തിരുവനന്തപുരം∙ വിഴിഞ്ഞം പദ്ധതി അദാനിയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഹൈക്കമാൻഡിന് എതിർപ്പുണ്ടെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞതായി ബിജെപി നേതാവ് ഒ.രാജഗോപാലും നേരത്തെ അറിയിച്ചിരുന്നു. പദ്ധതി കക്ഷി രാഷ്ട്രീയത്തിനതീതമായി കാണണമെന്നും തടസ്സമുണ്ടായാൽ ജനകീയ സമരം നയിക്കുമെന്നും രാജഗോപാൽ പറഞ്ഞിരുന്നു.

അതേസമയം, ഹൈക്കമാൻഡിനെ അറിയിക്കാതെയുള്ള വിഴിഞ്ഞം കരാർ ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. സർവകക്ഷിയോഗത്തിൽ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പങ്കെടുത്തില്ല. ഇതും ഹൈക്കമാൻഡിന്റെ അതൃപ്തിയും തമ്മിൽ ബന്ധമുണ്ടെന്നും കോടിയേരി പറഞ്ഞു. എന്നാൽ വിഴിഞ്ഞം പദ്ധതിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ.ബാബു വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പദ്ധതിക്കായുള്ള അനുമതിപത്രം വൈകുന്നത് സാങ്കേതികംമാത്രമെന്നാണ് സർക്കാർ വിശദീകരണം. നടപടികൾ പുരോഗമിക്കുകയാണെന്ന് തുറമുഖമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here