മലപ്പുറം ∙ തമിഴ്നാട്ടുകാരുടെ ‘കാലിക്കൊള്ള’യിൽ കഴിഞ്ഞ എട്ടു മാസത്തിനിടയിൽ കേരളത്തിലെ കന്നുകാലി കച്ചവടക്കാർക്കു നഷ്ടമായത് ഏകദേശം ഒൻപതു കോടി രൂപ. അയൽസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു കൊണ്ടുവരുന്ന അറവുമാടുകളെ മൃഗക്ഷേമസമിതിയുടെ പേരുപറഞ്ഞു തമിഴ്നാട്ടിലെ ചില സംഘങ്ങൾ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് കാലിക്കച്ചവടക്കാരുടെ ആരോപണം. ഇത്തരത്തിൽ 115 ലോഡുകൾ കച്ചവടക്കാർക്കു നഷ്ടപ്പെട്ടു. ഇതിൽ തിരിച്ചുകിട്ടിയതു രണ്ടു ലോഡ് മാത്രം.

പിടിച്ചെടുത്ത കാലികളെ തിരിച്ചുകൊണ്ടുവരാൻ കോയമ്പത്തൂർ പൊലീസിനെ കൂട്ടി പോയപ്പോൾ കലാപസമാനമായ അന്തരീക്ഷമുണ്ടാക്കി കച്ചവടക്കാരെ ഗ്രാമീണർ വിരട്ടിയതായും സംഭവത്തിനു ദൃക്സാക്ഷികളായ മലയാളികൾ പറയുന്നു. ഒരു ലോഡിൽ 30 കാലികളാണ് ഉണ്ടാവുക. വാഹനങ്ങൾ ഹൈവേയിലൂടെ വരുമ്പോൾ ബൈക്കിൽ പിന്തുടരും. പിന്നീട് വണ്ടി തടഞ്ഞു ഡ്രൈവർമാരെ ആക്രമിക്കും. കയ്യിലുള്ള പണവും മൊബൈൽ ഫോണും പിടിച്ചുവാങ്ങി അടിച്ചോടിക്കും. മതിയായ രേഖകളില്ലാതെ കന്നുകാലികളെ വാഹനത്തിൽ കുത്തിനിറച്ചു കൊണ്ടുവന്നെന്നാരോപിച്ച് പിന്നീട് ഇവർക്കെതിരെ കേസെടുക്കും.

കേസാകുന്നതോടെ മാടുകളെ ഗോശാലയിലേക്കു മാറ്റാൻ ഉത്തരവിറങ്ങും. കോയമ്പത്തൂരിൽ ഒരു സ്വകാര്യവ്യക്തിയുടെ ഗോശാലയിലേക്കാണ് ഇത്തരത്തിൽ പിടിച്ചെടുത്ത കാലികളെ മാറ്റിയതെന്നു കന്നുകാലി വ്യാപാരി ക്ഷേമസമിതി നേതാക്കളായ കല്ലിങ്ങൽ മുഹമ്മദ്കുട്ടി, കുരിക്കൾ ഷിഹാബ്, പി. വീരാൻഹാജി എന്നിവർ പറഞ്ഞു. ഈ കന്നുകാലികളെ മറിച്ചുവിറ്റാണു തട്ടിപ്പുസംഘം പണമുണ്ടാക്കുന്നത്.

അടുത്തയിടെ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുമായി അത്തരമൊരു ഗോശാലയിലേക്കു കാലികളെ തിരിച്ചുപിടിക്കാൻ പൊലീസ് സന്നാഹവുമായി കുറച്ചു വ്യാപാരികൾ പോയി. എന്നാൽ, ഗോശാല സൂക്ഷിപ്പുകാർ അവിടെയുള്ള വൈക്കോൽ കൂനയ്ക്കു തീയിട്ടു. ഗ്രാമവാസികൾ സംഘടിച്ച് വ്യാപാരികളെ ഓടിച്ചുവിട്ടു. ഗ്രാമീണരെ ആക്രമിച്ചെന്നാരോപിച്ചു വ്യാപാരികൾക്കെതിരെ കേസ് കൊടുക്കുകയും ചെയ്തുവത്രെ. പ്രശ്നം അവസാനിപ്പിക്കാൻ തമിഴ്നാട് സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടു കോയമ്പത്തൂരിൽ പ്രകടനം നടത്തിയ കേരളത്തിലെ കന്നുകാലി വ്യാപാരികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here