ശ്രീനഗർ ∙ ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിലെ കെറാണ്‍ സെക്ടർ വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ടു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഒരു കൂട്ടം ഭീകരർ അതിർത്തി വഴി നുഴഞ്ഞു കയറുന്നുവെന്ന വിവരത്തെത്തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. സൈനികരെ കണ്ടതോടെ ഭീകരർ വെടിയുതിർത്തു. തിരിച്ച്് സൈന്യം നടത്തിയ വെടിവയ്പ്പിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസമായി അതിർത്തിയിൽ നിരന്തരമായി പ്രശ്നങ്ങൾ നടക്കുകയാണ്.

ഇന്നുതന്നെ കുപ്‍വാരയിലെ ടാങ്ഥറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിന്നു. മൂന്നു സൈനികർക്ക് പരുക്കേറ്റു. അർധരാത്രിയോടെയാണ് നിയന്ത്രണ രേഖയിലെ ടാങ്ഥർ പ്രദേശത്ത് ഭീകരരും സൈനികരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടങ്ങിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ കുറച്ചുദിവസമായി അതിർത്തി ഗ്രാമങ്ങൾക്കു നേരെ പാക്കിസ്ഥാൻ വെടിവയ്പ് നടത്തുകയാണ്.

നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ രാത്രി പാക്ക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ വെടിവയ്പ്പാണ് ഉണ്ടായത്. മോട്ടോർ ഷെല്ലുകളും വലിയ തോക്കുകളും ഉപയോഗിച്ചായിരുന്നു വെടിവയ്പ്പ്. ആദ്യമായി 120 എംഎം മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ചാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. രാത്രി 11.30 മുതൽ പുലർച്ചെ 4.30 വരെ പാക്ക് ആക്രമണം തുടർന്നു.

ഈ മാസം മാത്രം 16 വെടിനിർത്തൽ കരാർലംഘനമാണ് പാക്കിസ്ഥാൻ നടത്തിയത്. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഇന്ത്യൻ സൈന്യവും ശക്തമായ തിരിച്ചടി നൽകിയെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തി വഴി ഭീകരരെ ഇന്ത്യയിലേക്ക് കടക്കുന്നത് സഹായിക്കാനാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഉധംപൂരിൽ നിന്ന് ഒരു പാക്ക് ഭീകരനെ ജീവനോടെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ലക്ഷ്കറെ തയിബ ഭീകരരായ നാലുപേർ ഇന്ത്യൻ അതിർത്തി കടന്ന് ജമ്മു കശ്മീരിലെത്തിയതായി ഇയാൾ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here