ആഷാ മാത്യു

മെയ് മാസത്തിന് തൊഴിലുമായി അഭേദ്യമായൊരു ബന്ധമുണ്ട്. ചരിത്രത്തിലിടം പിടിച്ച ഐതിഹാസികമായൊരു തൊഴിലാളിപ്രക്ഷോഭത്തിന്റെ ഓര്‍മ്മപ്പെടുത്തലാണല്ലോ ഓരോ മെയ് ദിനവും. തൊഴിലാളി എന്ന വാക്കിനെ ഈ ലോകത്തുള്ള എല്ലാ തൊഴില്‍ മേഖലയുമായും ചേര്‍ത്തുകെട്ടാം. അതില്‍ സുരക്ഷിത വിഭാഗവുമുണ്ട്, അരക്ഷിത വിഭാഗവുമുണ്ട്. മെയ് മാസത്തില്‍ തന്നെയാണ് നഴ്സുമാരുടെ ദിനവും. നേഴ്‌സുമാര്‍ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓര്‍മിക്കുവാനായി എല്ലാ വര്‍ഷവും മെയ് 12നു വേള്‍ഡ് നേഴ്സസ് ഡേ ആചരിക്കുന്നു. ‘നയിക്കുന്ന ശബ്ദം -നഴ്സിങ്ങിനെ വളര്‍ത്തുക, അവകാശങ്ങളെ മാനിക്കുക’ എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ നഴ്സസ് ഡേ പ്രമേയം.

2022ലെ നഴ്സസ് ഡേ സന്ദേശവും തൊഴിലാളി എന്ന നിലയില്‍ നഴ്സുമാരുടെ അതിജീവനവും ഒന്നു കൂട്ടിച്ചേര്‍ത്താല്‍ ലഭിക്കുന്ന ഉത്തരത്തിന് അത്ര ഭംഗിയുണ്ടാവില്ല. നഴ്സുമാരുടെ അവകാശങ്ങളെ മാനിക്കുന്ന ഒരു സംസ്‌കാരം കേരളത്തിലോ, ഇന്ത്യയിലോ ഇപ്പോഴും നിലവിലുണ്ടെന്ന് തോന്നുന്നില്ല. നഴ്സിംഗിനെ വളര്‍ത്താനുള്ള ഒന്നും ഇവിടുത്തെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. പകരം തളര്‍ത്താന്‍ ഒരുപാടുണ്ട് താനും. ഇന്നും അതിജീവനത്തിന്റെ പാതയിലൂടെ തുഴഞ്ഞു തന്നെ നീങ്ങുന്ന നഴ്സിംഗ് മേഖല ഒരിക്കല്‍ ഇതിലും കെട്ട കാലത്തെ കടന്നുപോന്നിട്ടുണ്ട്. ആ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് ഒരുപക്ഷേ ഇന്നത്തെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അറിയാന്‍ വഴിയില്ല.

നഴ്സാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ വിവാഹിതരായിരിക്കരുത് എന്നൊരു വ്യവസ്ഥയെക്കുറിച്ച് പറയുന്നത് കേട്ടാല്‍ ഒരു പക്ഷേ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അത്ഭുതം തോന്നിയേക്കാം. അതല്ലെങ്കില്‍ വിധവകളായിരിക്കണം എന്നും കുറഞ്ഞത് 147 മീറ്റര്‍ ഉയരം വേണമെന്നും 48 കിലോ ഭാരം വേണമെന്നും യോഗ്യതകള്‍ കല്‍പ്പിച്ചിരുന്നൊരു സമയമുണ്ടായിരുന്നു. ഇത്തരമൊരു വിചിത്ര നിയമം നഴ്സിംഗ് പോലെയൊരു പ്രൊഫഷന് മേല്‍ എങ്ങനെ ആര് അടിച്ചേല്‍പ്പിച്ചു എന്നത് ആലോചിക്കുന്നത് തന്നെ അമ്പരപ്പ് സൃഷ്ടിച്ചേക്കും. കഴിവും ആത്മാര്‍ത്ഥയും മാത്രം അളവുകോലാക്കേണ്ട ആരോഗ്യമേഖലയിലാണ് നീളത്തിന്റേയും തൂക്കത്തിന്റേയുമൊക്കെ യോഗ്യതാമാനദണ്ഡങ്ങള്‍ വിലങ്ങുതടിയാക്കി വെച്ചത്.

