ന്യൂഡൽഹി∙ രാജ്യത്തെ ചരക്ക് നീക്കത്തിൽ നിർണായക മാറ്റത്തിന് വഴിതെളിച്ച് ചരക്ക് തീവണ്ടികൾക്കും സമയക്രമം നിശ്ചയിക്കാൻ ഇന്ത്യൻ റയിൽവെ ഒരുങ്ങുന്നു. രാജ്യത്തെ മുൻനിര ചരക്ക് ഗതാഗത സംവിധാനമായിരുന്ന ഇന്ത്യൻ റയിൽവെയിലേക്ക് കൂടുതൽ ചരക്കുകൾ ആകർഷിക്കുന്നതിനും ചരക്കുനീക്കം സമയബന്ധിതമായി പൂർത്തിയാക്കി സൽപ്പേര് വീണ്ടെടുക്കുന്നതിന്റെയും ഭാഗമായാണ് ചരക്ക് തീവണ്ടികൾക്കും സമയക്രമം നിശ്ചയിക്കാനുള്ള റയിൽവെ നീക്കം.

നിലവിൽ തിരക്കേറിയ പാതകളിൽ യാത്രാ തീവണ്ടികൾക്കായി ചരക്ക് വണ്ടികൾ പിടിച്ചിടുന്നത് പതിവാണ്. ഇതുമൂലം ചരക്കു ഗതാഗതം വൻതോതിൽ വൈകാനാരംഭിച്ചതോടെയാണ് മറുമരുന്നുമായി റയിൽവെയുടെ രംഗപ്രവേശം. ചരക്ക് തീവണ്ടികൾക്കും ടൈം ടേബിൾ വരുന്നതോടെ ഈ പ്രതിസന്ധി പരിഹരിക്കാമെന്നാണ് റയിൽവെ കണക്കുകൂട്ടുന്നത്. സമയബന്ധിതമായി ചരക്കുകൾ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിലൂടെ വിശ്യാസ്യത വീണ്ടെടുത്ത് കൂടുതൽ ചരക്കുകൾ ആകർഷിക്കാമെന്നും റയില്‍വെ കണക്കുകൂട്ടുന്നു.

ഒരു കാലത്ത് രാജ്യത്തെ 80 ശതമാനം ചരക്ക് നീക്കങ്ങളും റയിൽ പാതകളിലൂടെയായിരുന്നു. ചരക്കുകൾ കൃത്യ സമയത്ത് ലക്ഷ്യത്തിലെത്തിക്കുന്നതിൽ റയിൽവെ പരാജയപ്പെട്ടതോടെ ചരക്കു ഗതാഗതത്തിന് റയിൽവെയെ ആശ്രയിച്ചിരുന്നവർ ചരക്ക് നീക്കം റോഡ് വഴിയാക്കുകയായിരുന്നു. അതോടെ റെയിൽവെ വഴിയുള്ള ചരക്കു നീക്കം കുത്തനെ ഇടിഞ്ഞ് 36 ശതമാനത്തിലെത്തി.

ചരക്ക് തീവണ്ടികൾക്ക് ടൈം ടേബിൾ കൊണ്ടുവരുന്നതിന് പുറമെ, കൂടുതൽ ചരക്കുകൾ ആകർഷിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് റയിൽവെ തയാറാക്കി വരുന്നത്. ചരക്ക് തീവണ്ടികളുടെ വേഗത മണിക്കൂറിൽ 25 കിലോമീറ്റർ എന്നതിൽനിന്ന് 100 കിലോമീറ്ററായി വർധിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here