു ഒരു നഴ്‌സ് പറഞ്ഞു, ഇത് ഞങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കും. ഈ അവാര്‍ഡും എല്ലാവരും ഹൃദയത്തില്‍ സൂക്ഷിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഷിജോ പൗലോസ്, വിന്‍സന്റ് ഇമ്മാനുവല്‍, അരുണ്‍ കോവാട്ട്, അലന്‍ ജോര്‍ജ് എന്നിവരും കുവൈത്തില്‍ നിന്ന് എത്തിയ നിക്സണ്‍ ജോര്‍ജും പരിപാടിക്ക് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here