തിരുവനന്തപുരം : എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ജോലിയില്‍ പ്രാവീണ്യമില്ലെന്ന പരാതിക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമം. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് വ്യവസായ സ്ഥാപനങ്ങളിലും മറ്റും ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്താനാണ് തീരുമാനം. എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടേതാണ് ഈ തീരുമാനം.

വ്യവസായ മേഖലയിലെ മാറ്റം അറിയുന്നതിനും പഠനവും വ്യവസായലോകവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുമാണ് ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്ന് സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം.അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. ആദ്യത്തെ രണ്ട് സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കി മൂന്നാം സെമസ്റ്ററിന് മുമ്പുള്ള ഇടവേളയിലാണ് ഇന്റേണ്‍ഷിപ്പ് നടത്തേണ്ടത്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള വ്യവസായ സ്ഥാപനത്തെയോ, കമ്പനിയെയോ ഇതിനായി തിരഞ്ഞെടുക്കാം. ചെറുകിട വ്യവസായ മേഖലയിലൊ, തദ്ദേശീയ ഗ്രാമീണ വ്യവസായ സ്ഥാപനത്തിലൊ ഇന്റേണ്‍ഷിപ്പ് ചെയ്യാം.

ആദ്യവര്‍ഷം തന്നെ വ്യവസായ ലോകവുമായി പരിചയപ്പെടുന്നത് തുടര്‍ പഠനത്തില്‍ കൂടുതല്‍ വ്യക്തതയും താത്പര്യവും ഉണ്ടാകുന്നതിന് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. അതത് കോളേജ് അധികൃതര്‍ തന്നെയാണ് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കേണ്ടത്.

സെമസ്റ്റര്‍ ഇടവേളകളിലെ അവധിക്കാലത്ത് കോര്‍പ്പറേറ്റ് രംഗത്തെയും വ്യവസായ മേഖലയിലെയും പ്രമുഖ വ്യക്തികളുമായി വിദ്യാര്‍ഥികള്‍ക്ക് ആശയവിനിമയം ചെയ്യുന്നതിനുള്ള അവസരം ഒരുക്കണമെന്നും സര്‍വകലാശാല നിര്‍ദേശിക്കുന്നു. കൂടാതെ പ്രമുഖ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് പ്രോജക്ടുകള്‍ ചെയ്യാനും പ്രോത്സാഹനം നല്‍കണം. എല്ലാ വിഷയങ്ങളും ജയിച്ചവര്‍ മാത്രമല്ല, ഭാവിയില്‍ വ്യവസായലോകത്ത് തൊഴില്‍ ഉദ്ദേശിക്കുന്നവര്‍ക്കെല്ലാം ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കണമെന്നും സര്‍വകലാശാല നിര്‍ദേശിച്ചു.

നിലവില്‍ സ്വന്തം നിലയില്‍ ചില എന്‍ജിനീയറിങ് കോളേജുകള്‍ കുട്ടികള്‍ക്ക് ഇന്റേണ്‍ഷിപ്പ് സംവിധാനമൊരുക്കിയിട്ടുണ്ട്. ചില കോളേജുകള്‍ സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളിലും മറ്റും പ്രോജക്ട് ചെയ്യുന്നതിനുള്ള അവസരവും കുട്ടികള്‍ക്ക് ലഭ്യമാക്കുന്നു. ഇത് വളരെയേറെ പ്രയോജനകരമാണെന്ന് കണ്ടാണ് ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ സര്‍വകലാശാലാ തലത്തില്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here