സങ്കടക്കടലായി നെടുമ്പാശേരി വിമാനത്താവള പരിസരം. കുടുംബത്തിന്‍റെ മുഴുവന്‍ പ്രതീക്ഷയുമേറി വിദേശത്തേക്ക് പോയി ജീവന്‍ നഷ്ടപ്പെട്ട് അവര്‍ ചേതനയറ്റ ശരീരങ്ങളായി തിരിച്ചെത്തുമ്പോള്‍ വാക്കുകള്‍ മുറിഞ്ഞ് നിശ്ചലമായി നാട് മുഴുവന്‍. ഒരാഴ്ച മുന്‍പ് മാത്രം പ്രവാസിയായ ബിനോയ് ..ആദ്യമായി ജോലിക്ക് പോയി വന്ന ദിവസമാണ് തീനാളം ബിനോയിയുടെ ജീവനെടുത്തത്. അതുപോലെ 23പേര്‍ക്കും പറയാനുണ്ട് ഒാരോ കഥകള്‍ . ജീവിത സ്വപ്നങ്ങള്‍ മുറിഞ്ഞ് അവസാന യാത്രയ്ക്കായി അവരെത്തിയപ്പോള്‍ പരസ്പരം ആശ്വസിപ്പിക്കാനാവാതെ നീറുന്ന കാഴ്ച. ഒരൊറ്റ ദിവസം കൊണ്ട് ഒരു നാടിന്‍റെയൊന്നാകെ ഹൃദയം കവര്‍ന്ന മനുഷ്യര്‍. ദുഖം തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷമാണ് അവരുടെ വീടുകള്‍ക്കൊപ്പം ഓരോ മലയാളിയുടെ മനസിലും.

നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ഒരു ഫ്ലാറ്റില്‍ ജീവിച്ചവര്‍ ഒരു വിമാനത്തില്‍ അവസാന യാത്രയ്ക്ക് ജന്മനാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഒരു നാടും മുഖ്യമന്ത്രിയടക്കം ജനപ്രതിനിധികളും അവരെ കൊണ്ടുപോവാന്‍ എത്തിയിരിക്കുന്നു.സംസ്ഥാന സര്‍ക്കാരിന്‍റെ ആദരം ഏറ്റുവാങ്ങിയശേഷം ഒാരോ ആംബുലന്‍സുകളിലായി വീടുകളിലേക്ക് അവര്‍ പോകും, ഒരിക്കലും മടങ്ങിവരാത്ത അന്ത്യയാത്രയ്ക്കായി.