കൊച്ചി മാടവനയിൽ ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കല്ലട ബസിന്റെ അമിതവേഗമെന്ന് നിഗമനം. മഴപെയ്ത് നനഞ്ഞ് കിടന്ന റോഡിൽ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ബസിന്റെ പുറകിൽ ഇടതുവശത്തെ രണ്ട് ടയറുകളും ഏറെക്കുറെ തേഞ്ഞ് തീർന്ന നിലയിലായിരുന്നു.

ജംക്ഷനിലെ സിഗ്നൽ സംവിധാനത്തിൽ അപാകത സംബന്ധിച്ചും സംശയങ്ങളുണ്ട്. ഇതും അപകടത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ പാൽപാണ്ടിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ, അപകടകരമാം വിധം വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ്.

അപകടത്തിൽ മരിച്ച വാഗമൺ ഉളുപ്പുണ്ണി സ്വദേശി ജിജോ സെബാസ്റ്റ്യന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ജിജോ ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ചൊവ്വാഴ്ച നടക്കും.