തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പല പരിപാടികള്‍ക്കും വന്‍ധൂര്‍ത്തും പണച്ചെലവും. ജംപിംഗ്പിറ്റൊരുക്കാനുള്ള മണലിനു മാത്രം അമ്പതിനായിരം രൂപയോളം ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ട്. യാത്രാ ബത്ത എന്ന നിലയിലും തോന്നുംപടി പോലെ പണം എഴുതി എടുത്തതിന്റെ രേഖകള്‍ പുറത്തു വന്നു.

സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ യാത്ര ഇനങ്ങളിലും മറ്റുമായി വന്‍തുക ചെലവഴിച്ചു എന്നതിന്റെ രേഖകളാണ് പുറത്തുവന്നത്. കാസര്‍ഗോഡ് ജംപിംഗ് പിറ്റില്‍ മണല്‍ ഇറക്കിയ വകയില്‍ 54,655 രൂപയാണ് ചെലവഴിച്ചത്. എത്ര ക്വാണ്ടിറ്റി മണലിറക്കി എന്നു പോലും കൗണ്‍സിലിന് ധാരണ ഇല്ല. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ ഹോസ്റ്റല്‍ സൗകര്യം വിലയിരുത്താന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ നടത്തിയ സന്ദര്‍ശനത്തിനായി 56876 രൂപയാണ് ചെലവഴിച്ചത്. എങ്ങനെയാണ് ഇത്രയും ചെലവു വന്നതെന്ന് കൃത്യമായി ധാരണ ഇല്ല.

പല വന്‍കിട ക്ലബ്ബുകള്‍ക്കും മറ്റും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വന്‍ സൗകര്യങ്ങളും ചെയ്തു നല്കി. തിരുവനന്തപുരത്തെ സമ്പന്നന്മാരുടെ ക്ലബ്ബായ ടെന്നീസ് ക്ലബ്ബിനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സൗകര്യങ്ങള്‍ നല്‍കി. ടെന്നീസിന്റെ റീജിയണല്‍ കോച്ചിംഗ് സെന്റര്‍ ടെന്നീസ് ക്ലബ്ബിന് അനുവദിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഒരു മികച്ച കോച്ചിന്റെ സേവനം കൂടി ടെന്നീസ് ക്ലബ്ബിന് വിട്ടു നല്‍കി. കൂടാതെ 200 ടെന്നീസ് ബോളുകളും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടെന്നീസ് ക്ലബ്ബിന് കൈമാറി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലെടുത്ത തീരുമാനങ്ങള്‍ കായികവകുപ്പ് പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here