
കോഴിക്കോട്ട് വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അസം സ്വദേശിയെന്ന് പൊലീസ്. വീട്ടമ്മ ആറുവര്‍ഷം മുന്‍പ് ഉപയോഗിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതിയുടെ കൂടുതല്‍ വിവരം ലഭിക്കുന്ന മുറയ്ക്ക് പൊലീസ് അസമിലേക്ക് തിരിക്കും. യുപിഐ വഴിയായിരുന്നു പ്രതി പണം തട്ടിയത്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ അസം പൊലീസുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
ജൂലൈ 24 നും സെപ്റ്റംബര്‍ 19നും ഇടയില്‍ 19 ലക്ഷം രൂപ പലതവണയായി പിന്‍വലിച്ച് തട്ടിപ്പ് തടത്തിയെന്നാണ് കേസ്. കോഴിക്കോട് ചെറൂട്ടി റോഡിലെ യൂണിയന്‍ ബാങ്കിന്റെ ശാഖയിലെ അക്കൗണ്ടില്‍ നിന്നുമാണ് പണം കവര്‍ന്നത്. എന്നാല്‍ എങ്ങനെയാണ് തട്ടിപ്പ് നടന്നതെന്നതില്‍ ബാങ്ക് അന്വേഷണം തുടരുകയാണ്. മീഞ്ചന്ത സ്വദേശി പി.കെ.ഫാത്തിമയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. എടിഎം കാര്‍ഡോ ഓണ്‍ലൈന്‍ ഇടപാടുകളോ നടത്താത്ത അക്കൗണ്ടാണിതെന്ന് ഇവര്‍ മനോരമന്യൂസിനോട് വ്യക്തമാക്കിയിരുന്നു. കെട്ടിട വാടക ഇനത്തില്‍ ഫാത്തിമക്ക് കഴിഞ്ഞ കുറച്ചുനാളുകളായി ലഭിച്ച പണമാണിത്. അക്കൗണ്ടുമായി ആദ്യം ബന്ധിപ്പിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഫാത്തിമ മാറ്റിയിരുന്നു. ഇക്കാര്യം ബാങ്കിനെ അറിയിച്ചിരുന്നുവെങ്കിലും പുതിയ ഫോണ്‍ നമ്പര്‍ ബാങ്ക് ചേര്‍ത്തിരുന്നില്ല.