
കോട്ടയത്ത് നായകളെ കാവല്‍ നിര്‍ത്തി കഞ്ചാവ് വിറ്റ കേസിലെ പ്രതി റോബിന്‍ അറസ്റ്റില്‍. കോട്ടയം കുമാരനെല്ലൂരിലെ ഡോഗ് ഹോസ്റ്റലിന്റെ പേരിലായിരുന്നു കഞ്ചാവ് കച്ചവടം. തമിഴ്നാട്ടില്‍ നിന്നാണ് റോബിന്‍ ജോര്‍ജ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ പരിശോധനയ്ക്കായി എത്തിയ പൊലീസ് സംഘത്തിനു നേരെ നായ്ക്കളെ തുറന്നുവിട്ട ശേഷം മീനച്ചിലാറ്റിൽ ചാടിയാണ് ഇയാൾ കടന്നുകളഞ്ഞത്. പുലർച്ചെ കൊശമറ്റം കോളനിയുടെ ഭാഗത്തുവച്ച് മീനച്ചിലാറ്റിൽ ചാടുകയായിരുന്നു.
റോബിൻ വാടകയ്ക്ക് എടുത്തിരുന്ന കുമാരനല്ലൂർ വല്യാലിൻചുവടിലെ പരിശീലനകേന്ദ്രത്തിൽ നിന്നു പൊലീസ് 17.8 കിലോ കഞ്ചാവു പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. കാക്കി വസ്ത്രം കണ്ടാൽ ആക്രമിക്കുന്നതിനുള്ള പരിശീലനം നായ്ക്കൾക്കു റോബിൻ നൽകിയിരുന്നതായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് വ്യക്തമാക്കി