ഇടുക്കി: കേരളത്തില്‍ കാലവര്‍ഷത്തിന്റെ തീവ്രത കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അണക്കെട്ടുകളില്‍ നാല്‍പത് ശതമാനത്തിലധികം വെള്ളം കുറഞ്ഞു. നിലവില്‍ 75 ദിവസം വൈദ്യുതി ഉത്പാദിക്കാനുള്ള വെള്ളം മാത്രമാണ് സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അവശേഷിക്കുന്നത്.

വൈദ്യുതി വകുപ്പിന്റെ പ്രതീക്ഷയെല്ലാം തകിടം മറിച്ചാണ് സംസ്ഥാനത്ത് കാലവര്‍ഷം പുരോഗമിക്കുന്നത്. ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ള ഇടുക്കിയില്‍ മഴ ഗണ്യമായി കുറഞ്ഞു. ഏറ്റവും വലിയ വൈദ്യുതപദ്ധതിയായ ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തും കാര്യമായ മഴ ലഭിച്ചില്ല. മുന്‍ വര്‍ഷത്തേക്കാള്‍ ഇടുക്കിയില്‍ ലഭിക്കുന്ന മഴയില്‍ 30 ശതമാനത്തിന്റെ കുറവുണ്ട്. അണക്കെട്ടിലിപ്പോള്‍ 446 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണ് നിലവിലുള്ള്ത്.

കഴിഞ്ഞ വര്‍ഷം ഇതേസമയം 720 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമുണ്ടായിരുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തും മഴ കുറഞ്ഞതും ആശങ്ക വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 960 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണുള്ളത്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ശരാശരി 62 ദശലക്ഷം യൂണിറ്റാണ്. 12 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തെ ശരാശരി ഉത്പാദനം.

50 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും വാങ്ങുകയാണ്. ഇതനുസരിച്ച് ഡാമുകളില്‍ 75 ദിവസത്തേയ്ക്കുള്ള വെള്ളം മാത്രമാണ് ശേഖരിച്ചിട്ടുള്ളത്. നിലവില്‍ ചെറുകിട വൈദ്യുതി പദ്ധതികളില്‍ നിന്നാണ് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. മഴ കുറയുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും വര്‍ധിക്കും. ഇത് വൈദ്യുതി വകുപ്പിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. വരും ദിവസങ്ങളില്‍ മഴ ശക്തിയാകുന്നതിനു സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here