തെ‍ാഴിലുറപ്പുപദ്ധതിയിൽ തെ‍ാഴിലാളികളുടെ ചെറുസംഘങ്ങൾ രൂപീകരിച്ചു സംസ്ഥാനത്തു തരിശുഭൂമിയിൽ പാട്ടക്കൃഷി ആരംഭിക്കുന്നു. കാർഷിക മേഖലയിലെ തെ‍ാഴിലാളിക്ഷാമം പരിഹരിക്കാനും ഭക്ഷ്യവിള ഉൽപാദനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണു പദ്ധതി. തെ‍ാഴിലാളി സംഘങ്ങൾ ചെറുകിട–നാമമാത്ര കർഷകരുടെ കൈവശമുളള തരിശുഭൂമി ഏറ്റെടുത്താണു കൃഷിയിറക്കുക. തെ‍ാഴിലുറപ്പു പദ്ധതിയിലെ 100 ദിവസത്തെ തെ‍ാഴിലിനു പുറമേ അവർക്കു സ്വന്തം നിലയിൽ തെ‍ാഴിലെടുക്കാൻ ഇതുവഴി കഴിയും. തെ‍ാഴിലുറപ്പു നടത്തിപ്പു കൂടുതൽ കാര്യക്ഷമമാക്കുന്നതു സംബന്ധിച്ചു മുൻ എംഎൽഎ എം. മുരളി അധ്യക്ഷനായ സമിതിയുടെ ശുപാർശയനുസരിച്ചാണു തരിശുഭൂമിയിൽ പാട്ടക്കൃഷിക്കു സർക്കാർ ഉത്തരവായത്.

കൃഷിഒ‍ാഫിസർ, വിഇഒ, വാർഡ് അംഗം, തെ‍ാഴിലാളി സംഘം കൺവീനർ എന്നിവരുൾപ്പെട്ട സമിതി‍യാണു വാർഡ് അടിസ്ഥാനത്തിൽ കൃഷിക്കാവശ്യമായ ഭൂമി കണ്ടെത്തുക. ആദിവാസി ഭൂമി പാട്ടത്തിന് എടുക്കുന്നത് ആദിവാസി തെ‍ാഴിലാളികളുടെ സംഘങ്ങളായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. മൂന്നുവർഷത്തേക്കാണു പാട്ടക്കരാർ. പ്രതീക്ഷിക്കുന്ന ലാഭത്തിന്റെ 20 ശതമാനത്തിൽ അധികമാകരുത് പാട്ടത്തുക.

കരാർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല പഞ്ചായത്തുകൾക്കാണ്. സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ കൈവശമുള്ള തരിശുഭൂമിയും തദ്ദേശസ്ഥാപനങ്ങൾ സംഘക്കൃഷിക്കു ലഭ്യമാക്കണം. അവയുടെ പാട്ടത്തുക അതതു സംഘങ്ങളാണു വഹിക്കേണ്ടത്. അവിദഗ്ധ തെ‍ാഴിലാളികളെ ഉപയേ‍ാഗപ്പെടുത്തി ഒരു തവണ തരിശുഭൂമിയിൽ വികസനപ്രവർത്തനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. മറ്റുകാർഷിക മേഖലകളിലും സംഘത്തിന്റെ സേവനം ഉപയേ‍ാഗിക്കാം.

പാട്ടക്കൃഷിക്കാവശ്യമായ പണം വിഇഒമാരുടെ സഹായത്തേ‍ാടെ ബാങ്കുകളിൽ നിന്നു വായ്പയായി കണ്ടെത്തണം. ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള സംവിധാനം പഞ്ചായത്തുകളുണ്ടാക്കും. ഗ്രൂപ്പ് അംഗങ്ങളിൽ സമ്പാദ്യശീലം വളർത്താനും സംവിധാനമുണ്ട്. അംഗങ്ങൾ നിശ്ചിത കാലയളവിൽ സംഘം തീരുമാനിക്കുന്ന തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം വായ്പകൾ നൽകാനും മറ്റു പ്രവർത്തനങ്ങൾക്കുമാണു ഈ തുക ഉപയേ‍ാഗിക്കേണ്ടത്. സഞ്ചിത നിധി രൂപീകരിക്കാൻ സംഘത്തിനു തദേശസ്ഥാപനങ്ങൾ സഹായധനം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here