
തമിഴ്നാട് മോട്ടർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് പെർമിറ്റ് ലംഘിച്ചതിന് പതിനായിരം രൂപ പിഴയീടാക്കി വിട്ടുനൽകി. നിറയെ യാത്രക്കാരുമായി ബസിന്റെ കോയമ്പത്തൂർ പത്തനംതിട്ട സർവീസ് പുനരാരംഭിച്ചു. നിയമ പോരാട്ടം തുടരുമെന്നും പത്തനംതിട്ട പമ്പ സർവീസാണ് അടുത്ത ലക്ഷ്യമെന്നും റോബിൻ ബസ് നടത്തിപ്പുകാരൻ ബേബി ഗിരീഷ് പറഞ്ഞു. ആഢംബര ബസുകൾക്കെതിരെ ബോധപൂർവം കനത്ത പിഴ ചുമത്തുന്ന മോട്ടർ വാഹന വകുപ്പിനെതിരെ സമരം തുടങ്ങുമെന്ന് ബസുടമ അസോസിയേഷൻ അറിയിച്ചു.
നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് റോബിൻ ബസ് വിട്ടുനൽകിയത്. കൃത്യം അഞ്ച് മണിക്ക് തന്നെ കോയമ്പത്തൂർ പത്തനംതിട്ട സർവീസ് പുനരാരംഭിച്ചു. ബസ് പത്തനംതിട്ട ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ട്. കൃത്യമായ സർവീസ് ഉറപ്പാക്കാൻ നിയമ പോരാട്ടം തുടരുമെന്നാണ് ഗിരീഷ് അറിയിച്ചിട്ടുള്ളത്.