
കൊച്ചി: കാര്‍ബൂട്ട് വില്‍പനയിലൂടെ ലക്ഷ്യമിടുന്നത് ജിസിഡിഎയ്ക്കുള്ള അധിക വരുമാനവും സര്‍ക്കാരിനുള്ള നികുതി വരുമാന വര്‍ധനവുമെന്ന വിശദീകരണവുമായി സംഘാടക സ്ഥാപനം. എറണാകുളം സ്റ്റേഡിയം പാര്‍ക്കിങ് ഗ്രൗണ്ടില്‍ മാസത്തില്‍ രണ്ടോ മൂന്നോ ദിവസം കാര്‍ ബൂട്ട് വില്‍പന നടത്തുന്നതു ലക്ഷ്യമിട്ടു പരീക്ഷണം നടന്നതിനു പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള ഡയഗണ്‍ വെഞ്ചേഴ്‌സ് വിശദീകരണവുമായി എത്തിയിട്ടുള്ളത്.
രാജ്യാന്തര തലത്തില്‍ തന്നെ ഏറെ പ്രചാരമുള്ള കാര്‍ബൂട്ട് വില്‍പന പുതിയൊരു വിപണന സംസ്‌കാരമാണ് മുന്നോട്ടു വയ്ക്കുന്നത്. ഇതിനെ മുളയിലേ നുള്ളാതെ വ്യാപാരികള്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കും ഗുണകരമാകും വിധമുള്ള പ്രോത്സാഹനം എല്ലാ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് കാര്‍ബൂട്ട് വില്‍പന കോ-ഓഡിനേറ്റര്‍ ജിജി പുളിക്കാവില്‍ അഭ്യര്‍ത്ഥിച്ചു.
സ്റ്റേഡിയത്തില്‍ മറ്റു പരിപാടികള്‍ ഇല്ലാത്ത ഒഴിവു ദിവസങ്ങളിലാണ് കാര്‍ബൂട്ട് വില്‍പന എന്നതിനാല്‍ ഇത് ജിസിഡിഎയ്ക്ക് അധിക വരുമാനത്തിനാണ് അവസരം ഒരുങ്ങുന്നത്. ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ബില്ലു ചെയ്തു വില്‍ക്കണം എന്നു നിഷ്‌കര്‍ഷിക്കുന്നതിനാല്‍ വില്‍പന നികുതിയിലും വര്‍ധനവുണ്ടാകും. ചെറുകിട ഉല്‍പാദകരും വില്‍പനയ്ക്കു ലൈസന്‍സുള്ളവരും തന്നെയാകും കാര്‍ബൂട്ട് വില്‍പന നടത്തുന്നത് എന്നതിനാല്‍ ഇത് കച്ചവടക്കാരെ ബാധിക്കുമെന്ന ആരോപണത്തില്‍ കഴമ്പില്ല.
ഉല്‍പാദനം ആരംഭിച്ചിട്ടും വേണ്ടത്ര ഉപഭോക്താക്കളെ കണ്ടെത്താന്‍ സാധിക്കാത്ത ചെറുകിട വ്യവസായങ്ങള്‍ക്കും കുടുംബശ്രീക്കും കാര്‍ബൂട്ട് വില്‍പന പുതിയ അവസരങ്ങളായിരിക്കും തുറന്നു നല്‍കുക. ഇടനിലക്കാരുടെ എണ്ണം കുറയുന്നതിലൂടെ അനാവശ്യ കമ്മിഷന്‍ തുക ഒഴിവാകുന്നത് ഉപഭോക്താക്കള്‍ക്കു നേട്ടമാകും. ഓണ്‍ലൈനിലൂടെയും മറ്റും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ആളുകള്‍ക്കു ചെലവഴിക്കേണ്ടി വരുന്ന ഗതാഗത ചെലവ് ഉള്‍പ്പടെ കുറയും എന്നും വിലയില്‍ പ്രതിഫലിക്കും. ആയിരക്കണക്കിന് തൊഴില്‍രഹിതര്‍ക്കു പുതിയൊരു തൊഴില്‍ മേഖലകൂടിയാണ് ഇതുവഴി തുറന്നു കിട്ടുന്നത്.
സാധനങ്ങളുടെ വില്‍പ്പന എന്നതിലുപരി ഒരു കാര്‍ണിവല്‍ അ്ന്തരീക്ഷത്തില്‍ ആളുകള്‍ ഒത്തുകൂടുന്നു എന്നതും കാര്‍ബൂട്ട് വില്‍പ്പനയുടെ ആകര്‍ഷണമാണ്. പ്രാദേശിക ടൂറിസത്തിന് മികച്ച വരുമാന സാധ്യതകളാണ് ഇത് തുറന്നിടുന്നത്. കാര്‍ബൂട്ട് വില്‍പ്പനസമയത്ത് ഭക്ഷണ, പാനീയ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്കും ബിസിനസ് വര്‍ധിക്കും.
ഗവണ്മെന്റ് വില്പന നിയമങ്ങള്‍ പാലിച്ചു മാത്രം സംഘടിപ്പിക്കുന്ന കാര്‍ബൂട്ട് വില്‍പനയില്‍ ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാണ് പങ്കെടുക്കാന്‍ സാധിക്കുക. ഭക്ഷ്യോല്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് നിലവിലുള്ള എല്ലാ ഭക്ഷ്യവില്പനഅംഗീകരങ്ങളും വേണ്ടതുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ജിസിഡിഎ സംഘടിപ്പിച്ച പരിപാടി ആദ്യഘട്ടത്തില്‍ സൗജന്യമായിരുന്നെങ്കിലും തുടര്‍ന്നു ചെറിയ തുക ഈടാക്കിയായിരിക്കും പദ്ധതി നടപ്പാക്കുക.
ലക്ഷങ്ങള്‍ വാടക വാടക നല്‍കി എക്‌സിബിഷനുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുടുംബശ്രീ അംഗങ്ങള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഇതൊരു നല്ല അവസരമാണ് സൃഷ്ടിക്കുന്നത്.
കാര്‍ ബൂട്ടില്‍ വില്പന നടത്തുന്നതിലെ സാങ്കേതിക, പ്രായോഗിക തടസങ്ങള്‍ വിദഗ്ധരുമായി കൂടിയാലോചിച്ചു പരിഹരിക്കും. അധികൃതരുമായി ഇടപെട്ട് വ്യാപാരികളുടെയും മറ്റു വ്യവസായികളുടെയും ആശങ്കകള്‍ പരിഹരിച്ചു മാത്രമായിരിക്കും മുന്നോട്ടു പോകുക. സര്‍ക്കാരിനോ വ്യാപാരികള്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെയാവും പദ്ധതി നടപ്പാക്കുക. അതുകൊണ്ടു തന്നെ വ്യാപാരികളും വ്യവസായികളും ചേമ്പര്‍ ഓഫ് കോമേഴ്സും ഉള്‍പ്പടെയുള്ളവരുടെ പിന്തുണ ആവശ്യമുണ്ടെന്നും ജിജി പുളിക്കാവില്‍ അഭ്യര്‍ത്ഥിച്ചു.