
സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശന് മറുപടിയുമായി തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരളത്തിന് അവകാശപ്പെട്ട 57,400 കോടി രൂപ ഈ വര്‍ഷവും 40,000 കോടി രൂപ കഴിഞ്ഞവര്‍ഷവും തടഞ്ഞുവെച്ച കേന്ദ്രസര്‍ക്കാരിനെതിരെ ഏതൊരു കേരളീയനും തോന്നുന്ന സ്വാഭാവിക പ്രതിഷേധം പോലും തോന്നാത്ത നിലയില്‍ അദ്ദേഹം മാറിപ്പോയെന്ന് എം.ബി. രാജേഷ് കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ നാവായി നിന്നുപോലും കേരളത്തെ ദുര്‍ബലപ്പെടുത്താനുള്ള ഈ ശ്രമങ്ങളെ പ്രതിരോധിച്ചേ മതിയാകൂവെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജനകീയ ഹോട്ടല്‍ എന്ന സങ്കല്‍പ്പം പോലും പിണറായി സര്‍ക്കാരിന്റേതായിരുന്നു. ഇതുവരെ 164.71 കോടി രൂപ ജനകീയ ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കി. ഒരു ഹോട്ടലിന് ശരാശരി 13.74 ലക്ഷം രൂപ ഈയിനത്തില്‍ ലഭിച്ചു. കെട്ടിടവും വൈദ്യുതിയും വെള്ളവും തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കി. 30,000 രൂപ വര്‍ക്കിങ് ഗ്രാന്റായി നല്‍കി. യു.ഡി.എഫ്. ഭരിക്കുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയ ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചതുപോലെ ഈ സഹായം ഉറപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവിന് പറയാനാകുമോയെന്ന് മന്ത്രി ചോദിച്ചു.
ലൈഫ് പദ്ധതിയില്‍ 3,56,108 വീടുകള്‍ നിര്‍മിച്ചു. ഈ സാമ്പത്തികവര്‍ഷം മാത്രം കരാര്‍ വെച്ച്, പണം ലഭിച്ച് വീട് നിര്‍മ്മാണം ആരംഭിച്ചവര്‍ 1,41,257 ആണ്. ഇതില്‍ 15,518 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 1,861 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടയിടത്താണ് ഇരട്ടിയോളം വീടുകള്‍ പൂര്‍ത്തീകരണത്തിലേക്ക് കടക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന കടുത്ത സാമ്പത്തിക ആക്രമണം, എല്ലാ പദ്ധതികളെയും പോലെ ലൈഫ് മിഷനെയും ബാധിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം മറികടന്നുകൊണ്ട് ഈ വീടുകള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാകുന്ന ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എം.ബി. രാജേഷ് അവകാശപ്പെട്ടു.
മലയാളിയുടെ ആത്മാഭിമാനത്തിന് 72,000 രൂപ വിലയിട്ട കേന്ദ്രസര്‍ക്കാരിനെതിരെ ഒരക്ഷരം സംസാരിക്കാത്ത പ്രതിപക്ഷനേതാവാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ആക്ഷേപം ചൊരിയുന്നത്. കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വിഹിതം നിരന്തരം തടഞ്ഞില്ലെങ്കില്‍ ഈ സമയത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് നല്‍കാന്‍ കഴിയുന്ന സ്ഥിതി വരുമായിരുന്നു. ഫണ്ട് തടഞ്ഞും നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചും ഏജന്‍സികളെ ഉപയോഗിച്ചും ലൈഫ് മിഷനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. നവകേരളസദസിന് ലഭിക്കുന്ന വര്‍ധിച്ച പിന്തുണയില്‍ പ്രതിപക്ഷത്തിനുള്ള അങ്കലാപ്പ് ഇങ്ങനെ പലവിധത്തില്‍ പുറത്തുവരുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.