മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തി വെട്ടിമുറിച്ച് ട്രോളിബാഗിലാക്കി കൊക്കയില്‍ തള്ളിയ സംഭവത്തിന് പിന്നില്‍ ഹണിട്രാപ്പെന്ന് പോലീസ്. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫര്‍ഹാനയെ ഉപയോഗിച്ച് ഷിബിലിയും ആഷികും ചേര്‍ന്ന് നടത്തിയ നീക്കമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി മലപ്പുറം എസ്.പി. വ്യക്തമാക്കി.

മെയ് 18 ന് ഹോട്ടലിലെത്തിയ സിദ്ധിഖിനെ കൊലപ്പെടുത്തുകയായിരുന്നു. ഷിബിലി കയ്യില്‍ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് സിദ്ദിഖിന്റെ തലയ്ക്ക് അടിച്ചപ്പോള്‍ ആഷിക് നെഞ്ചില്‍ അതിശക്തമായി ചവിട്ടി. ചുറ്റിക ഷിബിലിയ്ക്ക് എടുത്തുകൊടുത്തത് ഫര്‍ഹാനയയായിരുന്നു. സിദ്ദിഖ് ആക്രമിച്ചാല്‍ പ്രത്യാക്രമണം നടത്താന്‍ വേണ്ടി സംഘം ചുറ്റികയും കത്തിയും കരുതിയിരുന്നു. ചുറ്റിക ഫര്‍ഹാനയുടെ കയ്യിലായിരുന്നു. പണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സിദ്ദിഖ് എതിര്‍ത്തതോടെയാണ് ചുറ്റികയ്ക്ക് അടിച്ചത്.

ഹണിട്രാപ്പിലൂടെ സാമ്പത്തീകനേട്ടം ഉണ്ടാക്കാനായിരുന്നു നീക്കം. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനും അതുപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്യാനും മൂവര്‍ സംഘം പദ്ധതിയിട്ടിരുന്നു. നഗ്നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തര്‍ക്കമുണ്ടാകുകയും മൂന്ന് പേരും താഴെ വീഴുകയുമായിരുന്നു. ഈ സമയത്താണ് ഷിബിലി ചുറ്റികകൊണ്ട് സിദ്ദിഖിന്റെ തലയ്ക്കടിച്ചത്. നെഞ്ചില്‍ പതിഞ്ഞ ആഷികിന്റെ ശക്തിയിലുള്ള ചവിട്ടില്‍ സിദ്ദിഖിന്റെ വാരിയെല്ല് തകരുകയും ശ്വാസകോശത്തിന് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.

സിദ്ദിഖിന്റെ മരണം ഉറപ്പാക്കിയതോടെയാണ് പ്രതികള്‍ ട്രോളിബാഗും മൃതദേഹം മുറിക്കാന്‍ പാകത്തിനുള്ള ഉപകരണങ്ങളും കോഴിക്കോട് നഗരത്തില്‍ നിന്നും വാങ്ങിയത്. കൊല നടത്തിയ ദിവസം മൃതദേഹം ഒരു ബാഗില്‍ ഒതുങ്ങില്ലെന്ന് കണ്ടതോടെയാണ് പിറ്റേന്ന് മൃതദേഹം മുറിക്കാനും രണ്ടുബാഗിലാക്കാനും തീരുമാനിച്ചത്. ഇതിനായി മറ്റൊരു ട്രോളിബാഗും ഇലക്ട്രിക് കട്ടറും വാങ്ങി. ഹോട്ടലിന്റെ ശുചിമുറിയില്‍ ഇട്ടായിരുന്നു മൃതദേഹം വെട്ടിമുറിച്ചത്. അതിന് ശേഷം മെയ് 19 ന് അട്ടപ്പാടിയിലെ കൊക്കയില്‍ കൊണ്ടുപോയി തള്ളി.

ഫര്‍ഹാനയ്ക്ക് സിദ്ദിഖുമായി മൂന്‍പരിചയം ഉണ്ടായിരുന്നു. ഫര്‍ഹാന വഴിയാണ് ഷിബിലി സിദ്ദിഖിന്റെ ഹോട്ടലില്‍ ജോലി നേടിയത്. എന്നാല്‍ സ്വഭാവദൂഷ്യം കാരണം ഷിബിലിയെ രണ്ടാഴ്ചയ്ക്ക് ശേഷം കൊടുക്കാനുള്ള പണവും നല്‍കി പറഞ്ഞുവിടുകയായിരുന്നു. 19 ന് മൃതദേഹം തള്ളിയ ശേഷം ഫര്‍ഹാന വീട്ടില്‍ തിരിച്ചെത്തിയെങ്കിലും 23 ാം തീയതി മുതല്‍ കാണാതാകുകയുമായിരുന്നു. ഈ സമയം വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

18 ന് സിദ്ദിഖിന്റെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും മകന്‍ 22 ാം തീയതി പരാതി നല്‍കുകയും ചെയ്തു. ഇതില്‍ നടന്ന അന്വേഷണത്തിലാണ് ഷിബിലിയെയും കാണാതായെന്ന വിവരം പോലീസ് ശ്രദ്ധിക്കുന്നത്. ഇതിന് പിന്നാലെയാണ് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ സിദ്ദിഖ് മുറിയെടുത്ത വിവരം പോലീസിന് കിട്ടിയത്. കാണാതായെന്ന് പറഞ്ഞ് സമയം മുതല്‍ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകാനും തുടങ്ങിയിരുന്നു. ഇക്കാര്യം കുടുംബം പോലീസിനെ അറിയിച്ചു.

ഫര്‍ഹാനയുടെ കുടുംബം മകളെ കാണാനില്ലെന്ന് പരാതി നല്‍കുക കൂടി ചെയ്തതോടെ ഷിബിലിക്കൊപ്പം ഫര്‍ഹാനയെന്ന 18കാരി കൂടി ഉണ്ടെന്നും പൊലീസിന് സംശയിച്ചു. ഇവരിലേക്ക് അന്വേഷണം നീളുന്ന ഘട്ടത്തിലാണ് സിദ്ദീഖിന്റെ കാര്‍ ഉപേക്ഷിച്ച് ഇരുവരും കേരളം വിട്ടത്. ഇരുവരും ചൈന്നൈയിലേക്ക് കടന്ന കാര്യം തിരൂര്‍ പൊലീസ് റെയില്‍വേ പൊലീസിന് കൈമാറിയതോടെ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ രണ്ടുപേരും ചെന്നൈ റെയില്‍വേ പോലീസിന്റെ പിടിയിലായി. ഇവരില്‍ നിന്നുമാണ് സിദ്ദിഖിനെ കൊന്ന് അട്ടപ്പാടി വനമേഖലയില്‍ ഉപേക്ഷിച്ച കാര്യം പോലീസിന് സ്ഥിരീകരിക്കാന്‍ ആയത്.

LEAVE A REPLY

Please enter your comment!
Please enter your name here