കൊച്ചി ∙ ആനവേട്ട സംഘത്തിലെ പ്രധാനി ഐക്കരമറ്റം വാസുവിന്റെ ബന്ധുക്കളും സഹായികളുമടക്കം മൂന്നു പേർ അറസ്റ്റിൽ. വാസുവിന്റെ സഹോദരി അംബിക, ഭർത്താവ് ലക്ഷ്മണൻ, വാസുവിന്റെ സഹായി ഷീജ എന്നിവരാണ് അറസ്റ്റിലായത്. വേട്ടയാടി കൊന്ന ആനയുടെ കൊമ്പുകൾ വിൽപനയ്ക്കായി സൂക്ഷിച്ചത് ഇവരാണ്. മൂവാറ്റുപുഴയിലെ ഇവരുടെ വീട്ടിൽ വച്ച് ആനക്കൊമ്പ് ഇടപാടുകൾ നടന്നതായി കണ്ടെത്തി. അതേസമയം, ആനവേട്ടസംഘം വ്യാപാരികള്‍ക്ക് ആനക്കൊമ്പ് വിറ്റത് കാലടിയിലെ ഹോട്ടലില്‍ വച്ചാണെന്ന് വനംവകുപ്പ് സംഘത്തിന് വിവരം ലഭിച്ചു.
അറസ്റ്റിലായ പ്രതികളില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് പുലര്‍ച്ചെ ഐക്കരമറ്റം വാസുവിന്‍റെ ബന്ധുക്കളടക്കം മൂന്ന് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂവാറ്റുപുഴയിലെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കാലടിയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു ആനക്കൊമ്പിന്‍റെ കച്ചവടം നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തിരുവനന്തപുരത്തു നിന്നും വ്യാപാരികള്‍ കാലടിയിലെ ഹോട്ടലിലെത്തിയാണ് ആനക്കൊമ്പ് വാങ്ങിയിരുന്നത്.
ആനവേട്ട സംഘത്തിലെ പ്രധാനിയായ ഐക്കരമറ്റം വാസു ഈ വര്‍ഷം ജനുവരി 17ന് ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. അന്ന് വന്‍തുകയുടെ ആനക്കൊമ്പ് കച്ചവടം നടന്നെന്നും കണ്ടെത്തി. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി പ്രിസറ്റനില്‍ നിന്നാണ് അന്വേഷണസംഘത്തിന് ഈ വിവരങ്ങള്‍ ലഭിച്ചത്. ആനവേട്ട സംഘത്തിലെ പ്രധാനികളായ വാസു, എല്‍ദോസ്, അജീഷ്, ജിജോ എന്നിവരെ കണ്ടെത്താന്‍ ഇനിയും വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.