
പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ മറിയക്കുട്ടി. ഇതിനായി ഇന്ന് അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയെ മറിയക്കുട്ടി സമീപിക്കും. ഇതോടൊപ്പം പെൻഷൻ വിതരണത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിലും മറിയക്കുട്ടി ഇന്ന് ഹർജി നൽകും.
മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. എന്നാൽ ഇതിന്റെ പ്രതികാരമായി മറിയക്കുട്ടി എന്ന വയോധികക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണമായിരുന്നു. തനിക്ക് വീടും ഭൂമിയുമുണ്ടെന്ന തരത്തില്‍ നേരിടേണ്ടി വന്ന വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പോരാട്ടം സംസ്ഥാന സർക്കാരിനെതിരെ ആയതിൽ ദുഃഖമില്ലെന്നും പിണറായി വിജയൻ ക്ഷേമപെൻഷൻ കിട്ടുന്നവരെ കുറച്ചുകൂടി പരിഗണിക്കണമെന്നും മറിയക്കുട്ടി പറഞ്ഞു.
നേരത്തെ മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാര്‍ത്തയിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം രംഗത്തെത്തിയിരുന്നു. മകൾ വിദേശത്തെന്ന വാർത്തയിലും പത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.