തിരുവനന്തപുരം∙ ഡിജിറ്റൽ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാകാൻ കേരളം ഒരുങ്ങുന്നു. അതിവേഗ ഇന്റർനെറ്റ് സൗകര്യത്തിനുള്ള നാഷനൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് സ്ഥാപിക്കുന്ന ജോലികൾ ഏതാണ്ടു പൂർത്തിയാവുകയും സർക്കാർ സേവനങ്ങളിൽ ഭൂരിഭാഗവും ഇന്റർനെറ്റ് വഴി ലഭ്യമാക്കുകയും ചെയ്തതോടെയാണു ഡിജിറ്റൽ കേരളം യാഥാർഥ്യമാകുന്നത്. പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അടുത്ത മന്ത്രിസഭായോഗത്തിൽ അന്തിമ തീരുമാനമെടുക്കും.

ഗോവയുമായാണ് ആദ്യ ഡിജിറ്റൽ സംസ്ഥാനപദവിക്കു കേരളം മൽസരിക്കുന്നത്. കേരളത്തെക്കാൾ കുറഞ്ഞ ഭൂവിസ്തൃതിയും ജനസംഖ്യയുമുള്ള ഗോവയ്ക്കു ഡിജിറ്റൽ പദവി താരതമ്യേന എളുപ്പമാണെങ്കിലും സർക്കാർ സേവനങ്ങളിൽ ഐടി സാധ്യതകൾ ലഭ്യമാക്കുന്ന കാര്യത്തിൽ അവർ ഇപ്പോഴും പിന്നിലാണ്. ഡിജിറ്റൽ കേരള പ്രഖ്യാപനത്തിനായി ഐടി മിഷൻ തയാറാക്കിയ റിപ്പോർട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കു കൈമാറി. ഇതു പരിഗണിച്ചശേഷമാകും മന്ത്രിസഭാ തീരുമാനം. എല്ലാ പഞ്ചായത്തുകളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്ന ദേശീയ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് പദ്ധതി ഈ മാസത്തോടെ പൂർത്തിയാകും. പദ്ധതി പൂർത്തിയായ രാജ്യത്തെ ആദ്യജില്ലയായി ഇടുക്കിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സർക്കാരിന്റെ ഐടി സേവനങ്ങൾ നിയന്ത്രിക്കുന്ന ടെക്നോപാർക്കിലെ സ്റ്റേറ്റ് ഡേറ്റാ സെന്റർ (എസ്ഡിസി) പൂർണമായി ക്ലൗഡ് സംവിധാനത്തിലേക്കു മാറിക്കഴിഞ്ഞു. ഓരോ വകുപ്പിനും ഐടി സേവനങ്ങൾ നൽകാൻ ഇനി പ്രത്യേകം സർവറുകൾ വേണ്ട. ഇന്ത്യയിൽ രണ്ടാമത്തെ ക്ലൗഡ് സംവിധാനമാണ് എസ്ഡിസിയിൽ ഒരുക്കിയിരിക്കുന്നത്.

ഇ–ഗവേണൻസിന്റെ തുടർച്ചയായി സർക്കാർ സേവനങ്ങൾ എം–ഗവേണൻസ് വഴി ലഭ്യമാക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. വൈദ്യുതി ബിൽ അടയ്ക്കുന്നതു മുതൽ ജനന–മരണ സർട്ടിഫിക്കറ്റുകൾ വരെയുള്ള സർക്കാർ സേവനങ്ങളും മൊബൈൽഫോൺ വഴി ലഭ്യമാക്കാനായി ഐടി മിഷൻ വികസിപ്പിക്കുന്ന ലളിതമായ ആപ്ലിക്കേഷൻ ഉടൻ പുറത്തിറങ്ങും. സ്മാർട് ഫോൺ ഇല്ലാത്തവർക്കും സേവനം ലഭ്യമാക്കുന്ന തരത്തിലാണ് ആപ് തയാറാക്കുന്നത്.

ഐടി വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വൈ ഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിക്കുന്ന പദ്ധതി തുടങ്ങി. ആദ്യഘട്ടത്തിൽ 100 പഞ്ചായത്തുകൾ ഒരു മാസത്തിനുള്ളിൽ വൈ–ഫൈ ഹോട്ട് സ്പോട്ടുകളാകും. സംസ്ഥാനത്തെ അയ്യായിരത്തിലേറെ വരുന്ന സർക്കാർ സ്കൂളുകൾ വൈഫൈ സംവിധാനത്തിലേക്കു മാറ്റുന്ന പദ്ധതി ഐടി അറ്റ് സ്കൂളിന്റെ കീഴിൽ നടപ്പാക്കുന്നുണ്ട്. ഐടി അറ്റ് സ്കൂളിന്റെ ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് പദ്ധതി, പൊതുജനങ്ങളുടെ സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കാനുള്ള ഡിജിറ്റൽ ലോക്കർ പദ്ധതി തുടങ്ങിയവയും ഡിജിറ്റൽ മുന്നേറ്റത്തിൽ േകരളത്തെ മുൻനിരയിലെത്തിക്കുന്നു.

കേരളം ഡിജിറ്റൽ: ഒറ്റനോട്ടത്തിൽ

∙ ജനസംഖ്യ –3.3 കോടി

∙ മൊബൈൽ ഫോൺ കണക്‌ഷൻ– 3.1 കോടി

∙ ഇന്റർനെറ്റ് കണക്‌ഷൻ– 1.23 കോടി

∙ ആധാർ കാർഡ് –3.17 കോടി

∙ ഇ–ഡിസ്ട്രിക്ട് വഴി സർട്ടിഫിക്കറ്റുകൾ– 1.5 കോടി

∙ പഞ്ചായത്തുകൾ– 1000

∙ അക്ഷയ കംപ്യൂട്ടർ സേവനകേന്ദ്രങ്ങൾ– 2300

LEAVE A REPLY

Please enter your comment!
Please enter your name here