
ഡോ. കല ഷഹി
തിരുവനന്തപുരം: ഏത് ജാതിയിലോ മതത്തിലോ പെട്ടവരായാലും കഠിനാദ്ധ്വാനം ചെയ്യാൻ തയ്യാറുള്ളവർക്ക് അമേരിക്കയിൽ ധാരാളം അവസരങ്ങളുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ. കേരളീയത്തിന്റെ ഭാഗമായി നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ നടന്ന പ്രവാസി സമൂഹവും കേരളവും എന്ന സെമിനാറിൽ പാനലിസ്റ്റായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയിലെ പ്രൊഫഷണൽ മേഖലകളിൽ മലയാളികളുടെ സാന്നിദ്ധ്യം വൻ തോതിൽ വളർന്നിട്ടുണ്ട്. ഇപ്പോൾ രാഷ്ട്രീയ രംഗത്തും ആ വളർച്ച പ്രകടമായി തുടങ്ങിയിട്ടുണ്ട്. അമേരിക്കയിലെ മലയാളി യുവത്വത്തെ വൈവിദ്ധ്യമാർന്ന രംഗങ്ങളിൽ പരിശീലിപ്പിക്കുന്നതിനൊപ്പം ഭരണമേഖലയിലേക്ക് ആകർഷിക്കാനും ഫൊക്കാന ശ്രമിച്ചു വരികയാണ്. മലയാളി അമേരിക്കയിൽ നേടിയെടുത്ത വൈദഗ്ധ്യം കേരളത്തിൽ പ്രയോജനപ്പെടുത്താൻ ഫൊക്കാന വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു വരികയാണ് .അതിന്റെ ഭാഗമാണ് അമേരിക്കയിലെന്നപോലെ നാട്ടിലും ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചത്.

സെമിനാറിൽ ആസ്റ്റർ സി.എം. ഡി ഡോ.ആസാദ് മൂപ്പൻ,ഖത്തർ സർവകലാശാലയിൽ നിന്നുള്ള ഡോ.റേ ജൂറെദിനി ,മുൻ അഡീഷണൽ ചീഫ് സെക്രട്ടറി .ഷീലാ തോമസ്, പി.ടി.കുഞ്ഞഹമ്മദ്, ഡോ.ഇരുദയരാജൻ, കെ.എൻ.ഹരിലാൽ ,നോർക്കാ സി.ഇ.ഓ ഹരികൃഷ്ണൻ നമ്പൂതിരി, തുടങ്ങിയവർ പങ്കെടുത്തു. സുമൻ ബില്ല വിഷയം അവതരിപ്പിച്ചു . പ്ളാനിംഗ് ബോർഡ് അംഗം ഡോ.കെ.രവിരാമൻ മോഡറേറ്ററായിരുന്നു.സെമിനാറിൽ ബാബു സ്റ്റീഫൻ അവതരിപ്പിച്ച വിഷയങ്ങൾ ഏറെ പ്രസക്തമാണെന്ന് മോഡറേറ്റർ ചൂണ്ടിക്കാട്ടി. നിറഞ്ഞ കരഘോഷത്തോടെയാണ് ഫൊക്കാന പ്രസിഡന്റിന്റെ വാക്കുകൾ പ്രവാസികൾ തിങ്ങിനിറഞ്ഞ സദസ്സ് സ്വീകരിച്ചത്. കേരള സർക്കാരിനു വേണ്ടി മന്ത്രി അഹമ്മദ് ദേവർകോവിൽ ബാബു സ്റ്റീഫനെ ഉപഹാരം നൽകി ആദരിച്ചു.
