കട്ടപ്പന. ഓണവിപണിയില്‍ നേട്ടം കൊയ്ത് കുടുംബശ്രീ; വിറ്റുവരവ് 39 ലക്ഷം*

ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലവര്‍ധനവില്‍ നട്ടം തിരിഞ്ഞ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായി മാറിയ ഇടുക്കി ജില്ലാ കുടുംബശ്രീ മിഷന്റെ ഓണവിപണന മേളകളില്‍ നിന്ന് വനിതാ കൂട്ടായ്മകള്‍ കൈവരിച്ചത് 39,76,494 രൂപയുടെ വിറ്റുവരവ്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിച്ച മേളകള്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ മികച്ച സ്വീകാര്യതയാണ് ഇത്തവണ ലഭിച്ചത്.
ജില്ലാതല മേള, 53 സി ഡി എസ് മേള, 2 പ്രത്യേക വിപണന മേള എന്നിവയാണ് ഇക്കുറി കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ചത്. പൂക്കളും പഴങ്ങളും നാടന്‍ പച്ചക്കറികളും ഭക്ഷ്യ ഉല്‍പന്നങ്ങളും വിവിധ തരം പായസങ്ങളും 5 മുതല്‍ 10 ദിവസം വരെ നീണ്ടുനിന്ന മേളകളില്‍ ലഭ്യമായിരുന്നു. പ്രാദേശിക സിഡിഎസുകള്‍ക്കായിരുന്നു മേളയുടെ നടത്തിപ്പ് ചുമതല. ഇതിനായി ഓരോ സിഡിഎസിനും അടിസ്ഥാന ചെലവുകള്‍ക്ക് 12,000 രൂപയും അനുവദിച്ചിരുന്നു. അധികമായി വരുന്ന ചെലവ് അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും നല്‍കി. ചില സ്ഥലങ്ങളില്‍ സിഡിഎസുകള്‍ തനിച്ചും മറ്റു സ്ഥലങ്ങളില്‍ പഞ്ചായത്ത്, കൃഷിഭവന്‍ എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്നുമാണ് വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചത്.
കട്ടപ്പന നഗരസഭയില്‍ രണ്ട്, തൊടുപുഴ നഗരസഭയില്‍ ഒന്ന്, വിവിധ പഞ്ചായത്തുകളിലായി 50 എന്നിങ്ങനെയാണ് 53 സിഡിഎസുകളുടെ നേതൃത്വത്തില്‍ ഓണവിപണികള്‍ സംഘടിപ്പിച്ചത്. ഇത് കൂടാതെ അടിമാലി, ദേവികുളം ബ്ലോക്കുകളില്‍ റീബില്‍ഡ് കേരളയുടെ എം.ഇ.സി.മാരുടെ നേതൃത്വത്തില്‍ പ്രത്യേക വിപണന മേളകളും സംഘടിപ്പിച്ചു. ഇതില്‍ ആകെ 42 ആര്‍.കെ.ഐ സംരംഭകരുടെ ഉല്‍പന്നങ്ങളാണ് വില്‍പന നടത്തിയത്. ഇവര്‍ക്ക് 1,77511 രൂപയുടെ വിറ്റുവരവ് ലഭിച്ചു. തൊടുപുഴ നഗരചന്തയില്‍ സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ അടങ്ങുന്ന 200 രൂപയുടെ 300 കിറ്റുകളും കരിങ്കുന്നം സി ഡി എസ് 500 രൂപയുടെ 200 കിറ്റുകളും മുന്‍കൂട്ടി ഓര്‍ഡര്‍ എടുത്ത് നല്‍കി. ചില സിഡിഎസുകള്‍ ആശ്രയകിറ്റ് വിതരണവും ആശ്രയ ഗുണഭോക്താക്കള്‍ക്ക് ഓണക്കോടിയും ഓണസദ്യയും നല്‍കി.
ജില്ലയിലെ ആകെയുള്ള സിഡിഎസുകളുടെ വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ലാഭം ലഭിച്ചത് കഞ്ഞിക്കുഴി സിഡിഎസിനാണ്. 3,61,480 രൂപയുടെ വിറ്റുവരവാണ് ഇവര്‍ക്കു ലഭിച്ചത്. 1,93,380 രൂപയുടെ വിറ്റുവരവ് ലഭിച്ച കരുണപുരം സിഡിെസ്സാണ് രണ്ടാമത്. 1,64,089 രൂപയുടെ വിറ്റുവരവ് നേടികൊണ്ട് കരിമണ്ണൂര്‍ സിഡിഎസ് മൂന്നാമതെത്തി.

