ന്യൂഡൽഹി∙ ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരെ ശശി തരൂർ നടത്തിയ പ്രസംഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഓക്സ്ഫഡ് സർവകലാശാലയിൽ നടത്തിയ പ്രസംഗം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ഉയർത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കോളനിവാഴ്ചയിലൂടെ ഇന്ത്യയെ സാമ്പത്തികമായി തകർത്തതിനു ബ്രിട്ടൻ പ്രായശ്ചിത്തം ചെയ്യണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുള്ള എംപിയുടെ പ്രസംഗം ഫെയ്സ്ബുക്കിലും യൂട്യൂബിലും വൈറലായതിനു പിന്നാലെയാണ് മോദിയുടെ അഭിനന്ദനം വന്നത്.

ഓക്സ്ഫഡ് സർവകലാശാലയിൽ അടുത്തിടെ നടന്ന ചർച്ചയിലെ 15 മിനിറ്റ് പ്രസംഗത്തിന്റെ വിഡിയോ കഴിഞ്ഞയാഴ്ചയാണു യൂട്യൂബിൽ വന്നത്. വിഡിയോ കണ്ടവർ ഇതിനോടകം അഞ്ചുലക്ഷം കവി‍ഞ്ഞു.

 

ബ്രിട്ടിഷുകാർ കോളനി ഭരണത്തിനായി എത്തുമ്പോൾ, ലോക സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് 23 ശതമാനമായിരുന്നെന്നും ഇന്ത്യ വിടുമ്പോൾ അത് നാലു ശതമാനമായി കുത്തനെ ഇടിഞ്ഞുവെന്നും തരൂർ പറഞ്ഞു. ബ്രിട്ടൻ സ്വന്തം ആവശ്യത്തിനായാണ് ഇന്ത്യ ഭരിച്ചത്. ഇരുനൂറു കൊല്ലംകൊണ്ടു ബ്രിട്ടൻ കൈവരിച്ച സാമ്പത്തിക നേട്ടങ്ങളൊക്കെയും ഇന്ത്യയെ ചൂഷണംചെയ്തുണ്ടാക്കിയതാണ്. ഇതിന്റെ കടംവീട്ടേണ്ട ബാധ്യത ബ്രിട്ടനുണ്ടെന്നും തരൂർ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here