തിരുവനന്തപുരം∙ ബാർ കോഴക്കേസിൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തെത്തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കേസിൽ മന്ത്രി കെ.എം. മാണിയെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമമുണ്ടായി എന്നാരോപിച്ചാണ് നിയമസഭാ നടപടികൾ പ്രതിപക്ഷം ബഹിഷ്കരിച്ചത്.

വിഷയത്തിൽ സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ ബഹളമുണ്ടായിരുന്നു. പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്. സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. ബാർ കോഴക്കേസിൽ കെ.എം. മാണിക്കെതിരായ ആരോപണം സർക്കാർ അട്ടിമറിച്ചെന്നാരോപിച്ചായിരുന്നു ബഹളം.

തുടർന്ന് ബാർ കോഴക്കേസിൽ കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. കെ.സുരേഷ് കുറുപ്പ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിപക്ഷം ബഹളം വച്ചു. പിന്നാലെ സഭാ നടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.

ബാർ കോഴക്കേസ് പൂർണമായും അട്ടിമറിക്കപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു. മാണിയെ എങ്ങനെയും രക്ഷിക്കാനുള്ള അവസാനത്തെ ശ്രമം കൂടിയാണ് യുഡിഎഫ് നടത്തുന്നത്. മാണി ശുദ്ധനാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. മാണിയെ രക്ഷിക്കാനാണ് ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ശ്രമം. സമരമെങ്കിൽ സമരം അല്ലെങ്കിൽ നിയമ മാർഗത്തിലൂടെ സർക്കാരിന്റെ നടപടികളെ ശക്തമായി എതിർക്കുമെന്നും വിഎസ് വ്യക്തമാക്കി.

അതേസമയം, കേസിൽ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നീതിപൂർവമായ അന്വേഷണമാണ് നടന്നത്. അന്വേഷണ ഉദ്യേഗസ്ഥർ നിയമോപദേശം തേടിയത് സ്വാഭാവികമാണെന്നും ചെന്നിത്തല വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here