*53 സിഡിഎസുകള്‍, 589 സംരംഭങ്ങള്‍*

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കുടുംബശ്രീ കേരളത്തിലെമ്പാടും സംഘടിപ്പിച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് ജില്ലയിലും വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചത്. ഇത്തരം വിപണന കേന്ദ്രങ്ങളിലൂടെ സ്വന്തം ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാനും കൂടുതല്‍ സ്ത്രീ സംരംഭകര്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് വരാനും സാധിച്ചു. ജില്ലയിലെ 53 സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഓണവിപണികള്‍ ഒരുക്കിയത്. ജില്ലയില്‍നിന്ന് 589 സംരംഭങ്ങളാണ് വിപണനത്തിനായി ഈ കേന്ദ്രങ്ങളിലേക്ക് എത്തിയത്. 12,494 അയല്‍ക്കൂട്ടങ്ങളിലായി 164,634 അംഗങ്ങളുള്ള ശൃംഖലയാണ് ഇടുക്കി ജില്ലയിലെ കുടുംബശ്രീ കുട്ടായ്മ.

*ബ്രാന്‍ഡായി മാറി കുടുംബശ്രീ*

ജില്ലയിലെ കുടുംബശ്രീ അംഗങ്ങളും സംരംഭകരും സ്വന്തമായി നിര്‍മിച്ച സാധന സാമഗ്രികളായിരുന്നു ഓണം വിപണന മേളയുടെ മുഖ്യാകര്‍ഷണങ്ങളിലൊന്ന്. ഓരോ ദിവസവും വ്യത്യസ്ത ഇനങ്ങളിലുള്ള കൊതിയൂറുന്ന പായസം, പൂര്‍ണമായും ജൈവ രീതിയില്‍ ഉല്പാദിപ്പിച്ച പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മസാലപ്പൊടികള്‍, പപ്പടം, അച്ചാര്‍, തുണി ഉല്‍പന്നങ്ങള്‍, തേന്‍, വെളിച്ചെണ്ണ എന്നിങ്ങനെ വൈവിധ്യങ്ങളായ ഉല്‍പന്നങ്ങളാണ് വിപണനം ചെയ്തത്. കുടുംബശ്രീ യൂണിറ്റുകളുടെ തനത് ഉല്‍പന്നങ്ങളായ വിവിധ തരം അച്ചാറുകള്‍, ചിപ്സ്, ചമ്മന്തിപൊടി, സംരംഭയൂണിറ്റുകളുടെ സാമ്പാര്‍ പൊടി, ഫിഷ് മസാല, ചിക്കന്‍ മസാല, മുളക് പൊടി, മല്ലിപൊടി, രസപ്പൊടി, മഞ്ഞള്‍ പൊടി, അച്ചാര്‍ പൊടി കൂടാതെ ജെ എല്‍ ജി യൂണിറ്റുകളുടെ പച്ചക്കറികള്‍, ഉണങ്ങിയ ഉത്പന്നങ്ങള്‍, തേങ്ങ, വാളന്‍ പുളി, കുടം പുളി, പരമ്പരാഗത ഉല്‍പന്നങ്ങളായ മുറം, കുട്ട, ചവിട്ടി, വിശറി തുടങ്ങിയവയും ചാക്ക് ഉല്‍പന്നങ്ങളായ സഞ്ചി, വിവിധ തരം ലോഷനുകള്‍, സോപ്പുകള്‍, പലഹാരങ്ങള്‍, അഗ്രി എബിവി യൂണിറ്റിന്റെ ബന്തി പൂവും മുല്ലപ്പുവും തുടങ്ങിയവയും മിതമായ നിരക്കില്‍ വിപണി കീഴടക്കാന്‍ മുന്നിലുണ്ടായിരുന്നു. കൂടാതെ കാര്‍ഷിക ഉല്‍പന്ന (ജെഎല്‍ജി) വിഭാഗത്തില്‍നിന്ന് 1166 ഉല്‍പന്നങ്ങളും എത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here