വിവാഹിതരായിരിക്കരുത് എന്ന് നിര്‍ബന്ധം പിടിക്കുന്നതിലൂടെ സ്വാകാര്യ മാനേജ്മെന്റുകള്‍ ലക്ഷ്യം വെച്ചത് വിദ്യാര്‍ത്ഥിനികള്‍ ഗര്‍ഭിണികളാവുകയോ അതുവഴി മെറ്റേണിറ്റി ലീവെടുക്കുകയോ ചെയ്യരുത് എന്നതായിരുന്നു. ഒന്നോ രണ്ടോ മാത്രം പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള നിയമങ്ങളെക്കുറിച്ചാണ് പറഞ്ഞുവന്നത്. ഇന്ന് നഴ്സുമാര്‍ പോരാടുന്നത് ശമ്പള വര്‍ധനവിനെതിരെയാണെങ്കില്‍ അന്ന് പോരാടിയിരുന്നത് പഠിക്കാനുള്ള, ജോലി ചെയ്യാനുള്ള അവകാശത്തിനു വേണ്ടിക്കൂടിയായിരുന്നു. അതിനു പുറമേയായിരുന്നു ബോണ്ടും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്നതും ഓവര്‍ ടൈം പണിയെടുപ്പിക്കുന്നതുമൊക്കെ. ഈ പ്രതിസന്ധികളെല്ലാം ഒരു സുപ്രഭാതത്തില്‍ തനിയെ കലങ്ങിത്തെളിഞ്ഞതല്ല. അതിനു വേണ്ടി ഇറങ്ങിത്തിരിച്ച കുറേയധികം ആളുകള്‍ അണിയറയിലുണ്ടായിരുന്നു.

ബോണ്ടിനെതിരെ, യോഗ്യതാമാനദണ്ഡങ്ങള്‍ക്കെതിരെ സുപ്രീംകോടതി വരെ പോയി അനുകൂല വിധി സമ്പാദിച്ച കോതമംഗലം സ്വദേശിയും പ്രവാസി മലയാളിയുമായ വിന്‍സെന്റ് ഇമ്മാനുവല്‍, വിഷയം മീഡിയയിലൂടെ പുറത്തെത്തിച്ച അനില്‍ അടൂര്‍, കേസ് വാദിച്ച അഡ്വക്കേറ്റ് സുരേഷ് ഉണ്ണികൃഷ്ണന്‍, നഴ്സുമാരുടെ വിഷയങ്ങളില്‍ തുടക്കം മുതല്‍ സജീവമായി ഇടപെട്ട ഉഷാ കൃഷ്ണകുമാര്‍, ലൈലാ പീറ്റര്‍, പണം കൊണ്ടും സഹകരണം കൊണ്ടും പിന്തുണ പ്രഖ്യാപിച്ച നിരവധി പ്രവാസി മലയാളികള്‍, നിരന്തരമായ വാര്‍ത്തകള്‍ കൊണ്ട് വിഷയം സജീവമാക്കിയ വിവിധ മാധ്യമങ്ങള്‍ അങ്ങനെ ആ ലിസ്റ്റ് നീളുന്നു.

എടുത്തു പറയേണ്ട മറ്റൊരിടപെടല്‍ പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍, എന്ന ‘പിയാനോ’യുടേയതാണ്. നഴ്സുമാര്‍ അവഗണിക്കപ്പെട്ടപ്പോഴെല്ലാം പ്രവാസ ലോകത്തെ പല മലയാള സംഘടനകളും മൗനം പാലിച്ചപ്പോള്‍ പിയാനോ ശക്തമായ പിന്തുണയുമായി എത്തിയിരുന്നു. കേരളത്തിലെ നഴ്‌സുമാര്‍ സഹിക്കുന്ന ചൂഷണങ്ങള്‍ക്കെതിരേയുള്ള അണിചേരലുകള്‍ക്ക് അമേരിക്കയിലെയും ഇന്ത്യയിലെയും തൊഴില്‍ നിയമപരിധിക്കുള്ളില്‍ നിന്നുകൊണ്ട് ‘പിയാനോ’ ശക്തമായ ഇടപെടലുകള്‍ നടത്തി. പിയാനോയുടെ സ്ഥാപക പ്രസിഡന്റ് കൂടിയായ ബ്രിജിത്ത് വിന്‍സെന്റ് അന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ നഴ്സിംഗ് രംഗത്തെ പ്രശ്നങ്ങള്‍ പുറത്തു പറയുകയും ചെയ്തിരുന്നു.

അതിജീവനത്തിന്റെ ഒരു ഘട്ടം പിന്നിട്ടപ്പോള്‍ ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നഴ്സുമാരുടെ നികത്താനാകാത്ത അഭാവമാണ്. പഠിച്ചിറങ്ങുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ഒന്നോ, രണ്ടോ വര്‍ഷത്തെ ജോലിക്ക് ശേഷം രാജ്യം വിടുകയാണ്. ഫലമോ, കേരളത്തിലെ ആശുപത്രികളില്‍ ആവശ്യമായ നഴ്സുമാരില്ലാതാകുന്നു. ചെയ്യുന്ന ജോലിക്ക് അര്‍ഹമായ പ്രതിഫലവും അംഗീകാരവും ലഭിക്കാത്ത ഇവിടെ നിന്ന്, ഇഷ്ടം പോലെ പണവും എല്ലാ വിധ സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ഇരു കൈയും നീട്ടി വിളിക്കുന്ന വിദേശരാജ്യങ്ങളിലേക്ക് അവര്‍ പോകുന്നത് എങ്ങനെ തടയാന്‍ കഴിയും? വീണ്ടുമൊരു നഴ്സസ് ഡേ വരുമ്പോഴും ‘നഴ്സിങ്ങിനെ വളര്‍ത്തുക, അവകാശങ്ങളെ മാനിക്കുക’ എന്ന സന്ദേശം പരിഹരിക്കപ്പെടാതെ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here