
തിരുവനന്തപുരം: ഡോ വന്ദനാ ദാസിന്റെ കൊലയാളി സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. മാനസിക നില പരിശോധിക്കാനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സന്ദീപിന്റെ മാനസിക നില വിലയിരുത്താനായി ഏഴ് ദിവസമെങ്കിലും കിടത്തി ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് പ്രകാരമാണ് നടപടി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആർ എം ഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടർമാരുടെ സംഘം സന്ദീപിനെ ഏഴ് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. ഇതിൻപ്രകാരമാണ് ഒരാഴ്ചയെങ്കിലും കിടത്തി ചികിത്സ വേണമെന്ന് കോടതിയെ അറിയിച്ചത്. പ്രതിയുടെ കസ്റ്റഡി കാലാവധി തീർന്ന മുറയ്ക്ക് കോടതി നിർദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സന്ദീപിന് ആവശ്യമായ സുരക്ഷ ഈ കാലയളവിൽ പൊലീസ് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം കൊലപാതകം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സ്വന്തം വീട്ടിലും അയൽവാസിയുടെ വീട്ടിലും സന്ദീപിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഈ മാസം പത്താം തീയതി രാവിലെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. മുറിവ് വച്ചുകെട്ടാൻ പൊലീസ് എത്തിച്ച സന്ദീപ് ഡ്രസിംഗ് കത്രിക കൈയ്ക്കലാക്കി കുത്തിക്കൊല്ലുകയായിരുന്നു.