ന്യൂഡൽഹി∙ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ 2015 ജൂലൈ 24 വരെ റജിസ്റ്റർ ചെയ്തിട്ടുള്ളത് 1866 രാഷ്ട്രീയ പാർട്ടികളെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രേഖ. 2014 മാർച്ചിനും 2015 ജൂലൈയ്ക്കുമിടയിൽ 239 പുതിയ രാഷ്ട്രീയ പാര്‍ട്ടികൾ കൂടി റജിസ്റ്റർ ചെയ്തതോടെയാണ് മൊത്തം പാർട്ടികളുടെ എണ്ണം 1866ൽ എത്തിയത്.

കമ്മിഷന്റെ കണക്കനുസരിച്ച് ഈ വർഷം ജൂലൈ 24 വരെ ഇന്ത്യയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത് 1866 രാഷ്ട്രീയ പാർട്ടികളാണ്. ഇതിൽ 56 പാർട്ടികൾ ദേശീയ പാർട്ടികളായോ സംസ്ഥാന പാർട്ടികളായോ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുള്ളവയാണ്. ബാക്കിയുള്ളതിൽ മിക്കവയും ഈർക്കിൽ പാർട്ടികളാണ്. ഇവയ്ക്ക് അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ സ്വന്തം ചിഹ്നത്തിൽ സ്ഥാനാർഥികളെ നിർത്താനാകില്ല.

തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടുന്ന സ്വതന്ത്ര ചിഹ്നങ്ങളിൽ നിന്ന് ഉചിതമായത് തിരഞ്ഞെടുത്ത് മൽസരിക്കാം. കമ്മിഷന്റെ ഏറ്റവും പുതിയ സർക്കുലർ പ്രകാരം ഇത്തരം 84 സ്വതന്ത്ര ചിഹ്നങ്ങൾ ലഭ്യമാണ്. ശീതീകരണ യന്ത്രം, അലമാര, ബലൂൺ, ചെരുപ്പ്, തേങ്ങ, ജനാല, കാർപറ്റ്, കുപ്പി മുതലായവയെല്ലാം ഇത്തരം സ്വതന്ത്ര ചിഹ്നങ്ങളിൽപ്പെടുന്നവയാണ്.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തിയത് 464 രാഷ്ട്രീയ പാർട്ടികളാണെന്നും കമ്മിഷൻ പുറത്തുവിട്ട രേഖയിൽ പറയുന്നു. പാർലമെന്റിൽ ഉപയോഗിക്കുന്നതിനായി കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറിയ രേഖയിലാണ് ഈ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here