1436630749_11tvpt-ramesh222_266655f
തിരുവനന്തപുരം: കോട്ടയത്ത് പൊലീസ് കസ്റ്റഡില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസിന്‍െറ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും. ആരെയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
പട്ടികജാതിക്കാരനായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മദ്യപിച്ച് വഴക്കുണ്ടാക്കിയതിന്‍െറ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പാറക്കല്‍ സിബിയെ (40) മരങ്ങാട്ടുപിള്ളി എസ്.ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. പൊലീസിനെ ക്രിമിനല്‍വത്കരിച്ച സര്‍ക്കാറിന്‍െറ നയമാണിതെന്നും അവര്‍ പറഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ആര്‍.ഡി.ഒ, വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കണം. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ പൂര്‍ണമായി വീഡിയോയില്‍ ചിത്രീകരിക്കണം. മരണം നേരത്തേ ഉറപ്പിച്ചിട്ടും വെന്‍റിലേറ്റര്‍ മാറ്റുന്നത് ശനിയാഴ്ചത്തേക്ക് നീട്ടിയത് പ്രതിഷേധത്തിന്‍െറ ശക്തി തണുപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ്. കുറ്റക്കാരായ എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. യുവാവിന് മര്‍ദനമേറ്റത് 12വയസ്സുകാരനുമായി വഴക്കിട്ടതിന്‍െറ പേരിലാണെന്ന് പറയുന്ന പൊലീസ് സ്റ്റേഷനിലത്തെിച്ചിട്ടും വൈദ്യപരിശോധനക്ക് വിധേയമാക്കിയില്ല. പൊലീസ് ഓഫിസേഴ്സ് അസോ. ജില്ലാഭാരവാഹികൂടിയായ എസ്.ഐയുടെ പേരില്‍ നേരത്തേയും ആരോപണമുണ്ട്. കസ്റ്റഡിയിലെടുത്ത് തല്ലിക്കൊല്ലുന്നത് കഴിവായിട്ടാണ് പൊലീസ് കാണുന്നത്. കസ്റ്റഡിയിലെടുത്ത് പിറ്റേദിവസമാണ് പാലാ ആശുപത്രിയില്‍ യുവാവിനെ ചികിത്സക്കായി കൊണ്ടുവന്നത്. ഗുരുതരമാണെന്ന് പറഞ്ഞതോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമായ സിബിയുടെ മരണകാരണം തലക്കുപിന്നിലെ ആഘാതമാണെന്നും നേതാക്കള്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് തിങ്കളാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here