ഹൈദരാബാദ് ∙ ഫെഡറേഷൻ കപ്പ് ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ തുടർച്ചയായ രണ്ടാം തവണയും കേരളം ജേതാക്കൾ. 189 പോയിന്റുകൾ നേടിയ കേരളം അവസാനദിനമായ ഇന്നലെ ഹരിയാനയെ രണ്ടാം സ്ഥാനത്തേക്കു തള്ളി. ഹരിയാനയ്ക്ക് 161 പോയിന്റ്. പെൺകുട്ടികളുടെ വിഭാഗത്തിലും കേരളം കിരീടം നിലനിർത്തി – 123 പോയിന്റ്. ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ എൻ. അബ്ദുല്ല അബൂബക്കർ ഇന്നലെ മീറ്റ് റെക്കോർഡ് തിരുത്തി.

തിരുവനന്തപുരം സായി താരമായ അബ്ദുല്ല അബുബക്കർ 15.91 മീറ്റർ ചാടിയാണു ട്രിപ്പിൾ ജംപിൽ റെക്കോർഡ് സ്വർണം നേടിയത്. 15.90 മീറ്ററാണു പഴയ ദൂരം. കോഴിക്കോട് നാദാപുരം സ്വദേശിയാണ്. 400 മീറ്റർ ഹർഡിൽസിൽ കോട്ടയം സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിലെ എം.പി. ജാബിർ 52.72 സെക്കൻഡിൽ കേരളത്തിനായി സ്വർണം നേടി. ദേശീയ, സംസ്ഥാന മീറ്റുകളിലെ ഹർഡിൽസ്, ഹെപ്റ്റാത്ത്‌ലൺ ജേതാവ് പാലക്കാട്ടുകാരി പി.ജി. അഥീനയുടെ സഹോദരി പി.ജി. അങ്കിത ഹൈജംപിൽ 1.65 മീറ്റർ ചാടി സ്വർണം നേടി.

gold-tripple

സ്വർണം നേടിയ അബ്ദുല്ല അബൂബക്കർ, എം. പി. ജാബിർ, പി. ജി. അങ്കിത എന്നിവർ.

പെൺകുട്ടികളുടെ 4–400 മീറ്റർ റിലേയിൽ കേരളം മീറ്റ് റെക്കോർഡോടെയാണു സ്വർണം നേടിയത്. അഞ്ജലി ജോസ്, ജെറിൻ ജോസഫ്, കെ. സ്നേഹ, ടി.പി. ഷഹർബാന സിദ്ദീഖ് എന്നിവർ ബാറ്റൺ പിടിച്ചു. 3000 മീറ്റർ സ്റ്റീപ്പിൾചെയ്സിൽ ഷിജോ രാജൻ വെള്ളി. 4–400 മീറ്റർ റിലേയിൽ സനു സാജൻ, പി.കെ. റാഷിദ്, സി. ജിതേഷ്, ആർ. രാഹുൽ രാജ് എന്നിവരടങ്ങിയ ടീമും കേരളത്തിനായി വെള്ളി നേടി.

relay-women

4-400 മീറ്ററിൽ കേരളത്തിനായി സ്വർണം നേടിയ ടീമിലെ ഷഹർബാന സിദ്ദീഖ്, കെ. സ്നേഹ, ജെറിൻ ജോസഫ്, അഞ്ജലി ജോസ് എന്നിവർ.

വെങ്കലനേട്ടം: അബിത മേരി മാനുവൽ (800 മീ), അനുമോൾ തമ്പി (3000 മീ), എയ്ഞ്ചൽ ജയിംസ് (2000 മീ സ്റ്റീപ്പിൾ ചെയ്സ്), ലിബിയ ഷാജി (ഹൈജംപ്). പുരുഷ ഹോർമോൺ വിവാദത്തിൽനിന്നു മോചിതയായി എത്തിയ ഒഡീഷ താരം ദ്യുതി ചന്ദ് 200 മീറ്ററിൽ സ്വർണം നേടി തിരിച്ചുവരവ് നടത്തി. 24.03 സെക്കൻഡിലാണു ദ്യുതി ഒന്നാമതെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here